ലാലേട്ടനെ 30കാരനാക്കാന്‍ ഫ്രാന്‍സില്‍ നിന്നുള്ള സംഘം 

ഹോളീവുഡ് താരങ്ങളുടെ മേക്കോവര്‍ പരിശീലക സംഘത്തെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. സ്‌പോര്‍ട്‌സ്താരങ്ങള്‍ പരിക്കിന് ശേഷമുള്ള ഫിറ്റ്‌നെസ് പരിശീലന ക്രമങ്ങളിലൂടെയായിരിക്കും ലാല്‍ കടന്നുപോകുക 
ലാലേട്ടനെ 30കാരനാക്കാന്‍ ഫ്രാന്‍സില്‍ നിന്നുള്ള സംഘം 

വ്യത്യസ്ത കഥാപാത്രങ്ങളായി രൂപത്തിലും ഭാവത്തിലും മാറാനുള്ള ലാല്‍ മാജിക് എല്ലാവരെയും അത്ഭുതപ്പെടുത്താറുണ്ട്. അതുകൊണ്ടുതന്നെ രൂപമാറ്റം ആവശ്യമായി വരുന്ന കഥാപാത്രങ്ങള്‍ക്കായി മോഹന്‍ലാല്‍ എടുക്കുന്ന പ്രയത്‌നങ്ങള്‍ വാര്‍ത്തയാകാറുമുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ലാല്‍ ചിത്രമാണ് ഒടിയന്‍. ഗ്രാഫിക്ക്‌സിനെ ആശ്രയിക്കാതെ ലാല്‍ എന്ന നടനെ മാത്രം ആശ്രയിച്ച് രണ്ട് കാലഘട്ടത്തിലുള്ള മോഹന്‍ലാല്‍ കഥാപാത്രത്തെ സ്‌ക്രീനില്‍ എത്തിക്കാനാണ് ഒടിയന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ ഒരു കാലഘട്ടം 65 വയസ്സുള്ള ലാലിനെ ആവശ്യപ്പെടുമ്പോള്‍ മറ്റൊരു കാലഘട്ടത്തില്‍ 30വയസ്സുകാരനായാണ് താര രാജാവ് മാറേണ്ടത്. ഇതിനുള്ള കഠിന പരിശ്രമങ്ങളിലേക്ക് ലാല്‍ കടക്കുകയാണ്. 

ഈ രൂപമാറ്റത്തില്‍ മോഹന്‍ലാലിനെ ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ധ സംഘം സഹായിക്കും. 15കിലോയായിരിക്കും 30കാരനായി മാറാനായി ലാലിന് കുറയ്‌ക്കേണ്ടിവരിക. ഹോളീവുഡ് താരങ്ങളുടെ മേക്കോവര്‍ പരിശീലക സംഘത്തെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളതെന്നും സ്‌പോര്‍ട്‌സ്താരങ്ങള്‍ പരിക്കിന് ശേഷം ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ ചെയ്യുന്ന പരിശീലന ക്രമങ്ങളായിരിക്കും വേണ്ടിവരികയെന്നും ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ലാലിന്റെ ഫിറ്റ്‌നസ്സ് നില പരിശേദിച്ച വിദഗ്ധ സംഘം 35 മുതല്‍ 40 ദിവസം വരെയുള്ള പരിശീലനമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും സംവിധായകന്‍ പറയുന്നു. ഉഴിച്ചിലുകാരും ആയുര്‍വേദ വിദഗ്ധരും ത്വക്‌രോഗവിദഗ്ധരും ഫിറ്റ്‌നസ് പരിശീലകരും അടങ്ങുന്നതാണ് ഫ്രാന്‍സില്‍ നിന്നുള്ള സംഘം. ആദ്യമായാണ് മലയാള സിനിമയിലെ ഒരു താരത്തിന്റെ മേക്കോവറിനായി ഇത്തരത്തിലൊരു ടീം എത്തുന്നതെന്നും പരിശീലത്തിനൊടുവില്‍ ഉന്മഷവാനായ ലാലേട്ടനെ ഞങ്ങള്‍ക്ക് വേണം എന്നുള്ളതുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കമെന്നും ശ്രീകുമാര്‍ പറയുന്നു. 

ഒടിയന്‍ന്റെ രണ്ടാം ഘട്ട ചിത്രീകരണം അവസാനിച്ചപ്പോള്‍ 65കാരനായ ഒടിയന്‍ മാണിക്യന്റെ ഭാഗമാണ് പൂര്‍ത്തീകരിക്കപ്പെട്ടിട്ടുള്ളത്. തുടര്‍ന്ന് ചിത്രീകരണത്തിന് 40 ദിവസത്തെ ഇടവേളയാണെന്നും ഇതിനുശേഷം ചെറുപ്പക്കാരനും ഊര്‍ജ്ജസ്വലനുമായ ലാലേട്ടന്റെ ഭാഗങ്ങളായിരിക്കും ചിത്രീകരിക്കുകയെന്നും സംവിധായകന്‍ പറയുന്നു. താരത്തിന്റെ ശരീരഭാരത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടികൂടിയായിരിക്കും ഒടിയനിലെ അദ്ദേഹത്തിന്റെ മേക്കോവറെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. 

മലയാള സിനിമയിലെ ക്ലൈമാക്‌സ് രംഗങ്ങളിലെ ഏറ്റവും ദൈര്‍ഘ്യമേറിയതായിരിക്കും ഒടിയനിലേതെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. 12മിനിറ്റോളമുള്ള ക്ലൈമാക്‌സ് രംഗങ്ങള്‍ പാലക്കാടുള്ള നാല് വ്യത്യസ്ത ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിട്ടുള്ളതെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 
 
മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.  ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണന്റെതാണ്. പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജിയാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com