വെളുത്ത തിരശ്ശീലയിലെ കറുത്ത ചിത്രങ്ങള്‍

മലയാള ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം: ഒരു രാഷ്ട്രീയ അവലോകനം
വെളുത്ത തിരശ്ശീലയിലെ കറുത്ത ചിത്രങ്ങള്‍

അരികുജീവിതങ്ങള്‍ ഇത്രമേല്‍ മലയാളസിനിമയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വര്‍ഷം ഇതിനുമുമ്പായിട്ടില്ല. ഫിലിംജൂറി തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കഥ പറയുന്നതാണ്. സവര്‍ണ്ണമേധാവിത്വബിംബങ്ങള്‍ ദൃശ്യഭാഷയില്‍ ആധിപത്യമുറപ്പിച്ചിരുന്ന ഭൂതകാലത്തില്‍നിന്നും സമകാലീന രാഷ്ട്രീയസാഹചര്യത്തിന്റെ അംശങ്ങള്‍ കഥകളാകുന്ന ചിത്രങ്ങള്‍ ഇക്കുറി അനവധിയായിരുന്നു. തമിഴില്‍ ഇത്തരം പരീക്ഷണങ്ങള്‍ ഏറെയുണ്ടായിട്ടുണ്ടെങ്കിലും മലയാള സിനിമയിലേക്ക് കടന്നുവരുന്നത് ഇത്തവണയാണെന്നു മാത്രം.
സുബ്രഹ്മണ്യപുരം സിനിമയുടെ സംവിധായകന്‍ ശശികുമാര്‍ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി; ''താഴ്‌വാരം പോലെയുള്ള മലയാള സിനിമകള്‍ കണ്ടാണ് ഞാന്‍ സിനിമ പഠിക്കുന്നത്'' എന്ന്. മലയാളസിനിമയില്‍ ഇത്തരം കഥകളുണ്ടായിട്ടുണ്ടെങ്കിലും നായകസങ്കല്‍പം ഉയര്‍ന്നുനില്‍ക്കുകയായിരുന്നു.
ലോഹിതദാസിന്റെ കഥകളിലാണ് കൂടുതലായി പിന്നീട് സാധാരണക്കാരന്റെ കഥ പറഞ്ഞിരുന്നത്. അമരം, മൃഗയ തുടങ്ങിയ ചിത്രങ്ങളിലെല്ലാം നായകനും കഥയും പാര്‍ശഅവവത്കരിക്കപ്പെട്ടവരുടെ ജീവിതമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അവരുടെ രാഷ്ട്രീയത്തെ അത്രകണ്ട് ഉയര്‍ത്തിക്കാട്ടാന്‍ സാധിച്ചതുമില്ല.

2016ല്‍ ഇറങ്ങിയ മലയാള സിനിമകളില്‍ നിരവധിയാണ് പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ കഥകളുള്ളത്. മാന്‍ഹോള്‍, ആറടി, കമ്മട്ടിപ്പാടം, ഗപ്പി, ആള്‍രൂപങ്ങള്‍, മഹേഷിന്റെ പ്രതികാരം, കിസ്മത്ത്, കാട് പൂക്കുന്ന നേരം, ഡഫേദാര്‍, പതിനൊന്നാം സ്ഥലം, കറുത്ത ജൂതന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നേരിട്ടും അല്ലാതെയും പാര്‍ശ്വവത്കൃത സമൂഹത്തിന്റെ കഥയാണ് പറയുന്നത്. 2016ലെ മലയാള സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അതിലും ഇതിന്റെ പരിഛേദം കാണാവുന്നതാണ്. 
മികച്ച സിനിമയായി തിരഞ്ഞെടുത്ത മാന്‍ഹോള്‍, തോട്ടിപ്പണിയെടുത്തു ജീവിക്കുന്നവരുടെ കഥയാണ് പറയുന്നത്. മലയാളസിനിമകളിലും അരികുകഥാപാത്രങ്ങളായിമാത്രം വന്നിരുന്ന സമൂഹത്തെക്കുറിച്ചാണ് ഈ സിനിമയില്‍ പ്രതിപാദിക്കുന്നത്. ഇതേ ചിത്രം സംവിധാനം ചെയ്ത വിധുവിന്‍സെന്റിനുതന്നെയാണ് മികച്ച സംവിധായകയ്ക്കുള്ള അവാര്‍ഡും ലഭിച്ചത്.


മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വിനായകനും മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ട മണികണ്ഠനും അവാര്‍ഡ് നേടിക്കൊടുത്തത് കമ്മട്ടിപ്പാടം എന്ന ചിത്രമായിരുന്നു. കമ്മട്ടിപ്പാടം എന്ന കൊച്ചിയിലെ അരികുജനതയുടെ കഥയിലെ ജീവിതങ്ങളെ സ്വന്തം അനുഭവത്തില്‍നിന്നുംതന്നെയാണ് വിനായകന്‍ എന്ന നടന്‍ ഉള്‍ക്കൊണ്ടത്. ഇപ്പോഴും കമ്മട്ടിപ്പാടത്തിലേതുപോലെ ഇരുണ്ടുപോയ ഒരു സമൂഹത്തിന്റെ പ്രതിനിധിയ്ക്കു തന്നെയാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. പരമ്പരാഗത അവാര്‍ഡ് ശീലങ്ങളില്‍നിന്നും മാറി വിനായകന് അവാര്‍ഡ് കൊടുത്തതിന്റെ പിന്നില്‍ സോഷ്യല്‍മീഡിയ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരളത്തിലാകെ ഉയര്‍ന്നുവരുന്ന ദളിത് അവകാശ പോരാട്ടങ്ങളുടെ പ്രതിഫലനം തന്നെയാണ് വിനായകന്‍ ചെയ്ത ഗംഗ എന്ന ക്യാരക്ടറിനെ സ്വീകരിച്ചതിനും അവാര്‍ഡ് നിര്‍ണ്ണയങ്ങളില്‍ ഉള്‍പ്പെടുത്തിയതിന്റെയും അടിസ്ഥാനം. നായകന്‍ അല്ല സഹനടനാണ് വിനായകനെന്ന് ജൂറിയ്ക്ക് വാദിക്കാമായിരുന്നുവെങ്കിലും ജൂറി അത് ചെയ്യാതിരുന്നതിനു കാരണം പ്രത്യക്ഷമല്ലാത്ത പൊതു ഇടപെടലുകള്‍ അത്രമേലുണ്ടായതുകൊണ്ടാണ്.


കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ച മണികണ്ഠന്‍ അവതരിപ്പിച്ച ബാലേട്ടന്‍ എന്ന കഥാപാത്രം ഗംഗയുടെ ചേട്ടനാണ്. മാത്രമല്ല, അരികുജീവിതത്തിലെ ഇരുണ്ട നിറങ്ങളില്‍ പെട്ട് ഇല്ലാതാക്കപ്പെട്ട കഥാപാത്രമാണ്. കമ്മട്ടിപ്പാടത്തിന് മറ്റൊരു അവാര്‍ഡ് നേടിക്കൊടുത്തത് എഡിറ്റിംഗിനാണ്. കമ്മട്ടിപ്പാടത്തില്‍ ഒരു എഡിറ്റര്‍ എന്ന നിലയിലുള്ളതിനേക്കാള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ അവകാശവും സ്വാതന്ത്രവുമുള്ള ബി. അജിത് കുമാറിനാണ് ഈ അവാര്‍ഡ്. ബി. അജിത്കുമാര്‍ എന്ന വ്യക്തിയുടെ രാഷ്ട്രീയബോധംകൂടി ആ ചിത്രത്തിലുണ്ട് എന്ന് വളരെ അടുത്ത അറിയുന്ന ആളുകള്‍ക്ക് മനസ്സിലാകും. മികച്ച ആര്‍ട്ട് ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് കൂടി ഗോകുല്‍ദാസ്, എസ്. നാഗരാജ് എന്നിവരിലൂടെ കമ്മട്ടിപ്പാടം നേടി.


മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ഒറ്റയാള്‍ പാതയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ രാഷ്ട്രീയമല്ല പറയുന്നതെങ്കിലും കഥാപാത്രങ്ങളുടെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു ചരിത്രമുണ്ടെന്ന് മനഃപൂര്‍വ്വം കഥാകൃത്ത് എഴുതിച്ചേര്‍ക്കുന്നുണ്ട്. സഹോദരങ്ങളായ സന്തോഷ് ബാബുസേനനും സതീഷ് ബാബുസേനനും ചേര്‍ന്നാണ് ഒറ്റയാള്‍പാത സംവിധാനം ചെയ്തത്. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഒറ്റയാള്‍പ്പാതയിലെ അഭിനയത്തിന് കലാധരനായിരുന്നു.


മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ ചേതന്‍ ജയലാല്‍ അവതരിപ്പിച്ച കഥാപാത്രവും പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ്. ആ സമൂഹത്തിന്റെ രാഷ്ട്രീയവും ഈ കഥയില്‍ വ്യക്തമായി കയറിവരുന്നുണ്ട്. ഗപ്പിയുടെ പേരില്‍ ഗിരീഷ് ഗംഗാധരന് ജ്യൂറിയുടെ പ്രത്യേക പരാമര്‍ശവുമുണ്ടായി. മികച്ച കോസ്റ്റിയൂം ഡിസൈനറായി സ്‌റ്റെഫി സേവ്യറും മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി വിജയ് മോഹന്‍ മേനോനും ഗപ്പിയ്ക്ക് അവാര്‍ഡുകള്‍ നേടിക്കൊടുത്തു.

മികച്ച കഥയ്ക്കുള്ള അവാര്‍ഡ് നേടിയത് നടനുംകൂടിയായ സലിംകുമാറാണ്. കറുത്ത ജൂതന്‍ എന്ന സിനിമയുടെ കഥയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. ഫോര്‍ട്ടുകൊച്ചിയിലുള്ള വെളുത്ത ജൂതന്മാരെക്കുറിച്ചല്ല, മാളയിലേക്ക് കുടിയേറിയ കറുത്ത ജൂതന്മാരെക്കുറിച്ചാണ് സിനിമ പറയുന്നത്. കറുപ്പിന്റെ രാഷ്ട്രീയം കറുത്ത ജൂതന്മാരില്‍ പ്രത്യക്ഷമായിത്തന്നെ കടന്നുവരുന്നുണ്ട്.


മികച്ച ഛായാഗ്രഹനായി എം.ജെ. രാധാകൃഷ്ണന് അവാര്‍ഡ് നേടിക്കൊടുത്തത് കാടുപൂക്കുന്ന നേരം എന്ന ചിത്രമാണ്. ഡോ. ബിജു സംവിധാനം ചെയ്ത കാടുപൂക്കുന്ന നേരം എന്ന ചിത്രത്തില്‍ ക്യാമറയ്ക്ക് പ്രത്യേകം റോളുണ്ടായിരുന്നു. അത് ഭംഗിയായി അവതരിപ്പിക്കാന്‍ എം.ജെ. രാധാകൃഷ്ണന്റെ ക്യാമറക്കണ്ണുകള്‍ക്കായി. കാടുപൂക്കുന്ന നേരം മാവോയിസ്റ്റായ ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. പ്രത്യക്ഷമല്ലാതെ ഇതില്‍ ആദിവാസി ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കാട് ഒരു കഥാപാത്രമായി സിനിമയില്‍ ചേര്‍ക്കാന്‍ എം.ജെ. രാധാകൃഷ്ണന്‍ എന്ന ക്യാമറാമാന് സാധിച്ചു. മലയാള സിനിമയില്‍ കാട് വന്നിട്ടുണ്ടെങ്കിലും കാടിനെ ഇത്രമേല്‍ കഥാപാത്രമായി മാറ്റപ്പെടുന്നത് കാടുപൂക്കുന്ന നേരത്തിലാണ്. മികച്ച സിങ്ക് സൗണ്ട് എഞ്ചിനീയര്‍ക്കുള്ള അവാര്‍ഡ്, മികച്ച സൗണ്ട് മിക്‌സിംഗ്, സൗണ്ട് ഡിസൈനര്‍, കളറിസ്റ്റ് എന്നീ അവാര്‍ഡുകള്‍കൂടി കാടു പൂക്കുന്ന നേരത്തിനായിരുന്നു. സൗണ്ട് മിക്‌സിംഗിന് പ്രമോദ് തോമസും സിങ്ക് സൗണ്ട് എന്‍ജിനീയറായും സൗണ്ട് ഡിസൈനറായും ജയദേവനും അവാര്‍ഡുകള്‍ സ്വന്തമാക്കി.


നവാഗത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് കിസ്മത്തിലൂടെ ഷാനവാസ് ബാവക്കുട്ടിക്കായിരുന്നു. ദളിത് രാഷ്ട്രീയം കൃത്യമായി പറയുന്ന കിസ്മത്ത് മികച്ച പ്രണയസിനിമയ്ക്കപ്പുറം മികച്ച രാഷ്ട്രീയസിനിമകൂടിയാണ്. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായ ആറടി എന്ന സിനിമയുടെ കഥാകൃത്ത് ഇ. സന്തോഷ്‌കുമാറും പങ്കുവയ്ക്കുന്നത് പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ കഥ തന്നെയാണ്.

മികച്ച കഥാകൃത്തിനുള്ള അവാര്‍ഡ് നേടിയത് ശ്യാംപുഷ്‌കര്‍ ആണ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ശ്യാം പുഷ്‌കര്‍ ഈ പുരസ്‌കാരം നേടിയത്. മഹേഷിന്റെ പ്രതികാരം പരമ്പരാഗത നായക, കഥാപാത്ര സങ്കല്‍പങ്ങളില്‍നിന്നും തിരിഞ്ഞുനടക്കുന്ന ചിത്രമാണ്. സാധാരണക്കാരന്റെ ജീവിതവും കഥയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇടുക്കി ഒരു കഥാപാത്രമായിത്തന്നെ ചിത്രത്തില്‍ വരുന്നുണ്ട്. മണ്ണിന്റെ മണമുള്ള ഇടുക്കിയെയും കഥാപാത്രങ്ങളെയുമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതും ഒരു പാര്‍ശ്വവത്കൃത സമൂഹത്തിന്റെ കഥയായി വായിക്കാവുന്നതാണ്. സിനിമാലേഖനത്തിനുള്ള അവാര്‍ഡ് നേടിയ എന്‍.പി. സജീഷിന്റെ ലേഖനത്തിനുപോലുമുണ്ട് ദളിത് രാഷ്ട്രീയം. വെളുത്ത തിരശ്ശീലയുടെ കറുത്ത ഉടലുകള്‍ എന്ന ലേഖനത്തിനായിരുന്നു അവാര്‍ഡ്.
സമകാലീന കേരള സാഹചര്യം സിനിമകളിലേക്ക് ചേക്കേറുകയാണ്. പരമ്പരാഗത മാധ്യമങ്ങളില്‍ നിന്നും മാറി സോഷ്യല്‍ മീഡിയകളുടെ പുതിയ പ്രകാശനരീതികള്‍ വന്നതോടെ ആളുകള്‍ രാഷ്ട്രീയപ്രബുദ്ധതയും സഹജീവി സ്‌നേഹവും പ്രകടിപ്പിക്കുന്നുണ്ട്. ഈ മാറ്റം സിനിമകളിലേക്കും കാണുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com