എസ് ദുര്‍ഗയും ന്യൂഡും ഒഴിവാക്കിയതിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍; ജൂറിയെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചുവിട്ടു 

ഏകപക്ഷീയവും ഫാസിസ്റ്റ് രീതിയിലുള്ളതുമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി
എസ് ദുര്‍ഗയും ന്യൂഡും ഒഴിവാക്കിയതിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍; ജൂറിയെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചുവിട്ടു 

കൊച്ചി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ, രവി ജാധവ് സംവിധാനം ചെയ്ത ന്യൂഡ് എന്നീ ചലച്ചിത്രങ്ങളെ ഇന്ത്യന്‍ പനോരമയില്‍നിന്ന് ഒഴിവാക്കിയതിനെതിരെ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍. ഏകപക്ഷീയവും ഫാസിസ്റ്റ് രീതിയിലുള്ളതുമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് സംവിധായകരായ ആഷിഖ് അബുവും രാജീവ് രവിയും ഉള്‍പ്പെടെ 22 ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

സെക്‌സി ദുര്‍ഗയെയും ന്യൂഡിനെയും പനോരമ സെലക്ഷനില്‍ നിന്ന് ഒഴിവാക്കാനുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഏകപക്ഷീയമായ, ഫാഷിസ്റ്റ് തീരുമാനത്തെ എതിര്‍ക്കുന്നു. ഇതുമൂലം 48ാം അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രങ്ങളുടെ പ്രദര്‍ശനം ഒഴിവാക്കപ്പെടുകയാണ്. സുജോയ്‌ഘോഷിനെ പോലെ ദേശീയഅന്തര്‍ദ്ദേശീയ രംഗത്ത് പ്രശസ്തനായ, വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അധ്യക്ഷനായ ജൂറിയാണ് സെക്‌സി ദുര്‍ഗയും ന്യൂഡും പനോരമ ചിത്രങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്തത്. അതുവഴി, 48ാം അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പ്രാതിനിധ്യമായും. ആ തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. അതിനോടുള്ള പ്രതിഷേധമായി ജൂറി അധ്യക്ഷന്‍ ആ പദവി രാജിവയ്ക്കുക വരെ ചെയ്തു. 2017 ലെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ ജൂറി അപമാനിതരായി ഇറങ്ങിപ്പോയിരിക്കുന്നുവെന്നാണ് ഇതിനര്‍ഥമെന്ന് പ്രസ്താവന പറയുന്നു.
 
അന്തരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട, ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് അഭിമാനമാകേണ്ട രണ്ട് ചിത്രങ്ങള്‍ ഒഴിവാക്കപ്പെടുന്നു എന്നതിനപ്പുറത്തേയ്ക്ക്, ചലച്ചിത്രമേളയിലേയ്ക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിയമിക്കപ്പെടുന്ന സ്വതന്ത്ര ജൂറിയുടെ, തിരഞ്ഞെടുപ്പിനേയും നിലപാടുകളേയും തീരുമാനങ്ങളേയും ചോദ്യം ചെയ്യുന്ന തികച്ചും ഏകാധിപത്യപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ആ നിലപാടിലെ അപലപിക്കുന്നതായും ലിജോ പല്ലിശ്ശേരി, ദിലീഷ് പോത്തന്‍, ഗീതു മോഹന്‍ ദാസ്, റഫീഖ് അഹമ്മദ്, റിമ കല്ലിങ്കല്‍, വികെ ശ്രീരാമന്‍, സൗബിന്‍ സാഹിര്‍, വിധു വിന്‍സെന്റ്, ശ്യാം പുഷ്‌കരന്‍, ഫൗസിയ ഫാത്തിമ, ഷൈജു ഖാലിദ്, മധു നീലകണ്ഠന്‍, ബിജിബാല്‍, ഷഹബാസ് അമന്‍, ബി അജിത് കുമാര്‍, അന്‍വര്‍ അലി, വിഎസ് ഇന്ദു, കെ കമല്‍, സൗമ്യ സദാനന്ദന്‍, ആശ ജോസഫ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com