ബാഹുബലി പിറന്നാള്‍ ആഘോഷിച്ചത് 'സഹോ' യ്‌ക്കൊപ്പം

മഞ്ഞുമൂടികിടക്കുന്ന വഴിയിലൂടെ കറുത്ത വസ്ത്രം ധരിച്ച് മുഖം സ്‌കാര്‍ഫ് കൊണ്ട് മറച്ച് നടന്നുവരുന്ന പ്രഭാസിന്റെ ലുക്ക് ശക്തമായ നായക കഥാപാത്രത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
ബാഹുബലി പിറന്നാള്‍ ആഘോഷിച്ചത് 'സഹോ' യ്‌ക്കൊപ്പം

പുറത്തിറങ്ങാനിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം സഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കുള്ള പ്രഭാസിന്റെ പിറന്നാള്‍ മധുരമാണ്. ഇന്ത്യയുടെ സ്വന്തം ബാഹുബലി 38-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നതും പുതിയ ചിത്രം സഹോ തന്നെ. ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ലോകം മുഴുവന്‍ അറിയപ്പെടുന്ന താരമായി മാറിയ പ്രഭാസിന്റെ പ്രകടനം ഗെയിം ഓഫ് ത്രോണ്‍സ് എന്ന ഹിറ്റ് ടി വി സിരീസിന്റെ നിര്‍മാതാക്കളെപോലും അതിശയിപ്പിച്ചു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. 

സിനിമാപാരമ്പര്യമുള്ള നടന്‍മാരുടെ പട്ടികയില്‍ തന്നെയാണ് പ്രഭാസിന്റെയും സ്ഥാനം അച്ഛന്‍ സുര്യനാരായണ രാജുവും സഹോദരന്‍ പ്രമോദും സിനിമാ നിര്‍മാതാക്കളാണ്.  തെലുങ്കിലെ 'റിബല്‍ ആക്ടര്‍' എന്നറിയപ്പെടുന്ന കൃഷ്ണം രാജു പ്രഭാസിന്റെ പിതൃസഹോദരനാണ്. 

സൗത് ഇന്ത്യയില്‍ മാത്രം ഒതുങ്ങിനിന്ന പ്രഭാസ് ബാഹുബലിയോടെ ബോളിവുഡിലും ശക്തമായ ആരാധകവൃന്ദം സ്വന്തമാക്കുകയായിരുന്നു. ഈശ്വേര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ 2002ലാണ് സിനിമാരംഗത്ത് പ്രഭാസ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് വര്‍ഷം, ചത്രപതി, ചക്രം, ബില്ല, ഡാര്‍ലിംഗ്, മിസ്റ്റര്‍ പെര്‍ഫെക്റ്റ്, മിര്‍ച്ചി എന്നീ ചിത്രങ്ങളില്‍ നായകനായി. മിര്‍ച്ചിയിലെ ജയ് എന്ന കഥാപാത്രത്തിലൂടെ ആന്ദ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി അവാര്‍ഡും പ്രഭാസിനെ തേടിയെത്തി. ബാഹുബലിക്ക് മുന്‍പ് പ്രഭാസും സത്യരാജും ഒന്നിച്ച ചിത്രമാണെന്ന പ്രത്യേകതയും മിര്‍ചിയ്ക്കുണ്ട്. മിര്‍ച്ചിക്ക് ശേഷമാണ് സിനിമാലോകത്ത് ഇതിഹാസം തീര്‍ത്ത ബാഹുബലിയിലേക്ക് പ്രഭാസ് എത്തുന്നത്.

ബാഹുബലിയിലെ ശക്തനായ രാജാവില്‍ നിന്നും ചോക്ലേറ്റ് നായകനിലേക്ക് സഹോയിലൂടെ പ്രഭാസ് എത്തുകയാണെന്നാണ് ചിത്രത്തേകുറിച്ച് പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. മഞ്ഞുമൂടികിടക്കുന്ന വഴിയിലൂടെ കറുത്ത വസ്ത്രം ധരിച്ച് മുഖം സ്‌കാര്‍ഫ് കൊണ്ട് മറച്ച് നടന്നുവരുന്ന പ്രഭാസിന്റെ ലുക്ക് ശക്തമായ നായക കഥാപാത്രത്തെ പ്രതിഫലിപ്പിക്കുന്നതാണ്. റൊമാന്റിക് ത്രില്ലര്‍ ചിത്രമായ സഹോ അടുത്ത വര്‍ഷം തീയറ്ററുകളില്‍ എത്തും.     

ബാഹുബലി റിലീസ് കാലത്തെ ട്രന്‍ഡിംഗ് ചോദ്യം കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നായിരുന്നെങ്കില്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് പ്രഭാസിന്റെ വിവാഹ വിശേഷങ്ങളാണ്. പ്രഭാസിന്റെ വിവാഹം എന്ന്? പ്രഭാസ് ആരെയാണ് വിവാഹം ചെയ്യുക? അനുഷ്‌ക ഷെട്ടിയുമായുള്ള പ്രഭാസിന്റെ പ്രണയവാര്‍ത്തകള്‍ സത്യമാണോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് പ്രഭാസുമായി ചേര്‍ത്ത് ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു സര്‍പ്രൈസ് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് സഹോയുടെ സന്തോഷമാണ് പ്രഭാസ് സമ്മാനിച്ചത്. മുമ്പ് പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നത്. ബിഹുബലിയുടെ വിജയം പ്രഭാസിന് സഹോയിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com