ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറി; പകരം ടൊവിനോ ആകാന്‍ സാധ്യത

By സമകാലികമലയാളം ഡെസ്‌ക്   |   Published: 25th October 2017 12:10 PM  |  

Last Updated: 25th October 2017 12:10 PM  |   A+A-   |  

Untitledhjkjljl

എഴുത്തുകാരി കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കിയെടുക്കുന്ന ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി. ഏറ്റെടുത്ത ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കേണ്ടതുള്ളതുകൊണ്ടാണ് പൃഥ്വി ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നത്. പകരം ടൊവിനോ തോമസ് എത്തുമെന്നാണ് സൂചന. എന്നാല്‍ ചിത്രത്തില്‍ ടൊവിനോയുടെ വേഷമെന്താണെന്ന് വ്യക്തമായിട്ടില്ല. 

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ ആണ് മാധവിക്കുട്ടിയായി എത്തുന്നത്. ആദ്യം ബോളിവുഡ് താരം വിദ്യാ ബാലന്‍ ചെയ്യാമെന്നേറ്റ വേഷമായിരുന്നു ഇത്. അവസാന നിമിഷത്തില്‍ താരം ചിത്രത്തില്‍ നിന്ന് പിന്‍മാറുകയും തുടര്‍ന്ന് ഏറെ ആലോചനകള്‍ക്ക് ശേഷം കമല്‍ മഞ്ജുവിനെ തിരഞ്ഞെടുക്കുകയുമായിരുന്നു.

ആമിയില്‍ മാധവദാസിന്റെ വേഷം കൈകാര്യം ചെയ്യുന്നത് മുരളി ഗോപിയാണ്. സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. ഏറെക്കാലത്തെ ഗവേഷണവും അനുഭവജ്ഞാനവും ഒക്കെ കോര്‍ത്തിണക്കിയാണ് കമല്‍ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിട്ടാണ് ആമിയുടെ ചിത്രീകരണം നടക്കുക. കഥാകാരിയുടെ ജീവിതത്തിലെ പല നിര്‍ണായകമായ സംഭവങ്ങളും നടന്നത് മുംബൈയിലും കൊല്‍ക്കത്തയിലും താമസിക്കുന്ന കാലഘട്ടത്തില്‍ ആയതിനാലാണ് ചിത്രീകരണം അവിടെയാക്കിയത്. മാധവിക്കുട്ടിയുടെ വ്യക്തിജീവിതത്തിലും ഔദ്യോഗികരംഗത്തും അവരുമായി ബന്ധപ്പെടുന്ന ഒട്ടുമുക്കാല്‍ കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ടാകും.

റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.