സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപണം; വിവാദ പുസ്തകം പിന്‍വലിച്ച് നവാസുദ്ദീന്‍ സിദ്ദീഖി

ആന്‍ ഓര്‍ഡിനറി ലൈഫ്: എ മൊമോയിര്‍ എന്ന നവാസുദ്ദീന്‍ സിദ്ദീഖിയുടെ ആത്മകഥയാണ് വിവാദമായത്. 
സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപണം; വിവാദ പുസ്തകം പിന്‍വലിച്ച് നവാസുദ്ദീന്‍ സിദ്ദീഖി

മുംബൈ: സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് വിവാദ പുസ്തകം നടന്‍ നവാസുദ്ദീന്‍ സിദ്ദീഖി പിന്‍വലിച്ചു.തന്റെ ആത്മകഥയുടെ പേരില്‍  ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കിലുടെയാണ് നവാസുദ്ദീന്‍ സിദ്ദിഖി പുസ്തകം പിന്‍വലിച്ച കാര്യം വെളിപ്പെടുത്തിയത്. ആന്‍ ഓര്‍ഡിനറി ലൈഫ്: എ മൊമോയിര്‍ എന്ന നവാസുദ്ദീന്‍ സിദ്ദീഖിയുടെ ആത്മകഥയാണ് വിവാദമായത്.  പുസ്തകത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ താരത്തിനെതിരെ ദേശീയ വനിതാ കമിഷനില്‍ പരാതി ലഭിച്ചിരുന്നു. ദില്ലിയിലെ അഭിഭാഷകനായ ഗൗതം ഗുലാതിയാണ് പരാതി നല്‍കിയത്.

ആത്മകഥയില്‍ ചില നടിമാരുമായുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും 376, 497, 509 എന്നീ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ഗുലാതിയുടെ ആവശ്യം. പ്രശസ്തനാകുന്നതിനും പണം സമ്പാദിക്കാനുമായി സിദ്ദീഖി സ്ത്രീകളെ മുഴുവന്‍ അപമാനിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.പുസ്തകത്തിനെതിരെ സിദ്ദീഖിയുടെ മുന്‍കാമുകി നിഹാരിക സിംഗും സഹപാഠി സുനിത രാജ്വറും രംഗത്തെത്തിയിരുന്നു.

പുസ്തകത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ സിദ്ദീഖി നടത്തിയെന്നാണ് സുനിതയുടെ ആരോപണം. താനും സുനിതയും പ്രണയത്തിലായിരുന്നുവെന്നും പണക്കാരനല്ലാത്തതിനാല്‍ സുനിത തന്നെ ഒഴിവാക്കിയെന്നും സിദ്ദീഖി പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതിനെതിരെയാണ് സുനിത രംഗത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com