ഇന്നായിരുന്നെങ്കില്‍ 'ജബ് വി മെറ്റ്'  അടിമുടി മാറിയേനെ,  പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ആദ്യ ഹിറ്റ് ചിത്രത്തേകുറിച്ച് ഇംത്യാസ് 

Published: 24th October 2017 12:00 AM  |  

Last Updated: 24th October 2017 05:57 PM  |   A+A-   |  

jab_we_met

കരീന കപൂറിനെയും ഷാഹിദ് കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഇംത്യാസ് അലി സംവിധാനം ചെയ്ത ബോളിവുഡിലെ എക്കാലത്തെയും മികച്ച റൊമാന്റിക് സിനിമകളില്‍ ഒന്നായ ജബ് വി മെറ്റ് റിലീസ് ചെയ്തിട്ട് പത്ത് വര്‍ഷം തികയുന്നു. 2007ന ഒക്ടോബര്‍ 26ന് റിലീസ് ചെയ്ത ചിത്രം മികച്ച ബോക്‌സ്ഓഫീസ് വിജയം നേടിയിരുന്നു. ജബ് വി മെറ്റിനെകുറിച്ചുള്ള രസകരമായ കഥകള്‍ സംവിധായകന്‍ ഇംത്യാസ് പങ്കുവയ്ക്കുന്നു. 

ഷാഹിദിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ജബ് വി മെറ്റ്. എന്നാല്‍ സിനിമയില്‍ നായകനായി ആദ്യം തിരുമാനിച്ചിരുന്നത് ഷാഹിദിനെയല്ലെന്നാണ് ഇംതിയാസിന്റെ വെളിപ്പെടുത്തല്‍. 'ആദിത്യാ കശ്യപ് എന്ന ഷാഹിദിന്റെ കഥാപാത്രം യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നത് ബോബി ഡിയോള്‍ ആയിരുന്നു. എന്നാല്‍ ആ സമയം ബോബിയെ വലിയ സംവിധായകര്‍ ചിത്രങ്ങള്‍ക്കായി സമീപിച്ചിരുന്നതിനാല്‍ ജബ് വി മെറ്റ് പിന്നീടത്തേക്ക് മാറ്റിവയ്ക്കാമെന്ന് ബോബി പറയുകയായിരുന്നു. അതുകൊണ്ടുതന്നെ സിനിമ സംഭവിച്ചില്ല. പിന്നീട് ആ ചിത്രം ചെയ്യണ്ട എന്ന ചിന്തയിലേക്ക് ഞാന്‍ എത്തുകയും റോക്ക്‌സ്റ്റാര്‍, ഹൈവേ പോലെയുള്ള കഥകളുമായി മുന്നോട്ടുപോകുകയുമായിരുന്നു. പിന്നീട് ഷാഹിദുമായുണ്ടായ കൂടികാഴ്ചയ്ക്ക് ശേഷമാണ് ചിത്രം ചെയ്യാമെന്ന് തീരുമാനിച്ചത്', ഇംത്യാസ് പറയുന്നു.

രണ്ടര ദിവസം കൊണ്ടാണ് ഇംത്യാസ് ജബ് വി മെറ്റിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തീകരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ കഥപറയുമ്പോള്‍ ഒരിക്കല്‍പോലും തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്ന് ഇംത്യാസ് ഓര്‍ക്കുന്നു. ഈ സിനിമയെകുറിച്ച് പ്രതീക്ഷയുണ്ടായിരുന്ന ഒരേ ഒരു വ്യക്തി ഷാഹിദ് മാത്രമായിരുന്നു. ഞങ്ങളില്‍ പലര്‍ക്കും ചിത്രത്തേ കുറിച്ച് ഇന്‍സെക്യൂരിറ്റിയായിരുന്നു അനുഭവപ്പെട്ടിരുന്നത്. 

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ജബ് വി മെറ്റില്‍ കൂടുതല്‍ മെച്ചപ്പെടുത്താമായിരുന്ന ഒരുപാട് കാര്യങ്ങള്‍ തനിക്ക് കാണാന്‍ കഴിയുന്നെന്ന് ഇംത്യാസ് പറയുന്നു. പ്രത്യേകിച്ച് ലൊക്കേഷനുകള്‍. മണാലി ഷിംലയിലും ഷിംല മണാലിയിലുമൊക്കെയായാണ് ചിത്രീകരിച്ചിട്ടുള്ളത്. തിരക്കിട്ട് ചിത്രീകരണം അവസാനിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവന്നത്. ഷാഹിദിനും കരീനയ്ക്കും അവരുടെ അടുത്ത ചിത്രങ്ങള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ടായിരുന്നു. ഇംത്യാസ് കൂട്ടിച്ചേര്‍ക്കുന്നു. 

തന്റെ ആദ്യചിത്രം ബോക്‌സ്ഓഫിസില്‍ മികച്ച പ്രതികരണങ്ങള്‍ നേടിയില്ലെന്നും ജെബ് വി മെറ്റാണ് തനിക്ക് അംഗീകാരവും സ്‌നേഹവും അഭിനന്ദനങ്ങളും നേടിതന്നതെന്നും ഇംത്യാസ് പറയുന്നു.