മിമിക്രി രംഗത്തെ കിരീടം വയ്ക്കാത്ത രാജാവിന് ആദരാഞ്ജലികള്‍: മഞ്ജു വാര്യര്‍ 

മിമിക്രി രംഗത്തെ കിരീടം വയ്ക്കാത്ത രാജാവിന് ആദരാഞ്ജലികള്‍: മഞ്ജു വാര്യര്‍ 

എന്നും ഒരു ഫോണ്‍വിളിക്കപ്പുറത്തുണ്ടായിരുന്ന, സത്യസന്ധമായി ഉപദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്ന അബിക്ക ഇന്ന് മുതല്‍ ഒരു ഓര്‍മയാണെന്ന് ചിന്തിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല

കൊച്ചി: അന്തരിച്ച മിമിക്രി കലാകാരനും നനടനുമായ കലാഭവന്‍ അബിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മഞ്ജു വാര്യര്‍.  അബിക്കയുടെയും ദിലീപേട്ടന്റെയും നാദിര്‍ഷിക്കായുടെയും കൂട്ടായ്മയില്‍ പിറന്ന 'ദേ മാവേലി കൊമ്പത്തി'ന്റെ എല്ലാ കാസെറ്റുകളും ഒന്നു വിടാതെ മനഃപഠമാക്കിയിരുന്ന ആളാണ് ഞാന്‍ എന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. 

പോസ്റ്റിന്റെ പൂര്‍ണ രൂപം: 

കുട്ടിക്കാലം മുതല്‍ തന്നെ മിമിക്രി കണ്ട് ആസ്വദിക്കാന്‍ തുടങ്ങിയ കാലത്ത് മനസ്സില്‍ പതിഞ്ഞ ഒരു മുഖം. അബിക്ക. താരങ്ങളെ അനുകരിക്കുമ്പോള്‍ ഓരോ താരത്തിന്റെയും ഛായ ആ മുഖത്ത് വരുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. സ്‌കിറ്റുകളിലെ നിഷ്‌കളങ്കത നിറഞ്ഞ ആമിനത്താത്തയുടെ കഥാപാത്രം അബിക്കയുടെ മുഖത്തിലൂടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല നമുക്ക്. അബിക്കയുടെയും ദിലീപേട്ടന്റെയും നാദിര്‍ഷിക്കായുടെയും കൂട്ടായ്മയില്‍ പിറന്ന 'ദേ മാവേലി കൊമ്പത്തി'ന്റെ എല്ലാ കാസെറ്റുകളും ഒന്നു വിടാതെ മനഃപഠമാക്കിയിരുന്ന ആളാണ് ഞാന്‍. നേരിട്ട് പരിചയപ്പെട്ടപ്പോള്‍ എന്റെ ആരാധന നേരിട്ട് അറിയിക്കാനും എനിക്ക് ഉത്സാഹമായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ട് ഇക്കയുടെ മകന്‍ ഷെയ്‌നോടൊപ്പം അഭിനയിച്ച സൈറ ബാനു വിന്റെ ലൊക്കേഷനില്‍ ഏറേ സ്‌നേഹത്തോടെ ഇക്ക ഓടിയെത്തി. എന്നും ഒരു ഫോണ്‍വിളിക്കപ്പുറത്തുണ്ടായിരുന്ന, സത്യസന്ധമായി ഉപദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്ന അബിക്ക ഇന്ന് മുതല്‍ ഒരു ഓര്‍മയാണെന്ന് ചിന്തിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. മിമിക്രി രംഗത്തെ കിരീടം വയ്ക്കാത്ത രാജാവിന് ആദരാഞ്ജലികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com