മെര്‍സല്‍ കൈകാര്യം ചെയ്തത് പ്രധാനപ്പെട്ട വിഷയങ്ങള്‍; പിന്തുണയുമായി രജനീകാന്തും

എന്നാല്‍ മെര്‍സല്‍ കൈകാര്യം ചെയ്ത പ്രധാനപ്പെട്ട വിഷയം ഏതെന്ന് വ്യക്തമാക്കാതെയായിരുന്നു രജനിയുടെ ട്വീറ്റ്
മെര്‍സല്‍ കൈകാര്യം ചെയ്തത് പ്രധാനപ്പെട്ട വിഷയങ്ങള്‍; പിന്തുണയുമായി രജനീകാന്തും

ചെന്നൈ: മെര്‍സലിനെതിരെ ബിജെപിയുടെ പ്രതിഷേധം നിര്‍ത്താതെ തുടരുന്നതിനിടെ വിജയ് ചിത്രത്തിന് പിന്തുണയുമായി രജനികാന്തും. പ്രധാനപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്തതിന് മെര്‍സലിനെ അഭിനന്ദിക്കുകയാണ് അദ്ദേഹം. 

എന്നാല്‍ മെര്‍സല്‍ കൈകാര്യം ചെയ്ത പ്രധാനപ്പെട്ട വിഷയം ഏതെന്ന് വ്യക്തമാക്കാതെയായിരുന്നു രജനിയുടെ ട്വീറ്റ്. രജനിയുടെ രാഷ്ട്രീയ പ്രവേശനം ബിജെപിയില്‍ ചേര്‍ന്നായിരിക്കുമോ എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കവെയാണ് മെര്‍സലിനെ അഭിന്ദിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം വരുന്നത്. 

ജിഎസ്ടിയെ തെറ്റായി വ്യാഖ്യാനിക്കുന്നു എന്നതുള്‍പ്പെടെയുള്ള വാദങ്ങളായിരുന്നു മെര്‍സലിനെതിരെ ബിജെപി ഉന്നയിച്ചിരുന്നത്. വിവാദ സംഭാഷണങ്ങള്‍ അടങ്ങിയ ഭാഗം സിനിമയില്‍ നിന്നും നീക്കം ചെയ്യുകയോ, മ്യൂട്ട് ചെയ്യുകയോ വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ അതിന് തയ്യാറല്ലെന്ന് സിനിമയുടെ നിര്‍മാതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ ധനകാര്യ മന്ത്രി പി.ചിദംബരം, ഡിഎംകെ നേതാവ് സ്റ്റാലിന്‍, കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ളവര്‍ മെര്‍സലിന് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ടു വന്നിരുന്നു. 

ഏഴ് ശതമാനം ജിഎസ്ടി വാങ്ങുന്ന സിംഗപ്പൂരില്‍ മരുന്നുകള്‍ സൗജന്യമായി നല്‍കുമ്പോള്‍ 28 ശതമാനം ജിഎസ്ടി വാങ്ങുന്ന നമ്മുടെ രാജ്യത്ത് എന്തുകൊണ്ട് നല്‍കി കൂടാ? 120 കോടി ജനങ്ങളില്‍ 120 പേര്‍ മാത്രം സമ്പന്നരാകുന്നതല്ല വികസനം എന്നെല്ലാമുള്ള മെര്‍സലിലെ ഡയലോഗുകളായിരുന്നു ബിജെപിക്കാരെ പ്രകോപിപ്പിച്ചത്. 

ജോസഫ് വിജയ് എന്ന വിജയുടെ മുഴുവന്‍ പേരും എഴുതിയാണ് സമൂഹമാധ്യമങ്ങളില്‍ വിജയ്‌ക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നത്. ആരാധനാലയങ്ങളല്ല, എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രികളാണ് നമുക്കാവശ്യം എന്ന സംഭാഷണം മാറ്റി, പള്ളികളല്ല വേണ്ടത് എന്ന് പറയാനുള്ള ധൈര്യം വിജയ്ക്കുണ്ടോയെന്നും ബിജെപിക്കാര്‍ ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com