പാക്കിസ്താനില്‍ നടക്കുന്ന അന്താരാഷ്ട ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിലേക്ക് ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ചിത്രവും

ശ്രീചേതാ ദാസ് (വലത്തേ അറ്റം)
ശ്രീചേതാ ദാസ് (വലത്തേ അറ്റം)

ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ഉറപ്പിക്കാന്‍ ഇരു രാജ്യങ്ങളും എന്തൊക്കെ ചെയ്തുകാണും. സത്യജിത് റായ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ ശ്രീചേത ദാസ് നിര്‍മിച്ച ഡോക്യുമെന്ററി ഒരു പക്ഷെ  ഈ സാംസ്‌കാരിക ബന്ധം ഒന്നൂകൂടി ഊട്ടിയുറപ്പിച്ചേക്കാമെന്നാണ് ചലചിത്ര സാംസ്‌കാരിക ലോകം ഉറ്റുനോക്കുന്നത്. 

അടുത്തമാസം മുതല്‍ ലാഹോറില്‍ നടക്കുന്ന പത്താമത് വശാക് ഇന്റന്‍നാഷണല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ ശ്രീചേത നിര്‍മിച്ച ശങ്ക്രെയ്ല്‍ സൂപ്പര്‍സ്റ്റാര്‍സ് എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.
പശ്ചിമ മിഡ്‌നാപൂര്‍ ശങ്ക്രെയ്‌ലുള്ള പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനെ കുറിച്ചാണ് ഡോക്യുമെന്ററി. ഈ പെണ്‍കുട്ടികളുടെയും അവരുടെ ഫുട്‌ബോള്‍ ടീമിന്റെയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെയും അതിജീവനത്തിന്റെയും കഥപറയുന്ന ഡോക്യുമെന്ററി ഇതിനോടകം തന്നെ ചര്‍ച്ചയായിരുന്നു. 

സാംസ്‌കാരിക കലാ പ്രവര്‍ത്തകരെപ്പോലും ഇരു രാജ്യങ്ങളും പരസ്പരം തടയുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്ന സാമൂഹിക സ്ഥിതിയാണ് ഇന്നിവിടെയുള്ളത്. അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും വകവയ്ക്കാതെയാണ് ഇപ്പോള്‍ ചിത്രത്തിനും സംവിധായികയ്ക്കും പാകിസ്ഥാനിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇനിയങ്ങോട്ട് എങ്ങനെയാണെന്ന കാര്യത്തില്‍ ശ്രീചേതയ്ക്കും ടീമംഗങ്ങള്‍ക്കും ഇപ്പോഴും ആശങ്കയാണ്.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ത്തകളില്‍ ഇടംനേടിയ സ്ഥലം കൂടിയായിരുന്നു ഡോക്യുമെന്ററിയുടെ പശ്ചാത്തലമായിട്ടുള്ള പ്രദേശം. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഈ ടീമംഗങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ത്തിട്ടുണ്ട്. 2014ല്‍ സുബ്രതോ കപ്പ് ഇന്റര്‍നാഷനല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബംഗാളിനെ പ്രതിനിധീകരിക്കാനും ഇവര്‍ക്ക് കഴിഞ്ഞതായി ദാസ് പറഞ്ഞു. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് ശ്രീചേത ഡോക്യുമെന്ററികളുടെ ജോലികള്‍ തുടങ്ങുന്നത്. ഫിലിം സ്‌കൂളിലെ സുഹൃത്തുക്കളായ നവോമി അലാം, പ്രദീപ് സിങ് സൈനി, വിഭവ് നിഗം, പോള്‍ മാത്യു എന്നിവരും കൂടെയുണ്ടായിരുന്നു. സഹോദരിമാരായ മുക്തയുടെയും മംമ്ത ഹന്‍സ്ദയുടെയും ജീവിതം അടിസ്ഥാനമാക്കിയാണ് കഥ തുടങ്ങുന്നത്. പതിനെട്ടുകാരിയായ മുക്ത മധ്യമിക് പരീക്ഷ പൂര്‍ത്തിയാക്കിയിട്ടേ ഉണ്ടായിരുന്നുള്ളു. തന്റെ അനിയത്തി മംമ്തയുടെ പത്താം ക്ലാസ് കഴിഞ്ഞാല്‍ ഒരിക്കല്‍ ഞങ്ങള്‍ നഗരത്തിലെത്തും സ്ത്രീകളുടെ കൊല്‍ക്കത്ത മാച്ചില്‍ പങ്കെടുക്കുകയും ചെയ്യുമെന്ന് മുക്ത പറയുന്നു.

ഒരു ആദിവാസി പെണ്‍കുട്ടി ഫുട്‌ബോള്‍ കളിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒന്നാമത് ആണ്‍കുട്ടികള്‍ അവളെ കളിയാക്കും വേറെയും ഒരുപാട് കാരണങ്ങള്‍.. ഇന്ന് എന്റെ സിനിമ പാകിസ്ഥാനിലേക്ക് പോവുകയാണ്. എന്നാല്‍ ഒരുനാള്‍ ഞങ്ങളുടെ ഫുട്‌ബോള്‍ ടീം തന്നെ അങ്ങോട്ട്് പോകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്... മുക്തയുടെ വാക്കുകളാണ്. 

ലാഹോറില്‍ ഏപ്രില്‍ 27നും 28നുമാണ് പരിപാടി നടക്കുന്നത്. യുവാക്കളുടെ പ്രശ്‌നങ്ങള്‍, മനുഷ്യാവകാശം, തുല്യ പൗരത്വാവകാശം, ലിംഗ സമത്വം, മത സഹിഷ്ണുത തുടങ്ങിയ ഒരുപാട് വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള ചിത്രമായതിനാല്‍ പലമേഖലയില്‍ നിന്നുള്ള വിവാദത്തിനും ചര്‍ച്ചകള്‍ക്കും ഇടയായേക്കാം ദാസും അവളുടെ ഡോക്യുമെന്ററിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com