ബാഹുബലി ഹോളിവുഡിനെ തോല്‍പ്പിച്ചത് ഇങ്ങനെയൊക്കെയാണ്

അമേരിക്കയുടെ ചരിത്രത്തില്‍ ഒരു വിദേശചിത്രത്തിന്റെ മൂന്നാമത്തെ കളക്ഷന്‍ മുന്നേറ്റമാണിത്. 2004ല്‍ ചൈനീസ് ചിത്രമായ ഹീറോയും 2006ല്‍ ജെറ്റ്‌ലിയുടെ ഫിയര്‍ലെസുമാണ് ഈ റെക്കോഡില്‍ ബാഹുബലിക്കു മുന്നിലുള്ളത്
ബാഹുബലി ഹോളിവുഡിനെ തോല്‍പ്പിച്ചത് ഇങ്ങനെയൊക്കെയാണ്


കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനെന്ന് അറിയാന്‍ നമ്മള്‍ ഇന്ത്യക്കാര്‍ മാത്രമല്ല പണം വാരിയെറിഞ്ഞത്. ടോം ഹാങ്ക്‌സിന്റേത് ഉള്‍പ്പെടെയുള്ള ഹോളിവുഡ് സിനിമകള്‍ വേണ്ടെന്നു വച്ച് അമേരിക്കക്കാരും രണ്ടാം ബാഹുബലിയെക്കാണാന്‍ എത്തിയെന്നാണ് കണക്കുകള്‍. ഒരു ഇന്ത്യന്‍ സിനിമയുടെ സമാനതകളില്ലാത്ത ഈ വിജയം അമേരിക്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു.

ചിത്രം ഇറങ്ങിയ ആദ്യ ആഴ്ചയില്‍ 10.3 ദശലക്ഷം കളക്ഷന്‍ നേടിയ ബാഹുബലി രണ്ട് അമേരിക്കയില്‍ മൂന്നാം സ്ഥാനത്ത് ആണെന്നാണ് കണക്കുകള്‍. ഡ്രീംവര്‍ക്‌സ് ആനിമേഷന്റെ ബോസ് ബേബി, ടോം ഹാങ്ക്‌സിന്റെ ദ സര്‍ക്കിള്‍ എന്നിവയൊക്കെ ബാഹുബലിക്കു പിന്നിലായി. അമേരിക്കന്‍ ജനസംഖ്യയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യക്കാര്‍ എന്നതും രാജ്യത്ത് ആകെ 425 സ്‌ക്രീനുകളില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത് എന്നതും കണക്കിലെടുക്കുമ്പോള്‍ ബാഹുബലിയുടെ നേട്ടം അത്ഭുതപ്പെടുത്തുന്നതാണ് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ വിലയിരുത്തല്‍. ഏപ്രില്‍ 28ന് തുടങ്ങിയ ആഴ്ചയിലെ കളക്ഷന്‍ കണക്കില്‍ ദി ഫെയ്റ്റ് ഒഫ് ദ ഫുറിയസ് ആണ് ടോപ്പ് ചിത്രം. 4,077 സ്‌ക്രീനുകളിലാണ്  ചിത്രം പ്രദര്‍ശിപ്പിച്ചത്. ഒരു സ്‌ക്രീനിന് ശരാശരി കളക്ഷന്‍ 4890 ഡോളര്‍. 425 സ്‌ക്രീനുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ച ബാഹുബലിയുടെ ശരാശരി 24,364 ഡോളറാണ്.

അമേരിക്കയുടെ ചരിത്രത്തില്‍ ഒരു വിദേശചിത്രത്തിന്റെ മൂന്നാമത്തെ കളക്ഷന്‍ മുന്നേറ്റമാണിത്. 2004ല്‍ ചൈനീസ് ചിത്രമായ ഹീറോയും 2006ല്‍ ജെറ്റ്‌ലിയുടെ ഫിയര്‍ലെസുമാണ് ഈ റെക്കോഡില്‍ ബാഹുബലിക്കു മുന്നിലുള്ളത്. 

പാട്ടും നൃത്തയും സംഘട്ടനവുമൊക്കെയുളള ബാഹുബലി പോലെയുള്ള വിദേശചിത്രങ്ങള്‍ സാധാരണഗതിയില്‍ യുഎസ് സിനിമാ പ്രേമികളെ ആകര്‍ഷിക്കാറില്ലെന്നാണ് ചലച്ചിത്ര രംഗത്തുള്ളവര്‍ പറയുന്നത്. അത്തരം ചിത്രങ്ങള്‍ ഹോളിവുഡില്‍ തന്നെ, കൂടുതല്‍ സാങ്കേതിക പെര്‍ഫെക്ഷനോടെ വരുന്നുണ്ട്. ആര്‍ട്ട് ഹൗസ് ചിത്രങ്ങള്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന സിനിമകളാണ് വിദേശത്തുനിന്ന് അമേരിക്കയില്‍ കാണികളെ ആകര്‍ഷിക്കാറുള്ളത്. ഇതില്‍ ഒരു മാറ്റമാണ് ബാഹുബലി കൊണ്ടുവന്നിരിക്കുന്നതെന്ന് അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com