ബിജെപിക്കാര്‍ വാളെടുത്തിട്ട് കാര്യമില്ല, മെര്‍സരിലെ വിവാദ ഭാഗങ്ങള്‍ മാറ്റില്ലെന്ന് നിര്‍മാതാവ്‌

വിവാദ ഭാഗങ്ങള്‍ സെന്‍സര്‍ ചെയ്ത് മാറ്റില്ല എന്ന് വ്യക്തമാക്കിയതിന് പുറമെ ജിഎസ്ടിയെ വിമര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യില്ലെന്നും നിര്‍മാതാവ്
ബിജെപിക്കാര്‍ വാളെടുത്തിട്ട് കാര്യമില്ല, മെര്‍സരിലെ വിവാദ ഭാഗങ്ങള്‍ മാറ്റില്ലെന്ന് നിര്‍മാതാവ്‌

മെര്‍സലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുകയും മെര്‍സലിന് പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുകയും ചെയ്യുന്നതിന് ഇടയില്‍ സിനിമയിലെ ഒരു വിവാദ ഭാഗവും സെന്‍സര്‍ ചെയ്ത് മാറ്റില്ലെന്ന് വ്യക്തമാക്കി മെര്‍സലിന്റെ നിര്‍മാതാവ്. ബിജെപിയെ പ്രോകോപിപ്പിച്ചിരിക്കുന്ന വിവാദ ഭാഗങ്ങള്‍ സെന്‍സര്‍ ചെയ്ത് മാറ്റില്ല എന്ന് വ്യക്തമാക്കിയതിന് പുറമെ ജിഎസ്ടിയെ വിമര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യില്ലെന്നും നിര്‍മാതാവ് ഹേമ രുക്മിണി പറയുന്നു. 

ശനിയാഴ്ച ബിജെപി നേതാക്കളുമായി രുക്മിണി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലെ ഒരു ഭാഗവും വെട്ടി മാറ്റില്ലെന്ന് ഹേമ രുക്മിണി വ്യക്തമാക്കുന്നത്. 

ഏഴ് ശതമാനം ജിഎസ്ടി വാങ്ങുന്ന സിംഗപ്പൂരില്‍ മരുന്നുകള്‍ സൗജന്യമായി നല്‍കുമ്പോള്‍ 28 ശതമാനം ജിഎസ്ടി വാങ്ങുന്ന നമ്മുടെ രാജ്യത്ത് എന്തുകൊണ്ട് നല്‍കി കൂടാ? 120 കോടി ജനങ്ങളില്‍ 120 പേര്‍ മാത്രം സമ്പന്നരാകുന്നതല്ല വികസനം എന്നെല്ലാമുള്ള മെര്‍സലിലെ ഡയലോഗുകളായിരുന്നു ബിജെപിക്കാരെ പ്രകോപിപ്പിച്ചത്. 

ജോസഫ് വിജയ് എന്ന വിജയുടെ മുഴുവന്‍ പേരും എഴുതിയാണ് സമൂഹമാധ്യമങ്ങളില്‍ വിജയ്‌ക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നത്. ആരാധനാലയങ്ങളല്ല, എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രികളാണ് നമുക്കാവശ്യം എന്ന സംഭാഷണം മാറ്റി, പള്ളികളല്ല വേണ്ടത് എന്ന് പറയാനുള്ള ധൈര്യം വിജയ്ക്കുണ്ടോയെന്നും ബിജെപിക്കാര്‍ ചോദിക്കുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ ബിജെപി ആക്രമണത്ത ശക്തമായി പ്രതിരോധിക്കുകയുമാണ് തമിഴ് സമൂഹം. 

എന്നാല്‍ മെര്‍സര്‍ സിനിമ ഒരു സര്‍ക്കാരിനും എതിരായി ഒന്നും പറയുന്നില്ലെന്നും, ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സിനിമയുടെ നിര്‍മാതാക്കള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സാധാരണക്കാര്‍ക്ക് നല്ല ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് മെര്‍സലിലെ വിജയ് കഥാപാത്രത്തിന്റെ ലക്ഷ്യം. മെര്‍സല്‍ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com