ബിജെപി എതിര്‍പ്പ് തുണയായി, മെര്‍സല്‍ 200 കോടിയിലേക്ക് 

ഒരു സാധാരണ സിനിമയായി മാത്രം വന്നുപോകേണ്ടിയിരുന്ന ഈ വിജയ് ചിത്രം വിവാദങ്ങളോടെ വന്‍ കളക്ഷനിലേക്കാണ് എത്തികൊണ്ടിരിക്കുന്നത്.
ബിജെപി എതിര്‍പ്പ് തുണയായി, മെര്‍സല്‍ 200 കോടിയിലേക്ക് 

തമിഴ് സിനിമകളില്‍ രാഷ്ട്രിയപരമായി പോലും ചര്‍ച്ചയായി ഉയര്‍ന്നുവന്ന ചിത്രമാണ് ഇളയദളപദി വിജയുടെ മെര്‍സല്‍. മെര്‍സല്‍ എന്ന പേരായിരുന്നു ആദ്യം വിവാദത്തിന് കാരണമായത്. എന്നാല്‍ ഇത് മറികടന്ന് തീയറ്ററുകളില്‍ എത്തിയ ചിത്രത്തെ വിമര്‍ശനങ്ങള്‍ വിട്ടൊഴിഞ്ഞിരുന്നില്ല. റിലീസിനുശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണ് ചര്‍ച്ചയായത്. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയുമൊക്കെ ചിത്രത്തില്‍ പ്രതിപാദ്യ വിഷയങ്ങളായപ്പോള്‍ അത് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചു. അത്തരം സംഭാഷണങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയപ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ സിനിമയെ പിന്തുണച്ച് തമിഴ് സിനിമാലോകവും മറ്റ് പ്രമുഖരും പ്രതികരിച്ചിരുന്നു. 

എന്നാല്‍ വിമര്‍ശനങ്ങള്‍ പുണ്യമായി ഭവിക്കുകയാണ്. ഒരു സാധാരണ സിനിമയായി മാത്രം വന്നുപോകേണ്ടിയിരുന്ന ഈ വിജയ് ചിത്രം വിവാദങ്ങളോടെ വന്‍ കളക്ഷനിലേക്കാണ് എത്തികൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ തീയറ്ററുകളില്‍ നിന്നുമായി ആദ്യ ആഴ്ചയില്‍തന്നെ ഏകദേശം 150 കോടി രൂപയിലധികം നേടാന്‍ ചിത്രത്തിന് കഴിഞ്ഞു. തമിഴ്‌നാട്ടിലെ മാത്രം കളക്ഷന്‍ പരിഗണിക്കുമ്പോള്‍ അത് 75കോടി രൂപയ്ക്കും 85 കോടി രൂപയ്ക്കും ഇടയിലാണ്. ഏകദേശം 45 കോടിയോളം രൂപയാണ് വിദേശത്തുനിന്ന് മെര്‍സല്‍ നേടിയത്. കര്‍ണാടകയില്‍ നിന്ന് 11 കോടി രൂപയും കേരളത്തില്‍ നിന്ന് 12 കോടി രൂപയും നേടിയ ചിത്രത്തിന് വടക്കേ ഇന്ത്യയില്‍ നിന്ന് നേടാന്‍ കഴിഞ്ഞത് നാല് കോടി രൂപ മാത്രമാണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഈ വെള്ളിയാഴ്ചയായിരിക്കും റിലീസ് ചെയ്യുക. 2010ലെ രജനീകാന്ത് ചിത്രമായ എന്തിരന് ശേഷം തമിഴകത്തെ എക്കാലത്തേയും മികച്ച കളക്ഷന്‍ നേടിയ ചിത്രമായാണ് ഇത്രയധികം വിമര്‍ശിക്കപ്പെട്ട മെര്‍സലിന്റെ കുതിപ്പ്. 

രജനീകാന്തിന് പുറമേ കമല്‍ഹാസനും ചിത്രത്തിന് പിന്തുണയുമായി സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ ചീഫും പ്രശസ്ത താരവുമായ വിശാലും തമിഴ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലുമെല്ലാം വിജയ്‌യേയും മെര്‍സലിനേയും ഉന്നം വെച്ചുള്ള വിവാധങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. മെര്‍സലിനു പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

ആശുപത്രി മാഫിയയുടെ കഥ പറയുന്ന ചിത്രത്തിനെതിരെ ഡോക്ടര്‍മാരും പ്രതികരിച്ചിരുന്നു. ചിത്രം തിയറ്ററില്‍ ചെന്നുകാണരുത് എന്നതടക്കമുള്ള സന്ദേശങ്ങള്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ആരോപണമുയരുന്നുണ്ട്. 
 
വിജയ് ക്രിസ്ത്യാനിയാണെന്ന തരത്തിലുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നുണ്ട്. ഇതൊരു 'ജോസഫ് വിജയ്' സിനിമയാണെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് ഈ വിഷയത്തെ വര്‍ഗ്ഗീയവല്‍കരിക്കുന്നത്. എന്നാല്‍ ഇത് വിജയ്ക്കനൂകൂല വികാരമാണുണ്ടാക്കിയത്. 

തമിഴ് സിനിമയുടെ ഏറ്റവും വലിയ കേന്ദ്രമായ മലേഷ്യയില്‍ മെര്‍സല്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയായിരുന്നു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ദിവാലി ആഴ്ചയിലെ ഏറ്റവും വലിയ കളക്ഷന്‍ നേടികൊണ്ട മലേഷ്യയില്‍് റെക്കോര്‍ഡിട്ടിരിക്കുകയാണ് ചിത്രം. ഏകദേശം 11.12 കോടി രൂപയാണ് മെര്‍സല്‍ മലേഷ്യയില്‍ വാരികൂട്ടിയത്. യുകെയില്‍ ആദ്യ ആഴ്ചയിലെ കബാലിയുടെയും റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടായിരുന്നു മെര്‍സലിന്റെ മുന്നേറ്റം. തമിഴ് താരങ്ങള്‍ ഏറ്റവും പ്രാധാന്യം കല്‍പിക്കുന്ന വിപണിയാണ് യുഎസ്. ടോളീവുഡ് നായകന്‍മാരും തമിഴകത്തെ പ്രമുഖരായ രജനീകാന്തും കമല്‍ഹാസനും മാത്രമാണ് യുഎസ്സില്‍ ഒരു മില്ല്യണ്‍ ഡോളറിന് മുകളില്‍ നേടിയിട്ടുള്ളത്. മറ്റെല്ലാ അന്താരാഷ്ട്ര വിപണികളിലും രജനീകാന്തിന്റെ പിന്നിലായ വിജയിയെ സംബന്ധിച്ച് യുഎസ് വളരെ സുപ്രദാനമായിരുന്നു. 

മെര്‍സല്‍ രണ്ടാം ആഴ്ചയില്‍ 200 കോടി ക്ലബില്‍ എത്തുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന വലിയ ചോദ്യം. എത്തും എന്നതോന്നിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ മുന്നേറ്റം. സംസ്ഥാനത്തെ ഇരട്ടി നികുതി നയം നടപ്പിലാക്കുന്നതുമൂലം പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന ദേശീയ മള്‍ട്ടീപ്ലക്‌സുകളായ പിവിആറും ഇനോക്‌സുമെല്ലാം തുറന്ന പ്രവര്‍ത്തിക്കുന്നതോടെ മെര്‍സല്‍ പുതിയ റെക്കോര്‍ഡുകള്‍ കീഴടക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com