'എന്റെ പ്രതിഫലത്തില്‍ ഞാന്‍ പൂര്‍ണ്ണതൃപ്ത', ദീപിക പദുക്കോണ്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2017 12:00 AM  |  

Last Updated: 01st November 2017 11:26 AM  |   A+A-   |  

DEEPIKA

ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ പത്മാവതി വ്യത്യസ്ത കാരണങ്ങള്‍കൊണ്ട് വലിയ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനവും പുറത്തിറങ്ങിയപ്പോള്‍ തന്നെ ദീപികയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു. ഇതിനിടയിലാണ് പത്മാവതിയിലെ ദീപികയുടെ പ്രതിഫലവും ചര്‍ച്ചയായത്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് പൂര്‍ണ്ണവിരാമമിടാന്‍ നടി തന്നെ രംഗത്തെത്തികഴിഞ്ഞു. ലഭിക്കുന്ന പ്രതിഫലത്തില്‍ താന്‍ തപ്തയാണെന്നാണ് ദീപികയുടെ പ്രതികരണം. പത്മാവതിയുടെ 3ഡി ലോഞ്ചില്‍ പങ്കെടുക്കവെയാണ് ദീപിക തന്റെ പ്രതിഫലത്തിലെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. 

'പത്മാവതിയുടെ സംവിധായകനേയും നിര്‍മാതാവിനെയും പോലെയുള്ള വ്യക്തികള്‍ ഇത്തരത്തിലൊരു ചിത്രത്തിനും അതിന്റെ പോസ്റ്ററിനുമായി നിക്ഷേപിച്ചതില്‍ എനിക്ക് വളരെ അഭിമാനം ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ പ്രോത്സാഹനം തന്നെയാണ്. ബഡ്ജറ്റിന്റെയും റിസോഴ്‌സസിന്റെയും കാര്യത്തില്‍ മാത്രമല്ല സിനിമയുടെ പോസ്റ്റര്‍ പോലും ഈ ചിത്രത്തെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ചിത്രമാക്കി മാറ്റുന്നതാണ്. എന്നെസംബന്ധിച്ചിടത്തോളം ഇത് ഇന്ത്യന്‍ സിനിമയുടെ വഴിത്തിരിവായിരിക്കും,' ദീപിക പത്മാവതിയെകുറിച്ച് പറയുന്നു.

സൗന്ദര്യത്തെകുറിച്ച് ഒരു പ്രത്യേക തരത്തില്‍ മാത്രം ചിന്തിക്കുന്ന രീതിയില്‍ സ്ത്രീകളെ ചിട്ടപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പത്മാവതിയിലെ എന്റെ ലുക്കില്‍ ഞാന്‍ സന്തുഷ്ടയാണ്. ശാരീരിക സൗന്ദര്യത്തിനും അപ്പുറമാണ് പത്മാവതിയുടെ സൗന്ദര്യം. അവളുടെ മനസ്സും, ആത്മാവും അതുപോലെതന്നെ അവളുടെ ജനത്തിന് അവള്‍ എന്താണെന്നതുമാണ് പത്മാവതിയുടെ സൗന്ദര്യം. അതുകൊണ്ടാണ് അവള്‍ ആരാധിക്കപ്പെടുന്നത്. ദീപിക കൂട്ടിച്ചേര്‍ക്കുന്നു.

ബജ്‌റാവോ മസ്താനിയിലെ മസ്താനി എന്ന കഥാപാത്രത്തേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു പത്മാവതിയെന്നും ദീപിക പറഞ്ഞു. മസ്താനി ആയുധം കൊണ്ട് കീഴ്‌പ്പെടുത്തുന്ന രാജ്ഞിയായിരുന്നു എന്നാല്‍ ആയുധമൊന്നുമില്ലാതെ പാരമ്പര്യം, സംസ്‌കാരം, പൈതൃകം, സ്‌നേഹം എന്നിവയ്ക്കുവേണ്ടി നിലകൊള്ളുകയാണ് പത്മാവതി ചെയ്യുന്നത്, ദീപിക പറഞ്ഞു.