റോള്‍ വശീകരണം, നിറഞ്ഞുനില്‍ക്കുന്നത്‌പോസ്റ്ററില്‍; എന്താണ് സിനിമയിലെ സ്ത്രീ? 

4000ത്തോളം ഹിന്ദി സിനിമകളെ വിശകലനം ചെയ്ത് പുറത്തുവിട്ടിരിക്കുന്ന വസ്തുതകള്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ബോളിവുഡ് കല്‍പ്പിക്കുന്ന അപ്രസക്തിയെ തുറന്നുകാട്ടുകയാണ്. 
റോള്‍ വശീകരണം, നിറഞ്ഞുനില്‍ക്കുന്നത്‌പോസ്റ്ററില്‍; എന്താണ് സിനിമയിലെ സ്ത്രീ? 

സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാര്യത്തില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള സിനിമാ വ്യവസായമാണ് ബോളിവുഡ്. മുന്‍നിര നായികമാരെ പോലും കേവലും ഒരു വസ്തുവായി മാത്രമോ അല്ലെങ്കില്‍ നായക കഥാപാത്രങ്ങളെ ദുഷ്പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിക്കുന്ന റോളുകളിലോ ആണ് കാണാന്‍ കഴിയുക. ഇത്തരം കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്ന വാദഗതികളെ ഇല്ലാതാക്കുന്ന ഡാറ്റായാണ് പുറത്തുവന്നിരിക്കുന്നത്. ഐബിഎം, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളുമായി ചേര്‍ന്ന് 4000ത്തോളം ഹിന്ദി സിനിമകളെ വിശകലനം ചെയ്ത് പുറത്തുവിട്ടിരിക്കുന്ന വസ്തുതകള്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ബോളിവുഡ് കല്‍പ്പിക്കുന്ന അപ്രസക്തിയെ തുറന്നുകാട്ടുകയാണ്. 

തൊഴില്‍, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുക, സിനിമയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, വിവരണങ്ങള്‍ തുടങ്ങിയ ഘടകങ്ങളെല്ലാം സിനിമയിലെ ലിംഗ വിവേചനത്തേയും സ്ഥിരം സങ്കല്‍പ്പത്തേയുമാണ് തുറന്നുകാട്ടുന്നതെന്ന് പഠനത്തില്‍ സൂചിപ്പിക്കുന്നു. 

പ്രധാന കണ്ടെത്തലുകളിലൂടെ

1970 മുതല്‍ 2017 വരെയുള്ള 50 വര്‍ഷങ്ങളിലെ കാര്യം പരിശോധിക്കുമ്പോള്‍ വിക്കിപ്പീഡിയയില്‍ സിനിമയുടെ കഥ വിവരിക്കുന്ന ഭാഗത്ത് പുരുഷകഥാപാത്രത്തേകുറിച്ച് 30തവണ പ്രതിപാദിക്കുമ്പോള്‍ സ്ത്രീ കഥാപാത്രം വിഷയമാകുന്നത് 15തവണ മാത്രമാണ്. ഇത് നായക കഥാപാത്രത്തേ അപേക്ഷിച്ച് നായികയുടെ കഥാപാത്രത്തിന് നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.  

മാറ്റമില്ലാതെ തുടര്‍ന്നുപോരുന്ന വിശേഷണങ്ങള്‍

സ്ത്രി കഥാപാത്രങ്ങള്‍ 'ആകര്‍ഷകം', 'സുന്ദരം' തുടങ്ങിയ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കപ്പെടുമ്പോള്‍ പുരുഷ കഥാപാത്രം 'ശക്തമായ', 'സമ്പന്നം', 'വിജയശ്രീലാളിതന്‍' തുടങ്ങിയ വിവരണങ്ങള്‍ നേടിയെടുക്കുന്നു. കൊല്ലുക, വെടിവെക്കുക തുടങ്ങിയ ക്രിയാപദങ്ങള്‍ പുരുഷ കഥാപാത്രങ്ങളുമായി ചേര്‍ത്തുവെച്ചു മാത്രമേ വായിക്കാന്‍ കഴിയുകയൊള്ളു. സ്ത്രീകളുമായി ബന്ധപ്പെട്ട് എന്നും വിവാഹം, പ്രണയം തുടങ്ങിയ ക്രിയകള്‍ക്കേ സ്ഥാനമൊള്ളു. 

കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന സാഹചര്യത്തില്‍ പുരുഷന് അവരുടെ തൊഴിലുമായി ബന്ധപ്പെടുത്തി വിവരണം നല്‍കുമ്പോള്‍ സ്ത്രീകള്‍ എന്നും അവരുടെ രൂപഭംഗിയിലും മറ്റൊരു പുരുഷ കഥാപാത്രവുമായുള്ള ബന്ധം വിവരിച്ചുകൊണ്ടിമെല്ലാമാണ് അവതരിപ്പിക്കപ്പെടുന്നത്. 

സ്ത്രി കഥാപാത്രങ്ങളെ വിജയംവരിച്ച പുരുഷനോട് ചേര്‍ത്തുനിര്‍ത്തുമെങ്കിലും ഒരിക്കല്‍പോലും അവളെ സ്വയം വിജയിയാകാന്‍ അനുവദിക്കുന്നില്ലെന്നും പഠനത്തില്‍ പറയുന്നു.

തൊഴില്‍ 

തൊഴില്‍പരമായ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ എപ്പോഴും ഉന്നത തലത്തിലുള്ള സ്ഥാനമാനങ്ങള്‍ പുരുഷനായി നീക്കിവയ്ക്കപ്പെട്ടിട്ടുള്ളവയാണ്. 32ശതമാനത്തോളം പുരുഷ കഥാപാത്രങ്ങള്‍ ഡോക്ടറുടെ റോള്‍ അവതരിപ്പിച്ചപ്പോള്‍ മൂന്ന് ശതമാനം സ്ത്രീ കഥാപാത്രങ്ങള്‍ക്കേ ഡോക്ടറാവാന്‍ കഴിഞ്ഞിട്ടൊള്ളു. സ്ത്രീകള്‍ക്ക് ലഭിക്കുന്ന റോളുകളില്‍ 59.5 ശതമാനവും അദ്ധ്യാപികയുടേതും 25.4 ശതമാനം സെക്രട്ടറിയായുള്ളതുമാണ്. ഹിന്ദി സിനിമകള്‍ സാമൂഹിക സ്ഥിരസങ്കല്‍പങ്ങളെ ദൃഡീകരിക്കുന്നതാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പുരുഷന്‍മാര്‍ എപ്പോഴും കരിയര്‍ ഓറിയന്റഡ് ആകണമെന്ന് സങ്കല്‍പ്പിക്കപ്പെടുകയും സ്ത്രീ എപ്പോഴും ഒരു മേലധികാരിക്ക് കീഴിലായി പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ പരിചരണ സ്വഭാവമുള്ള തൊഴിലുകള്‍ സ്വീകരിക്കുകയോ വേണമെന്ന ആശയമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. 

വശീകരണമാണ് റോള്‍

സ്ത്രികളെ പ്രസക്തികുറഞ്ഞ റോളുകളിലേക്ക് ഒതുക്കുന്നതോടൊപ്പം ആളുകളെ തീയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ അവരെ ഉപയോഗിക്കാം എന്ന് ചിന്തിക്കാന്‍ പോലും സിനിമാനിര്‍മാതാക്കള്‍ മടികാണിക്കാറില്ല. 

സിനിമയുടെ പ്രമേയത്തിലെ 80 ശതമാനവും പുരുഷന്‍മാരെ പ്രതിപാദിച്ചുകൊണ്ടുള്ളവയാണെങ്കിലും 50ശതമാനം സിനിമാ പോസ്റ്റുകളും ഇറങ്ങുക നായികയെ വച്ചായിരിക്കും. ഗംഗാ ജല്‍, റയീസ് പോലെയുള്ള സിനിമകളുടെ ഉദ്ദാഹരണം ഉദ്ധരിച്ചുകൊണ്ടാണ് പഠനം ഇത് വിശദീകരിക്കുന്നത്. ഈ ചിത്രങ്ങളില്‍ പുരുഷന്‍മാരെ നൂറിടങ്ങളില്‍ പ്രതിപാദിക്കുമ്പോള്‍ സ്ത്രീകള്‍ ഒരിക്കല്‍പോലും പ്രതിപാദ്യ വിഷയമാകുന്നില്ല. എന്നിട്ടും പോസ്റ്ററുകളില്‍ വലിയ പ്രാധാന്യമാണ് ഇവര്‍ക്ക് നല്‍കുക. കഥയില്‍ പ്രാധാന്യമില്ലെങ്കിലും ഒരു സിനിമയുടെ പ്രചരണ വേളയില്‍ സ്ത്രീകള്‍ എത്രത്തോളം പ്രധാനമാണെന്ന് ഇത് വെളിവാക്കുന്നു. 

തിരശീലയ്ക്ക് പിന്നിലും

ഓഫ് സ്‌ക്രീന്‍ സ്ത്രീ സാനിധ്യവും വിവേചനം അനുഭവിക്കുന്നുണ്ട്. 2010മുതലുള്ള സൗണ്ട് ട്രാക് പരിശോധിക്കുമ്പോള്‍ സ്ത്രീകള്‍ പാടിയ പാട്ടുകള്‍ താരതമ്യേന കുറവാണ്. ഈ പ്രവണതയെകുറിച്ച് ഗായികമാര്‍ തന്നെ തുറന്നുപറയുകയും ചെയ്തിരുന്നു. 

പ്രതീക്ഷയുടെ സില്‍വര്‍ലൈന്‍ ഇല്ലാതായിട്ടില്ല

എന്നാല്‍ എല്ലാം പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടില്ല. സ്ത്രീപക്ഷ സിനിമകള്‍ അല്ലെങ്കില്‍ സ്ത്രീ കഥാപാത്രങ്ങളെ ആധാരമാക്കിയുള്ള ചിത്രങ്ങള്‍ കാലാകാലങ്ങളില്‍ കൂടിവരുന്നതായി കാണാന്‍ കഴിയും. കഹാനിയിലെ വിദ്യാ ബാലന്‍ മുതല്‍ നീര്‍ജയിലെ സോനം കപൂര്‍ വരെ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏകദേശം 30 ചിത്രങ്ങളിലധികം കാലാകാലങ്ങളായുള്ള സ്റ്റീരിയോടൈപ്പുകള്‍ തകര്‍ത്തുകൊണ്ടുള്ളവയായിരുന്നു. നീര്‍ജ, നില്‍ ബാട്ടി, സനാട്ടാ, മാര്‍ഗരീറ്റ വിത് എ സ്‌ട്രോ, എന്‍എച്ച്10 തുടങ്ങിയ ചിത്രങ്ങളെ ഉദ്ദാഹരണമായി പഠനം എടുത്തുകാട്ടുന്നുണ്ട്. 

2015നും 2017നും ഇടയില്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ 11.9 ശതമാനവും സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ളവയായിരുന്നു. 1970കളില്‍ സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രങ്ങള്‍ വെറും ഏഴ് ശതമാനം മാത്രമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com