'ബാഹുബലി'യെ പദ്മാവതി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ നീക്കം; പ്രഭാസിനെ രക്ഷിച്ചത് അമ്മാവന്‍..?

'ബാഹുബലി'യെ പദ്മാവതി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ നീക്കം; പ്രഭാസിനെ രക്ഷിച്ചത് അമ്മാവന്‍..?

ഓള്‍ ഇന്ത്യ ക്ഷത്രിയ മഹാസഭയാണ് പ്രഭാസിനോട് നിലപാട് വ്യക്തമാക്കി രംഗത്തുവരാന്‍ ആവശ്യപ്പെട്ടത്

ഹൈദരാബാദ് : സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രമായ പദ്മാവതിയുമായി ബന്ധപ്പെട്ട വിവാദം രാജ്യത്ത് കത്തിപ്പടരുകയാണ്. ചിത്രത്തിനെതിരെ രജപുത്രരുടെ കര്‍ണി സേനയും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്. വിവാദരംഗങ്ങളുള്ള ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ നിലപാട്. ചിത്രത്തിനെതിരെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്ടന്‍ അമരീന്ദര്‍ സിംഗും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത് സംഘപരിവാര്‍ ശക്തികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. 

അതിനിടെ പദ്മാവതി വിവാദത്തിലേക്ക് ബാഹുബലി താരം പ്രഭാസിനെയും വലിച്ചിഴയ്ക്കാന്‍ ശ്രമം നടന്നു. ഓള്‍ ഇന്ത്യ ക്ഷത്രിയ മഹാസഭയാണ് പ്രഭാസിനോട് നിലപാട് വ്യക്തമാക്കി രംഗത്തുവരാന്‍ ആവശ്യപ്പെട്ടത്. ചിത്രത്തെ അപലപിക്കണമെന്നും, ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെ അണിചേരണമെന്നും പ്രഭാസിനോട് ആവശ്യപ്പെടുകയായിരുന്നു. ക്ഷത്രിയ വംശത്തില്‍പ്പെട്ട ആളാണ് പ്രഭാസ്. അതിനാലാണ് താരത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമം നടന്നത്. 

എന്നാല്‍ പൊതുവേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ മടി കാണിക്കുന്ന പ്രഭാസ് വിലവിലെ വിവാദങ്ങളില്‍ ഇടപെടാതെ മാറിനില്‍ക്കുകയായിരുന്നു. സമ്മര്‍ദ്ദം മുറുകിയതിനെ തുടര്‍ന്ന് പ്രഭാസ് വിഷയത്തില്‍, തെലുഗു സിനിമയിലെ മുതിര്‍ന്ന നടനും രാഷ്ട്രീയ നേതാവുമായ അമ്മാവന്‍ കൃഷ്ണം രാജുവിന്റെ ഉപദേശം തേടി. എന്നാല്‍ വിവാദങ്ങളില്‍ അഭിപ്രായപ്രകടനം നടത്താതെ ഒഴിഞ്ഞുനില്‍ക്കാനായിരുന്നു കൃഷ്ണം രാജുവിന്റെ നിര്‍ദേശം. ഏതു തരത്തിലുള്ള അഭിപ്രായപ്രകടനവും, പുതിയ ചിത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അമ്മാവന്‍ കൃഷ്ണം രാജു പ്രഭാസിനെ അറിയിച്ചു. 

അമ്മാവന്റെ നിര്‍ദേശപ്രകാരം വിവാദങ്ങളില്‍ പ്രതികരിക്കേണ്ടെന്നാണ് പ്രഭാസിന്റെ തീരുമാനം. തെലുഗു സിനിമയിലെ മുന്‍കാല സൂപ്പര്‍ നടന്‍മാരിലൊരാളാണ് കൃഷ്ണം രാജു. റിബല്‍ സ്റ്റാര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. പ്രഭാസിന്റെ സിനിമയിലെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച ആള്‍ കൂടിയാണ് കൃഷ്ണം രാജു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com