ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല, ദിലീപിന് ഇങ്ങനെ ചെയ്യാനാകുമെന്ന്: ജയപ്രദ

പൃഥിയുടെ ഈ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു. ആരോഗ്യപരമായ ഒരു സമൂഹത്തെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്.
ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല, ദിലീപിന് ഇങ്ങനെ ചെയ്യാനാകുമെന്ന്: ജയപ്രദ

രു നടന്‍ എന്ന നിലയ്ക്കു ജനങ്ങള്‍ നല്‍കിയ ബഹുമാനവും സ്‌നേഹവും ദിലീപ് മറക്കാന്‍ പാടില്ലായിരുന്നുവെന്ന് നടി ജയപ്രദ. ദിലീപിന് ഇങ്ങനെ  ചെയ്യാനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇതു സത്യത്തില്‍ വളരെ ഖേദകരമായ അവസ്ഥയാണ്. ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടിരിക്കുന്നു. അവളുടേതല്ലാത്ത കുറ്റങ്ങളുടെ പേരിലാണ് അവള്‍ അനുഭവിച്ചത്. എന്തൊക്കയാണെങ്കിലും അവളൊരു സ്ത്രീയാണ്. രണ്ടാമതാണ് അവളൊരു നടിയാകുന്നത്. അവളെ ഒറ്റപ്പെടുത്താത്ത തരത്തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കി ഈ ആഘാതത്തില്‍നിന്നു മുക്തമാകാന്‍ സഹായിക്കണം. അതു വഴി അവള്‍ക്കു വേണ്ടുന്ന ധാര്‍മ്മിക പിന്തുണ നല്‍കണം. അത് ഒരേസമയം മലയാള സിനിമയില്‍നിന്നും കേരളത്തിലെ ജനങ്ങളില്‍നിന്നുമുണ്ടാകണമെന്ന് ജയപ്രദ പറഞ്ഞു. ജയപ്രദയുമായി പ്രമീള ഗോവിന്ദ് നടത്തിയ ദീര്‍ഘ സംഭാഷണം.


ഇടയ്ക്കിടയ്ക്കു താങ്കള്‍ മലയാള സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു; സ്ഥിരമായി തുടരാനാവാതെ വിട്ടുപോകുന്നതാണോ? അതോ വിട്ടുപോകാനാവാതെ തുടരുന്നതാണോ?

വളരെ കുറച്ചു സിനിമകളേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം വിലമതിക്കാനാവാത്ത അനുഭവങ്ങളും വളരെ മികച്ച ചിത്രങ്ങളുമാണ്. 20 വര്‍ഷം മുന്‍പു ബോളിവുഡില്‍ മലയാള സിനിമാരംഗത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായമായിരുന്നില്ല. നിങ്ങള്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നുവോ എന്ന് അത്ഭുതത്തോടെ ചോദിച്ചവരുണ്ട്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഒരു വടക്കേ ഇന്ത്യക്കാരി എന്ന നിലയ്ക്കു മലയാളത്തില്‍ അഭിനയിക്കുക എന്നത് ഏറ്റവും സന്തോഷമുള്ള കാര്യമായിരുന്നു. വളരെ സ്വസ്ഥവും സുഖകരവുമാണ് മലയാള സിനിമ എനിക്ക് അന്നും ഇന്നും. ഇന്നിപ്പോള്‍ എം.എ. നിഷാദിന്റെ 'കിണര്‍' വരെ എത്തി നില്‍ക്കുകയാണ് മലയാളവുമായുള്ള എന്റെ ബന്ധം. രാഷ്ട്രീയത്തില്‍ സജീവമായി നിന്നതുകൊണ്ടു സിനിമ ചെയ്യാന്‍ സമയം കുറവായിരുന്നു എന്നു ചിലര്‍ കരുതിയിട്ടുണ്ടാവാം. ഒരുപരിധിവരെ അവരുടെ ചിന്ത ശരിയുമായിരുന്നു. പാര്‍ലമെന്റ് അംഗം എന്ന നിലയ്ക്കു ഞാന്‍ തികഞ്ഞ തിരക്കുകളിലായിരുന്നു. തുടരെത്തുടരെ സിനിമകള്‍ ചെയ്യാന്‍ പറ്റുന്ന ഒരന്തരീക്ഷം എന്റെ മണ്ഡലത്തില്‍നിന്നുകൊണ്ടു സാദ്ധ്യമല്ലായിരുന്നു. സിനിമയില്‍നിന്നു പൂര്‍ണ്ണമായും വിട്ടു നിന്നില്ലെങ്കില്‍ കൂടിയും ചെറിയ ഇടവേളകള്‍ ഉണ്ടായിരുന്നു. ഞാന്‍ അങ്ങനെയാണ്.

രാഷ്ട്രീയമാണോ സിനിമയാണോ മനസ്സിനു കൂടുതല്‍ ഇണങ്ങുന്ന ഇടം?

സിനിമാരംഗത്ത് എന്റേതു വളരെ നീണ്ട യാത്രയായിരുന്നു. പക്ഷേ, എനിക്കു കൂടുതല്‍ അര്‍ത്ഥവത്തായ സിനിമകള്‍ ചെയ്യണം എന്ന ചിന്തയാണ് ഇപ്പോഴും ഉള്ളത്. രാഷ്ട്രീയം പോലെ തന്നെ സാധാരണക്കാരനിലേക്കു വളരെ പെട്ടെന്ന് എത്താന്‍ പറ്റുന്ന ഒരു മേഖലയാണ് സിനിമയും. അതുകൊണ്ടുതന്നെ ആരോഗ്യപരമായ ഒരു സാമൂഹിക അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനു സാധാരണക്കാരനു ശക്തമായ സന്ദേശങ്ങള്‍ നല്‍കാന്‍ സിനിമയ്ക്കു സാധിക്കും എന്നെനിക്കു ഉറപ്പുണ്ട്. ബെ്‌ളസ്സി ഭംഗിയായി കൈകാര്യം ചെയ്ത വിഷയമായിരുന്നു പ്രണയത്തിലേത്. സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചു തുറന്നു സംവദിച്ച ഒരു ചിത്രം. അത്തരം കലാമൂല്യമുള്ള സിനിമകള്‍ ചെയ്യണം എന്നു വീണ്ടും പലരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അതേ നിര്‍മ്മാതാവിന്റെ പ്രോജക്ടായ കിണറില്‍ അഭിനയിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കിണര്‍ കൈകാര്യം ചെയ്യുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജലദൗര്‍ലഭ്യം ഏറ്റവും രൂക്ഷമായ അവസ്ഥയിലാണ്. രാജസ്ഥാനിലും മറ്റും ഒരു കുടം വെള്ളത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലത്തു കിലോമീറ്ററുകള്‍ നടന്നു പോകുന്ന സ്ത്രീകളെ നേരില്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയം ജനങ്ങളിലേക്കെത്തേണ്ടതാണ്.

ദേശീയ സിനിമയുടെ ഭാഗമായ താങ്കള്‍ എങ്ങനെയാണ് മലയാള സിനിമയെ കാണുന്നത്?

തീര്‍ച്ചയായും വലിയ അന്തരമുണ്ട്. ടോളിവുഡിലേയോ കോളിവുഡിലേയോ ബംഗാളിലേയോ ബോളിവുഡിലേയോ സാഹചര്യങ്ങള്‍ പറയുകയാണെങ്കില്‍ വലിയ നിക്ഷേപം ആവശ്യമുണ്ട്. 'ബാഹുബലി' പോലുള്ള സിനിമകള്‍ക്കുവേണ്ടി ഒരാള്‍ക്കു പലവട്ടം വലിയ മുതല്‍മുടക്കു നടത്താനാവില്ല. അത്തരം സിനിമകള്‍ വലിയ വിജയമാകുന്നതും വളരെ അപൂര്‍വ്വമാണ്. അന്താരാഷ്ട്രതലത്തില്‍ പോലും അതത്ര എളുപ്പമല്ല. വലിയ റിസ്‌കുള്ള പരിപാടിയാണത്. മലയാള സിനിമാവ്യവസായത്തെ സംബന്ധിച്ചിടത്തോളം മുന്‍പ് പ്രേംനസീര്‍, സത്യന്‍ തുടങ്ങിയ നടന്മാര്‍ അഭിനയിച്ച കാലത്തു പ്രഗത്ഭമതികള്‍ മലയാള സിനിമയെ നല്ല നിലവാരത്തിലേക്ക് എത്തിച്ചു. പക്ഷേ, അന്നു പലപ്പോഴും സ്വന്തം പരിമിതികളെ ഭേദിച്ചു കടക്കാന്‍ മലയാള സിനിമയ്ക്കു വലിയ തോതില്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മമ്മൂട്ടിയും ലാലും ഒക്കെ വന്നപ്പോള്‍ വലിയ നിക്ഷേപം വന്നു വലിയ ലാഭവും കിട്ടിത്തുടങ്ങി. സിനിമയുടെ രൂപവും ഭാവവും തന്നെ മാറി. ഇന്നിപ്പോള്‍ വിദേശത്തുപോലും മലയാളസിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്. അതൊരു വലിയ മാറ്റമാണ്. മാര്‍ക്കറ്റ് വലുതായി. നിര്‍മ്മാതാവും സുരക്ഷിതനായി. അതുകൊണ്ടുതന്നെ കൂടുതല്‍ പേര്‍ കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാന്‍ തയ്യാറാവുന്നു. ഇന്നിപ്പോള്‍ ബോളിവുഡില്‍ മലയാളം സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അവര്‍ മലയാള ചിത്രങ്ങള്‍ ബോളിവുഡില്‍ റിമേക്ക് ചെയ്യുകയാണ്. 

         ചിത്രങ്ങള്‍: അരുണ്‍ പുനലൂര്‍
 

മലയാളത്തില്‍ ഇന്നു ന്യൂ ജനറേഷന്റെ സ്വാധീനം വളരെ വലുതാണെന്ന് അറിയാമോ?

എല്ലായിടത്തും അങ്ങനെയാണ്. മറാഠിയിലും അതേ. സായ്‌റാട്ട് നിര്‍മ്മിച്ചതു സീ കൂടി ചേര്‍ന്നാണ്. ഒന്നരക്കോടിയോ മറ്റോ ആയിരുന്നു നിര്‍മ്മാണച്ചെലവ്. എന്നാല്‍, നൂറ് കോടിയിലധികം കളക്ഷന്‍ ലഭിച്ചു. ഇതാണ് സംഭവിക്കുന്നത്. മലയാളത്തിലും ഇപ്പോള്‍ 'പുലിമുരുകനും' അത്രയൊക്കെ നേടിയില്ലേ.

പുതിയകാല സിനിമകള്‍ അവയുടെ നിര്‍മ്മാണച്ചെലവിലും ഇതിവൃത്തത്തിലും സവിശേഷമായി ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. മറാഠിയില്‍ താങ്കള്‍ സൂചിപ്പിച്ചതുപോലെ 1.5 കോടി വളരെ കുറവല്ലേ. എങ്ങനെയാണ് ആ മാറ്റത്തെ കാണുന്നത്?

ഞാനതിനെ സ്വാഗതം ചെയ്യുകയാണ്. ഇപ്പോള്‍ നമ്മള്‍ തെലുങ്ക് അല്ലെങ്കില്‍ ഹിന്ദി സിനിമകളെക്കുറിച്ചു പറയുകയാണെങ്കില്‍ അവയൊക്കെ വളരെ കോമേഴ്‌സ്യല്‍ ചിത്രങ്ങളാണ്. ബിഗ് ബജറ്റ് ചിത്രങ്ങളാണ് എല്ലാം. ഞാന്‍ അടുത്തിടെ ഒരു തെലുങ്ക് ചിത്രം ചെയ്തിരുന്നു. ഒരു ഫാന്റസി ചിത്രമാണ് അത്. മുപ്പതു കോടിക്കു മുകളിലാണ് നിര്‍മ്മാണച്ചെലവ്. അതിപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്. സൂപ്പര്‍ നാച്ചുറല്‍ ഫാന്റസി ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ അഭിനേതാവിനു സംതൃപ്തി കുറവാണ്. മലയാള ചിത്രങ്ങളോട് അഭിനേതാക്കള്‍ക്ക് ആകര്‍ഷണം തോന്നുന്നത് അതുകൊണ്ടാണ്. വെല്ലുവിളിയുള്ള കഥാപാത്രങ്ങള്‍ ലഭിക്കും. എന്റെ യഥാര്‍ത്ഥ സ്വത്വം ആദ്യം ഒരു കലാകാരി എന്നതാണ്, രണ്ടാമതാണ് രാഷ്ട്രീയം. എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ നേട്ടവും അതാണ്. ഒരു കലാകാരിയും രാഷ്ട്രീയക്കാരിയും ആകാന്‍ സാധിച്ചു.

ഒരു നടി ഇരയാക്കപ്പെടുകയും ഒരു താര രാജാവ് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. നടിമാര്‍ ഇരകളാക്കപ്പെടുന്നത് എല്ലായിടത്തും നടക്കുമെങ്കിലും താരത്തെ ജയിലിലാക്കുന്നത് കേരളത്തില്‍ മാത്രമല്ലേ നടക്കാന്‍ സാദ്ധ്യതയുള്ളു?

ഇതു സത്യത്തില്‍ വളരെ ഖേദകരമായ അവസ്ഥയാണ്. ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടിരിക്കുന്നു. അവളുടേതല്ലാത്ത കുറ്റങ്ങളുടെ പേരിലാണ് അവള്‍ അനുഭവിച്ചത്. എന്തൊക്കയാണെങ്കിലും അവളൊരു സ്ത്രീയാണ്. രണ്ടാമതാണ് അവളൊരു നടിയാകുന്നത്. ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല ദിലീപിന് ഇത്രയുമൊക്കെ ചെയ്യാനാകുമെന്ന്. അദ്ദേഹത്തിനു ജനങ്ങളോട് ഒരു ഉത്തരവാദിത്വമുണ്ടാകേണ്ടതായിരുന്നു. ഒരു നടന്‍ എന്ന നിലയ്ക്കു ജനങ്ങള്‍ നല്‍കിയ ബഹുമാനവും സ്‌നേഹവും മറക്കാന്‍ പാടില്ലായിരുന്നു. അവളെ ഒറ്റപ്പെടുത്താത്ത തരത്തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കി ഈ ആഘാതത്തില്‍നിന്നു മുക്തമാകാന്‍ സഹായിക്കണം. അതു വഴി അവള്‍ക്കു വേണ്ടുന്ന ധാര്‍മ്മിക പിന്തുണ നല്‍കണം. അത് ഒരേസമയം മലയാള സിനിമയില്‍നിന്നും കേരളത്തിലെ ജനങ്ങളില്‍നിന്നുമുണ്ടാകണം.

കേരളത്തിലെ ജനങ്ങള്‍ ദിലീപിന്റെ അറസ്റ്റ് ആവശ്യപ്പെട്ടവരാണ്, പിന്തുണച്ചവരാണ്. ഇതു മറ്റേതെങ്കിലും സംസ്ഥാനത്തു നടക്കുമോ? 

തീര്‍ച്ചയായും, സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും മുതല്‍ അതു നമുക്കു പുതുതല്ല. പക്ഷേ, ഈ കേസ് തീര്‍ത്തും വ്യത്യസ്തമാണ്. പക്ഷേ, സൂപ്പര്‍താരങ്ങളാണ് എന്നതിന്റെ പേരില്‍ അവര്‍ക്കു രക്ഷപ്പെടാനായില്ല. അവര്‍ ശിക്ഷിക്കപ്പെട്ടു. അതു പോലെതന്നെയാണ് ദിലീപിന്റെ കാര്യത്തിലും.

'വുമണ്‍ കളക്ടീവ്' എന്ന സംഘടന മലയാള സിനിമാരംഗത്ത് അടുത്തിടെയുണ്ടായ സംഭവങ്ങളെ മുന്‍നിര്‍ത്തി രൂപീകരിക്കപ്പെട്ടതാണ്. ഇതു മറ്റേതെങ്കിലും ഭാഷയിലെ സിനിമാ വ്യവസായത്തില്‍ സാദ്ധ്യമാണോ ഇന്ത്യയില്‍? 

ഇത്തരമൊന്നു രൂപീകരിച്ചതിനു ഞാന്‍ മലയാളികളെ അഭിനന്ദിക്കുകയാണ്. സംഘടിച്ചുനിന്നു പ്രശ്‌നങ്ങളെ സമീപിക്കാന്‍ കഴിയണം. മറ്റു ഭാഷകളിലും ഇതു സംഭവിക്കണം. ഈ സംഘടന പക്ഷേ, സിനിമയ്ക്കുള്ളില്‍ മാത്രം ഒതുങ്ങിപ്പോകരുത്. നിയമപരമായ പിന്തുണയും പൊലീസിന്റേയും ജുഡിഷ്യല്‍ സംവിധാനത്തിന്റേയും പിന്തുണയും ഉണ്ടാകണം. എങ്കിലേ പരിമിതികള്‍ മറികടക്കാനാവൂ.

സിനിമാ ലോകത്തെ പുരുഷാധിപത്യം തന്നെയല്ലേ അടിസ്ഥാന പ്രശ്‌നം, അതോ ഇതു മലയാള സിനിമയിലെ ഒറ്റപ്പെട്ട സംഭവം മാത്രമാണോ? 

അല്ല. ഇതു പണ്ടുമുതല്‍ക്കേ ഉള്ള പ്രശ്‌നമാണ്. നായകനെ അടിസ്ഥാനമാക്കിയുള്ള, പുരുഷനെ കേന്ദ്രീകരിച്ചുള്ള വ്യവസായമാണ് ഇത്. അതു പ്രതിഫലം മുതല്‍ കഥാപാത്രങ്ങളുടെ സൃഷ്ടിവരെ അത്തരത്തിലാണ് നടക്കുന്നത്. അതു മാറ്റാന്‍ പ്രയാസമാണ്. അതുമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍. അവരെ കേന്ദ്രീകരിച്ചാണ് വിപണി നിലനില്‍ക്കുന്നത്. പണം മുടക്കുന്നവന് അതിന്റെ ഫലം കിട്ടണം. വളരെ കുറച്ചു സംവിധായകര്‍ക്കാണ് സ്ത്രീകളെ കേന്ദ്ര കഥാപാത്രമാക്കിയുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കളെ സമ്മതിപ്പിച്ചെടുക്കാന്‍ സാധിക്കുന്നത്. അത്തരം ചില ഭാഗ്യവതികള്‍ക്കൊപ്പം ആണ് എന്റെ സ്ഥാനം. 1976-ല്‍ ബാലചന്ദറിന്റെ അന്തുലേനി കഥ, തമിഴില്‍ അവളൊരു തുടര്‍ക്കഥയായി വന്നത്. ആ ചിത്രം മുതല്‍ 'സിരി സിരി മുവാ' ഹിന്ദിയില്‍ 'സര്‍ഗ്ഗ'മായി എടുത്തു. ഇന്നിപ്പോള്‍ 'കിണര്‍' വരെ എത്തുമ്പോള്‍ നിരവധി ചിത്രങ്ങള്‍ നായികാ പ്രാധാന്യമുള്ളതായി പുറത്തിറങ്ങി. അവയൊക്കെ വിജയിക്കുകയും നിര്‍മ്മാതാവിനു ലാഭം കിട്ടുകയും ചെയ്തു.

താങ്കളും പക്ഷേ, വളരെ സെലക്ടീവായിരുന്നില്ലേ?

തീര്‍ച്ചയായും ആയിരുന്നു. പക്ഷേ, നായകന്മാരില്ലാത്ത സിനിമകള്‍ വളരെ സുഖമുള്ള കാര്യമാണ് എന്ന് അതുകൊണ്ടുതന്നെ എനിക്കു പറയാനും കഴിയില്ല. നായിക മാത്രം ആകുമ്പോള്‍ പൂര്‍ണ്ണത വരില്ല. നായകന്റേയും നായികയുടേയും പ്രാധാന്യം തുല്യമാണ്, പക്ഷേ, ഒടുവില്‍ കാര്യത്തോടടുക്കുമ്പോള്‍ ഇതൊരു പുരുഷ കേന്ദ്രീകൃത സമൂഹമാണ്. ഒരു സ്ത്രീ എന്ന നിലയ്ക്കു ഞാന്‍ തന്നെ രാഷ്ട്രീയത്തില്‍ ഇതിന്റെ പലവിധത്തിലുള്ള ആക്രമണങ്ങള്‍ക്കും വിധേയയായതാണ്. പക്ഷേ, ഇന്നത്തെ സമൂഹത്തില്‍ പലവിധത്തിലുമുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുമുണ്ട്. ഞാന്‍ സിനിമാവ്യവസായത്തെപ്പറ്റി മാത്രമല്ല പറയുന്നത്. എട്ടാം കഌസ്സ് വരെയാണ് പെണ്‍കുട്ടിക്കു പഠിക്കാന്‍ അനുവാദമുണ്ടായിരുന്നത്. അതു കഴിഞ്ഞാല്‍ വിവാഹം കഴിച്ചു കുടുംബിനിയാകണം. ആ മനോനില ഇപ്പോള്‍ മാറിവരുന്നുണ്ട്. പുരുഷന്മാരെക്കാള്‍ വിദ്യാഭ്യാസം ഉള്ളവരാണ് പലയിടത്തും സ്ത്രീകള്‍ ഇന്ന്. ഉന്നത വിദ്യാഭ്യാസരംഗത്തു പെണ്‍കുട്ടികളുടെ ശതമാനം ഉയര്‍ത്തികൊണ്ടുവരാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. വിവാഹജീവിതത്തില്‍ സ്ത്രീകള്‍ ആണ് പലവിധത്തിലുമുള്ള ഒത്തുതീര്‍പ്പുകള്‍ക്കു വിധേയരാകുന്നത്. അതുകൊണ്ടാണ് കുടുംബം എന്ന സ്ഥാപനം തന്നെ വിജയകരമായി നിലനില്‍ക്കുന്നത്. കുടുംബാംഗങ്ങളെ കൂട്ടിയിണക്കി ഒന്നിച്ചു കൊണ്ടുപോകാനും കുട്ടികളെ വളര്‍ത്താനും ഒക്കെ സ്ത്രീകള്‍ അനുഭവിക്കുന്ന വേദന ചെറുതല്ല. എന്നാലിന്നു സ്ത്രീ ഒരുപാട് മാറി. ഇനി യാതനകളോടു പൊരുത്തപ്പെടാന്‍ ഇന്നത്തെ സ്ത്രീകള്‍ തയ്യാറല്ല. ഇന്നു സ്ത്രീക്കു വിദ്യാഭ്യാസമുണ്ട്, ജോലിയുണ്ട്, വരുമാനമുണ്ട്. വരുമാനമുള്ള സ്ത്രീകള്‍ ജീവിതത്തിലെ തുല്യതയെക്കുറിച്ചു ബോധവതികളാണ്. വിദ്യാഭ്യാസമുള്ള സ്ത്രീ ഇന്നു വിവാഹത്തിനു രണ്ടാംസ്ഥാനമേ നല്‍കൂ. ഇതൊക്കെയാണെങ്കിലും പെണ്‍ഭ്രൂണഹത്യ ഇല്ലാതാക്കാന്‍ നമുക്ക് ഇന്നും പൂര്‍ണ്ണമായും സാധിച്ചിട്ടില്ല. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയാല്‍ മടങ്ങിവരുന്നതുവരെ അമ്മമാര്‍ക്ക് ആധിയാണ്. പാര്‍ലമെന്റില്‍പ്പോലും നേതാക്കന്മാര്‍ പറയുന്നതു നിങ്ങളുടെ വസ്ത്രമാണ് പ്രശ്‌നമെന്നാണ്. ഈ ലിംഗബോധം മാറ്റിയെടുക്കേണ്ടതായിട്ടുണ്ട്. പാര്‍ലമെന്റില്‍ ഞാനിതു നേരിട്ടിട്ടുണ്ട്. നിര്‍ഭയെയക്കുറിച്ചു സംസാരിച്ചപ്പോള്‍ നിങ്ങള്‍ സിനിമകളില്‍ ചെറിയ വസ്ത്രം ധരിക്കുന്നു, ഫ്രോക്കുകള്‍ ഇടുന്നു, ഇറുകിയ വസ്ത്രം ധരിക്കുന്നു എന്നായിരുന്നു മറുവാദം. പക്ഷേ, ഏഴു വയസ്സുകാരിപോലും പീഡിപ്പിക്കപ്പെടുന്നത് എന്തിന്റെ പേരിലാണ്? അവള്‍ക്കു സാരിയുടുക്കാന്‍ കഴിയില്ലല്ലോ. കുഞ്ഞുപ്രായത്തില്‍ ഫ്രോക്കുമിട്ടു ടാറ്റ പറഞ്ഞു സ്‌കൂളിലേക്കു പോകുന്ന പെണ്‍കുട്ടി തനിക്കു സംഭവിക്കാന്‍ പോകുന്ന അപകടത്തെക്കുറിച്ച് എന്തറിയാനാണ്. അത് ആലോചിക്കാന്‍പോലും കഴിയില്ല. ഇത് ഇന്നു പലയിടത്തും സംഭവിക്കുന്നതാണ്.

        ചിത്രങ്ങള്‍: അരുണ്‍ പുനലൂര്‍
 

ഇപ്പോഴത്തെ സംഭവവികാസങ്ങളെത്തുടര്‍ന്നു നടന്‍ പൃഥിരാജ് ഒരു പ്രസ്താവന നടത്തിയിരുന്നു. താനിനി സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്നും തന്റെ സിനിമകളില്‍ സ്ത്രീ വിരുദ്ധത ആഘോഷിക്കാന്‍ ഇനി സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു നായകന് ഒരുപക്ഷേ, ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ സാധിച്ചേക്കും. എത്ര നായികമാര്‍ക്ക് ഇത്തരം ഒരു നിലപാടുമായി സിനിമാമേഖലയില്‍ നിലനില്‍ക്കാനാവും?

പറ്റില്ല. ആദ്യം തന്നെ പറയട്ടെ, പൃഥിയുടെ ഈ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു. ആരോഗ്യപരമായ ഒരു സമൂഹത്തെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. അതിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ, നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്. രാഷ്ട്രീയത്തിലും സിനിമയിലും ജീവിതത്തിലും നല്ലവരും മോശം ആള്‍ക്കാരും ഉണ്ട്. നിങ്ങള്‍ സ്വയം നിങ്ങളെ എവിടെ നിലയുറപ്പിക്കുന്നു എന്നതാണ് പ്രധാനം. പൃഥിയുടെ ചിന്ത നല്ലതാണ്. അത് എത്രമാത്രം പ്രാവര്‍ത്തികമാക്കാം എന്നതാണ് സംശയം. സ്ത്രീകള്‍ക്കു പക്ഷേ, അതിനു സാധിക്കുമെന്നു തോന്നുന്നില്ല. സാഹചര്യം അനുസരിച്ച് ഇരിക്കും അത്. ഒരു സ്ത്രീ തന്റേടമായി അത്തരമൊരു നിലപാടെടുത്താല്‍ അതു സംവിധായകനും നിര്‍മ്മാതാവിനും അതു സുഖകരമാകണമെന്നില്ല. ചിലപ്പോള്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടേക്കാം.

ഈ പുരുഷാധിപത്യത്തിന്റെ ഇരയാണ് താങ്കളും എന്നു പറഞ്ഞു. പാര്‍ലമെന്റിലും രാഷ്ട്രീയത്തിലും നേരിടേണ്ടിവന്നതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സിനിമയാണോ രാഷ്ട്രീയമാണോ ആണധികാരത്തിന്റെ ഈറ്റില്ലമായി താങ്കള്‍ കാണുന്ന ഇടം?

രണ്ടും രണ്ടു തരത്തിലാണ്. പക്ഷേ, രണ്ടും പുരുഷ കേന്ദ്രീകൃതമാണ്. പ്രത്യേകിച്ചു രാഷ്ട്രീയത്തില്‍ അതു കൂടുതലാണ്. രാഷ്ട്രീയത്തില്‍ നേതാക്കന്മാരാണ് എല്ലാം. താഴേക്കിടയിലുള്ള പ്രവര്‍ത്തകരെക്കുറിച്ച് അവര്‍ ഓര്‍ക്കാറില്ല. ചന്ദ്രബാബുവും മുലായം സിങ്ങും മുതല്‍ ഞാനതു കണ്ടിട്ടുണ്ട്. അവരുടെ നേട്ടങ്ങളെക്കുറിച്ചേ അവര്‍ ഓര്‍ക്കാറുള്ളു. കിട്ടാനുള്ളതു കിട്ടിക്കഴിഞ്ഞാല്‍ പിന്നെ താഴേക്കിടയിലുള്ള പ്രവര്‍ത്തകനെ അവര്‍ ഓര്‍ക്കാറില്ല. തോളത്തു കൊടിയേന്തി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകന് അതുകൊണ്ടു നേട്ടമുണ്ടാകുമ്പോള്‍ ഓര്‍ക്കണം. മുലായം സിങ്ങോ അഖിലേഷോ ആ ഗണത്തില്‍പ്പെട്ടവരല്ല. കുറഞ്ഞ പക്ഷം ഈ തലമുറയുടെ പ്രതിനിധി എന്ന നിലയ്ക്ക് അഖിലേഷ് എങ്കിലും അങ്ങനെയാവും എന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അഖിലേഷിനും രാഷ്ട്രീയം ഒരു ഉപജീവനമാര്‍ഗ്ഗമാണ്. വിദ്യാഭ്യാസമുണ്ടെങ്കിലും ആഴത്തില്‍ അതിന്റെ ഗുണം അഖിലേഷിന് ഇല്ല. സ്വന്തം അച്ഛനേയോ അമ്മാവന്‍ അമര്‍സിങ്ങ് ജിയെയോ പോലും ബഹുമാനിക്കാനറിയാത്ത ആളായി മാറി. വീട്ടില്‍ അടിയുണ്ടായപ്പോള്‍ ഒരു കാര്യവുമില്ലാതെ ഞങ്ങളെ പുറത്താക്കി. പാര്‍ട്ടിക്കുവേണ്ടി അദ്ധ്വാനിച്ചവരാണ് ഞങ്ങള്‍. അവരെ മുഖ്യമന്ത്രിയാക്കാനും അധികാരത്തിലെത്തിക്കാനും തക്കവണ്ണം എം.എല്‍.എമാരുടെ എണ്ണം കൂട്ടാനാണ് ഞങ്ങള്‍ അദ്ധ്വാനിച്ചത്. സ്ഥാനമാനങ്ങളില്‍ കൊതിയുള്ള ആളല്ല. മുലായം സിങ്ങാണെങ്കിലും മായാവതിയാണെങ്കിലും ഒക്കെ ഇതേ ഗണത്തില്‍പ്പെട്ട നേതാക്കളാണ്. അവര്‍ക്കും രാഷ്ട്രീയം ഒരു ഉദ്യോഗം പോലെയാണ്. ഇതൊന്നും അധികകാലം നിലനില്‍ക്കില്ല. അതേസമയം എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു വശമുണ്ട്. ഞാനൊരു കലാകാരിയാണ്. ദൈവാനുഗ്രഹം കൊണ്ട് എനിക്കു രാഷ്ട്രീയമില്ലെങ്കില്‍ എന്റെ കരിയര്‍ സിനിമയുണ്ട്, നൃത്തമുണ്ട്. അതുമില്ലെങ്കില്‍ എന്റെ സ്ഥാപനങ്ങളുണ്ട്. അതുകൊണ്ട് എന്നെ സ്ഥാനമാനങ്ങള്‍ ബാധിക്കാറില്ല.

നല്ല നേതാവിനാണോ നല്ല താരത്തിനാണോ നമ്മുടെ നാടിനെ ആഴത്തില്‍ സ്വാധീനിക്കാനാവുക?

ആദ്യം നിങ്ങള്‍ക്കു നല്ല നേതാക്കള്‍ വേണം. രാഷ്ട്രീയം ലക്ഷക്കണക്കിനു ജനങ്ങളിലേക്ക് എത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. അവിടെ പക്ഷേ, നിങ്ങളെ നയിക്കാന്‍ ഒരു നല്ല നേതാവ് വേണം. നരേന്ദ്ര മോദിയെപ്പോലെ. അദ്ദേഹം ഒരു നല്ല നേതാവാണ്. സിനിമാരംഗത്തു ഞങ്ങള്‍ ഒരു കുടുംബം പോലെയാണ്. ജാതിയും മതവും ഭാഷയും ഒന്നും അവിടെ പ്രശ്‌നമല്ല. അവിടെ ആദ്യം ഭാഗ്യവും രണ്ടാമതു നിങ്ങളുടെ കഴിവുമാണ് വിജയിക്കാന്‍ വേണ്ടത്. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സിനിമകളും നിങ്ങളുടെ കഴിവും പ്രധാനമാണ്. രജനി സര്‍ എന്നോടു പറയുമായിരുന്നു-ജയ എത്ര ഉയരത്തില്‍ എത്തിയാലും ഓരോ തവണയും നമ്മള്‍ നമ്മുടെ കഴിവു തെളിയിച്ചു കൊണ്ടേയിരിക്കണം -എന്ന്. കഴിഞ്ഞ വര്‍ഷം നിങ്ങളുടെ ചിത്രം വലിയ വിജയമായിരുന്നിരിക്കാം. പക്ഷേ, ഈ വര്‍ഷം അത് ആവര്‍ത്തിച്ചില്ലെങ്കില്‍ കാര്യമില്ല എന്ന്. അതു കൊണ്ടുതന്നെ കഠിനാദ്ധ്വാനം ആണ് ഒരേയൊരു വഴി. അതിനു കഴിയില്ലെന്ന് ഉറപ്പിക്കുന്ന ദിവസം വിരമിച്ചു വീട്ടിലിരിക്കാന്‍ തയ്യാറാകണം. വളരെ അപൂര്‍വ്വം ചിലര്‍ക്കാണ് ഈ രണ്ടു രംഗത്തും ഒരുപോലെ ശോഭിക്കാന്‍ സാധിക്കുക.

സാമൂഹ്യ സേവനവും അതിനുള്ള സന്നദ്ധതയുമായിരുന്നു രാഷ്ട്രീയത്തിന്റേയും ജനാധിപത്യത്തിന്റേയും മുന്‍ഗണന, ഇന്നിപ്പോള്‍ എങ്ങനെയും ആളെ കുട്ടുന്നവര്‍ക്കു പറഞ്ഞിട്ടുള്ളതാണോ ഇതു രണ്ടും?

ജനങ്ങളുടെ കയ്യിലാണ് ഒരുപരിധി വരെ തീരുമാനം. എല്ലാ തവണയും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഒരു പുതിയ നേതാവിനെയോ പാര്‍ട്ടിയേേയാ അവര്‍ അധികാരത്തിലെത്തിക്കുക. ഞാന്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത് എന്‍.ടി.ആറിലുടെ ആണ്. രാഷ്ട്രീയത്തിലിറങ്ങാന്‍ എനിക്കു പദ്ധതിയൊന്നുമില്ലായിരുന്നു. അദ്ദേഹത്തെ സഹായിക്കാനാണ് ഞാന്‍ ആദ്യം രംഗത്തിറങ്ങുന്നത്. എന്റെ കലാജീവിതത്തിലെ സുവര്‍ണ്ണകാലമായിരുന്നു അന്ന്. സിനിമാരംഗത്തുള്ള എല്ലാവരും അന്ന് എന്നോട് പറഞ്ഞു രാഷ്ട്രീയത്തിലേക്കിറങ്ങരുന്നത്. അത് എനിക്കു ദോഷം ചെയ്യുമെന്നായിരുന്നു, എന്റെ കലാരംഗത്തെ ബാധിക്കുമെന്നായിരുന്നു അവരുടെ അഭിപ്രായം. അത് എങ്ങനെയെന്നാണ് ഞാന്‍ തിരിച്ചു ചോദിച്ചത്. ഞാന്‍ നിര്‍മ്മാതാക്കളെയോ താരങ്ങളെയോ ഒന്നും ബാധിക്കുന്ന ഒരു പ്രവൃത്തിയും ചെയ്യുന്നില്ലല്ലോ പിന്നെ എന്തിന് അതെന്നെ ബാധിക്കണം. എന്റെ അച്ഛന്റെ പ്രായമുണ്ടായിരുന്നു എന്‍.ടി.ആറിന്. ചെറുപ്രായത്തിലേ അദ്ദേഹത്തിന്റെ ആരാധികയായിരുന്നു ഞാന്‍. കൃഷ്ണനായും വിഷ്ണുവായും ഒക്കെ അദ്ദേഹം അഭിനയിച്ചതു കണ്ട് അദ്ദേഹത്തെ ദൈവമായാണ് ഞാന്‍ കരുതിയത്. പെട്ടെെന്നാരു ദിവസം ഞാന്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കുന്നു. 'അടവി രാമുഡു' എന്ന ചിത്രം സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായി. 'അരേസുക്കുബോയ് പരേശുകുന്നാനു' എന്നു തുടങ്ങുന്ന ഗാനം, അത് ഒരു കോടി കളക്ട് ചെയ്ത ഗാനമായിരുന്നു. പലവട്ടം ആ ഗാനം തിയേറ്ററില്‍ പ്‌ളേ ചെയ്തു. സിനിമ നിര്‍ത്തി ജനങ്ങള്‍ നാണയം എറിയുമായിരുന്നു. വീണ്ടും ആ പാട്ട് പ്‌ളേ ചെയ്തിരുന്നു. അദ്ദേഹത്തിനെ സഹായിക്കാനാണ് ഞാന്‍ രാഷ്ട്രീയത്തില്‍ എത്തുന്നത്. എന്‍.ടി.ആര്‍ ഒരു വെറും രാഷട്രീയക്കാരനായിരുന്നില്ല. അദ്ദേഹം വളരെ ഇമോഷണലായിട്ടുള്ള ആളായിരുന്നു. ജനങ്ങള്‍ക്ക് എന്തെങ്കിലും തിരികെ നല്‍കാനാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. 1994-ല്‍ ഞാന്‍ ബംഗ്‌ളൂരില്‍ ഷൂട്ടിംഗിലായിരുന്നപ്പോള്‍ ഒരു ദിവസം വെളുപ്പിനു നാലു മണിക്കോ മറ്റോ ആണ് അദ്ദേഹം എന്നെ വിളിച്ച് ഹൈദ്രാബാദിലെത്തുമ്പോള്‍ കാണണം എന്ന് ആവശ്യപ്പെടുന്നത്. അങ്ങനെ തെലുങ്കു ദേശം പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായി ഞാന്‍ മാറി. പാര്‍ട്ടി രൂപീകരിച്ച് ഒമ്പതു മാസത്തിനുള്ളില്‍ അദ്ദേഹം മുഖ്യമന്ത്രിയാവുകയും ചെയ്തു. രണ്ടാം തവണ പക്ഷേ, അദ്ദേഹത്തിനു ജയിക്കാനായില്ല. അക്കാലത്താണ് അദ്ദേഹം ലക്ഷ്മി പാര്‍വ്വതിയെ വിവാഹം കഴിക്കുന്നത്. ലക്ഷ്മി പാര്‍വ്വതിയുമായുള്ള എന്‍.ടി.ആറിന്റെ വിവാഹശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. എന്‍.ടി.ആറിനുശേഷം അധികാരം അവരിലേക്ക് എത്തണമെന്ന് അവര്‍ ആഗ്രഹിച്ചു. ആ സാഹചര്യത്തില്‍ ആന്ധ്രാപ്രദേശിനെ രക്ഷിക്കാന്‍ ഞങ്ങള്‍ ചന്ദ്രബാബുവിനെ പിന്തുണച്ചു. ഞാന്‍ ചന്ദ്രബാബുവിനുവേണ്ടിയും അദ്ധ്വാനിച്ചു. അന്നു ഞാന്‍ രാജ്യസഭയിലെത്തി. സിനിമക്കാരെ സംബന്ധിച്ചിടത്തോളം ആളെ കൂട്ടാന്‍ തെരഞ്ഞെടുപ്പുവേളയില്‍ രാഷ്ട്രീയക്കാര്‍ അവരെ ഉപയോഗിക്കും എന്നല്ലാതെ കാര്യം കഴിയുമ്പോള്‍ മറക്കുന്നതു സാധാരണയാണ്. ചന്ദ്രബാബുവിനും എനിക്കുമിടയില്‍ ചെറിയൊരു കമ്യൂണിക്കേഷന്‍ ഗ്യാപ്പും വന്നു. ചന്ദ്രബാബുവും വെറും രാഷ്ട്രീയക്കാരനായി മാറി. എന്നെപ്പോലെയുള്ള വെറും സാധാരണക്കാരായ പ്രവര്‍ത്തകരെ മറക്കുകയും ചെയ്തു. എന്നെ അതു വല്ലാതെ വേദനിപ്പിച്ചു. കാരണങ്ങള്‍ പറയാന്‍ തുനിഞ്ഞാല്‍ അതൊരു വലിയ കഥയാണ്. അതിപ്പോള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. എന്തായാലും എന്‍.ടി.ആറിനുവേണ്ടിയും ചന്ദ്രബാബുവിനുവേണ്ടിയും വളരെ ആത്മാര്‍ത്ഥമായിത്തന്നെ ഞാന്‍ പ്രവര്‍ത്തിച്ചു. അതേ സമയം രാഷ്ട്രീയത്തില്‍ തലച്ചോറിനാണ് പ്രസക്തി, ഹൃദയത്തിനല്ല. ഞാന്‍ പക്ഷേ, വളരെ വൈകാരികമായി പ്രതികരിക്കുന്ന ആളാണ്. ആദ്യം ഹൃദയം കൊണ്ടു ചിന്തിച്ച ശേഷമാണ് ഞാന്‍ പ്രവര്‍ത്തിക്കുക. അതു രാഷ്ട്രീയത്തിനു ചേര്‍ന്ന പരിപാടിയല്ല എന്നു തോന്നുന്നു. പിന്നീടാണ് ഞാന്‍ സത്തായുടെ തെലുങ്ക് പതിപ്പിനെക്കുറിച്ചു ചിന്തിക്കുന്നത്. 
രാജ്യസഭയില്‍ എനിക്ക് ചന്ദ്രബാബു പിന്നീട് അവസരം നല്‍കാന്‍ തയ്യാറായില്ല. പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഒരു നടിയെ അദ്ദേഹം പിന്തുണച്ചു. അഞ്ചു വര്‍ഷം മുഴുവന്‍ ഞാന്‍ സിനിമാലോകത്തുനിന്നു വിട്ടുനിന്നു. ചന്ദ്രബാബുവിനുവേണ്ടിയും എന്‍.ടി.ആറിനുവേണ്ടിയും പ്രവര്‍ത്തിച്ചു. ഒടുവില്‍ രാഷ്ട്രീയവും ഇല്ല സിനിമയും ഇല്ല എന്നൊരു അവസ്ഥയിലേക്ക് എത്തിയതായി ഭയപ്പെട്ടു. അങ്ങനെയാണ് ഞാന്‍ അമര്‍സിംഗിനെ സമീപിക്കുന്നത്. അമിതാഭ് ബച്ചനാണ് എനിക്ക് അമര്‍സിംഗിനെ പരിചയപ്പെടുത്തി തരുന്നത്. ഞങ്ങള്‍ ഒന്നിച്ചു രാജ്യസഭയിലുണ്ടായിരുന്നു. പാര്‍ലമെന്റിലേക്കുള്ള തയ്യാറെടുപ്പുകള്‍ക്കു ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസ് സൗകര്യം ആവശ്യപ്പെടുകയായിരുന്നു. സംഭവിച്ച കാര്യങ്ങളൊക്കെ ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. തിരികെ ആ പാര്‍ട്ടിയിലേക്കില്ല എന്നും പറഞ്ഞു. മണിക്കൂറുകളോളം ബോണറ്റിനു മുകളില്‍നിന്ന് എത്രയോ തവണ ഞാന്‍ പ്രസംഗിച്ചു. കടുത്ത ചൂടിലും തണുപ്പത്തും കാറില്‍ മണിക്കൂറുകളോളം യാത്ര ചെയ്തു നാടു മുഴുവന്‍ പ്രചാരണത്തിനിറങ്ങി. അതൊക്കെ അവരെ നേതാക്കന്മാരാക്കാന്‍ വേണ്ടിയായിരുന്നു. അതു കൊണ്ടുതന്നെ എനിക്ക് എന്നെ തെളിയിക്കാന്‍ ഒരു സിനിമ വേണ്ടിയിരുന്നു. സത്യത്തില്‍ അന്ന് ഒരു ഭ്രാന്തുപിടിച്ച അവസ്ഥയിലായിരുന്നു. അമര്‍സിംഗ് എനിക്ക് മുലായം സിങ്ങിനെ പരിചയപ്പെടുത്തി. 
മുലായം സിങ്ങിനു മുന്നില്‍ ഞാനൊരു ഡിമാന്റും വെച്ചില്ല. സ്ഥാനമാനങ്ങളൊന്നും ആഗ്രഹിച്ചല്ല മത്സരിക്കാനും ഇല്ല എന്നതായിരുന്നു എന്റെ നിലപാട്. അദ്ദേഹത്തിനതു സത്യത്തില്‍ വലിയ അത്ഭുതമായിരുന്നു. ആദ്യമായാണ് ഒരു സ്ത്രീ ഒരു ഡിമാന്റും ഇെല്ലന്നു പറയുന്നത്. പക്ഷേ, ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു മൂന്നാമത്തെ ദിവസം മുലായം സിങ്ങിന്റെ വിളി എന്നെ തേടിയെത്തി. താങ്കള്‍ ഒന്നും ആവശ്യപ്പെട്ടില്ലെങ്കിലും രാംപൂര്‍ മണ്ഡലത്തില്‍ താങ്കളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പാര്‍ട്ടി തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. അതു സത്യത്തില്‍ എനിക്കുതന്നെ വലിയ ഞെട്ടലായിരുന്നു. രാംപൂര്‍ എവിടെയാണെന്നോ എന്താണെന്നോ എനിക്കറിയില്ല. അതുകൊണ്ട് തന്നെ ശരിയാകുമോ എന്ന ചോദ്യത്തിനു ഞങ്ങള്‍ എല്ലാം പറഞ്ഞുതരാം എന്നായിരുന്നു മറുപടി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു മാപ്പ് വെച്ച് ആദ്യം ഞാന്‍ രാംപൂര്‍ ലൊക്കേറ്റ് ചെയ്തു. അങ്ങനെയാണ് തുടക്കം. അവിടെ ഞാന്‍ മത്സരിച്ചു. രാംപൂരിലെ ജനങ്ങള്‍ എന്നെ വിശ്വസിച്ചു. അവര്‍ നേതൃമാറ്റം ആഗ്രഹിച്ചിരുന്നു. രാംപൂരിലെ രാജകുടുംബാംഗത്തിനെതിരെയായിരുന്നു ഞാന്‍ മത്സരിച്ചത്. പഠാന്‍ കുടുംബത്തില്‍നിന്നുള്ള ബീഗം നൂര്‍ബാനു കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായിരുന്നു. എന്റെ മണ്ഡലത്തില്‍ ഞാന്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്തു. 350 കോടിയോളം രൂപ മണ്ഡലത്തിലെത്തിച്ചു. റോഡുകള്‍ പണിതു, 14 പാലങ്ങള്‍ പണിതു, വൈദ്യുതി എത്തിച്ചു. ബ്‌ളഡ് ബാങ്ക് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. പക്ഷേ, അപ്പോഴേക്കും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അസം ഖാന് എന്നോട് വല്ലാത്ത ശത്രുത തുടങ്ങിയിരുന്നു. പിന്നീട് എന്നെ തകര്‍ക്കാന്‍ എല്ലാ തരംതാണ വഴികളും പരീക്ഷിക്കുകയും ചെയ്തു. എന്റെ മുഖത്ത് ആസിഡൊഴിക്കാന്‍ ശ്രമിക്കുന്നതു മുതല്‍ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക വരെ ചെയ്തു. അസം ഖാന്‍ ചെയ്തതൊക്കെ സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. അവിടെ ജനങ്ങളുടെ പിന്തുണ മാത്രമേ എന്നെ സഹായിക്കൂ എന്നു ഞാന്‍ തിരിച്ചറിയുകയായിരുന്നു. അന്ന് അമര്‍സിംഗ് ജി എന്നെ പൂര്‍ണ്ണമായും പിന്തുണച്ചു എന്നതും എനിക്ക് ആശ്വാസമായിരുന്നു. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. കോണ്‍ഗ്രസ്സ് നേതാക്കളോടു പൊരുതണം, പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളോടും പൊരുതണം, മായാവതിക്കെതിരേയും പൊരുതണം, മറ്റു ചെറിയ പാര്‍ട്ടികളോടും നേതാക്കളോടും പൊരുതണം. പക്ഷേ, ഒടുവില്‍ രണ്ടാം തവണയും ഞാന്‍ അവിടെനിന്നുതന്നെ ജയിച്ചു. അവാര്‍ഡുകളും ചുവപ്പ് പരവതാനി വിരിച്ചുള്ള സ്വാഗതവും അംഗീകാരവുമൊക്കെ ലഭിച്ചിരുന്ന എന്റെ കരിയര്‍ ഉപേക്ഷിച്ച് 24 മണിക്കൂറും ജനസേവനത്തിന് ഇറങ്ങുമ്പോള്‍ നാല് വശത്തുനിന്നും ആക്രമണങ്ങളെയാണ് അതിജീവിക്കേണ്ടി വന്നത്. അതൊരു വലിയ കടമ്പയായിരുന്നു. ഇന്നിപ്പോള്‍ ഇതൊന്നും എന്നെ ഭയപ്പെടുത്താറില്ല. ആദ്യമൊക്കെ വലിയ ഭയമായിരുന്നു. പിന്നീട് തെരഞ്ഞെടുപ്പു കാലത്ത് അനുഭവിച്ച ദുരിതങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇനിയൊന്നിനും എന്നെ തകര്‍ക്കാനാവില്ല എന്നു തോന്നും. രാംപൂര്‍ ഇന്നും എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. അവര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ഞാന്‍ പാലിച്ചു. വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. അതിനുവേണ്ടി നഴ്‌സിങ്ങ് കോളേജുകള്‍ ആരംഭിച്ചു. എന്റെ അമ്മയുടെ പേരില്‍ ആണ് ഞാന്‍ അവിടെ കോളേജുകള്‍ ആരംഭിച്ചത്. എന്റെ അമ്മയെ അധിക്ഷേപിച്ച അസം ഖാന് ഓരോ തവണയും ആ സ്ഥാപനത്തിന്റെ ബോര്‍ഡ് കാണുമ്പോഴും ഉള്ളില്‍ നീറണം എന്നതായിരുന്നു ലക്ഷ്യം. കൂടുതല്‍ കോഴ്‌സുകള്‍ ഇപ്പോള്‍ അവിടെ ആരംഭിച്ചിട്ടുണ്ട്.

അഭിനയരംഗത്തുനിന്നു രാഷ്ട്രീയത്തിലേക്ക് എത്തിയ സ്ത്രീകളെക്കുറിച്ചു സംസാരിക്കുമ്പോള്‍ ജയലളിതയും താങ്കളുമാണ് സജീവമായി രംഗത്തുണ്ടായിരുന്നത്. പക്ഷേ, ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായപ്പോഴും മരിച്ചപ്പോഴും ഒക്കെ അഴിമതിയുമായും ജയിലും കേസുമായും ഒക്കെ ബന്ധപ്പെടുത്തിയും വാര്‍ത്തകളില്‍ നിറഞ്ഞു. ആര്‍ക്കാണ് തെറ്റ് പറ്റിയത്?

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ അവരെ എന്നും ആരാധനയോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. അവരോട് എനിക്ക് എന്നും സ്‌നേഹമാണ്. ഒരു നേതാവെന്ന നിലക്കുള്ള പ്രവര്‍ത്തനങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ബുദ്ധിയും വിവേകവും വിദ്യാഭ്യാസവും ചേര്‍ന്നു ഒരു നേതാവെന്ന നിലയ്ക്കും രാഷ്ട്രീയത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണാന്‍ കഴിയുന്ന ഒന്നാണ്. പ്രത്യേകിച്ച് സത്രീകള്‍ക്കി ടയില്‍. ഏതു വിഷയവും സംസാരിക്കാന്‍ കഴിയുന്ന ഒരാളായിരുന്നു ജയലളിത. മറ്റുള്ളവര്‍ക്ക് അടുക്കാന്‍ പറ്റാത്ത തരത്തില്‍ അവരൊരു കവചം തന്നെ ചുറ്റും തീര്‍ത്തിരുന്നു. മമതാദീദിയും മായാവതിയും ഒക്കെ ഏതാണ്ട് അതുപോലെ തന്നെയാണ്. ഒരുപക്ഷേ, രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്കു സ്വയം സംരക്ഷിക്കാന്‍ അതൊരു അനിവാര്യതയാണ്. 2000 ചെരുപ്പുകളുണ്ടായിരുന്നു എന്നതോ ധാരാളം സാരികള്‍ ഉണ്ടായിരുന്നു എന്നതോ ഒരു നടി എന്ന നിലയ്ക്കു തെറ്റായി എനിക്കു തോന്നിയിട്ടില്ല. നിര്‍ഭാഗ്യവശാല്‍ നിരവധി കേസുകളില്‍ അകപ്പെട്ടുപോയി എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു കേസില്‍ കുറ്റവാളിയല്ല എന്നു തെളിഞ്ഞിരുന്നു. മറ്റുള്ള ആരോപണങ്ങളില്‍ നിഷ്‌കളങ്കത തെളിയിക്കപ്പെടുന്നതിനു മുന്‍പേ മരണം സംഭവിച്ചു. വലിയ മനക്കരുത്തുള്ള സ്ത്രീയായിരുന്നു. ഉള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുമ്പോഴും പുറമേ അതൊന്നും കാണിക്കാതെ എല്ലാത്തിനേയും തരണം ചെയ്തു. 
എന്റെ ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായിരുന്നു ജയലളിതക്കൊപ്പം രാഷ്ട്രീയത്തില്‍ വേദി പങ്കിടാന്‍ സാധിച്ചു എന്നത്. 2007-ല്‍ യു.പി തെരഞ്ഞെടുപ്പിനു മുന്‍പ് അലഹബാദില്‍ ജയലളിതയും മുലായംസിങ്ങും ചന്ദ്രബാബുവും അമര്‍സിങ്ങും ജയാബച്ചനും ഞാനും ഒന്നിച്ചു വേദിയില്‍ എത്തി. വളരെ സുന്ദരമായ ഹിന്ദിയില്‍ അവര്‍ സംസാരിച്ചത് എല്ലാവരേയും അത്ഭുതപ്പെടുത്തി. അന്നു മാധ്യമങ്ങള്‍ 'തീന്‍ ദേവീയാം' എന്നു തലക്കെട്ട് നല്‍കി ചിത്രത്തിനൊപ്പം അതു വാര്‍ത്തയാക്കിയിരുന്നു. ജയലളിതയില്‍നിന്ന് ഒരുപാട് പഠിക്കാന്‍ എനിക്കു സാധിച്ചിട്ടുണ്ട്. ജനങ്ങളുമായി ഇടപഴകുന്നതും സ്വന്തം കഴിവിനെക്കുറിച്ചുള്ള ആത്മവിശ്വാസവും മറ്റും ജയലളിതയെ കണ്ടുപഠിക്കണമായിരുന്നു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ഭാഷ അവര്‍ക്കൊരു തടസ്സമേ ആയിരുന്നില്ല.

യു.പി കര്‍മ്മഭൂമിയാണെന്നും ആന്ധ്ര ജന്മഭൂമിയാണെന്നും താങ്കള്‍ എവിടെയോ പറഞ്ഞതോര്‍ക്കുന്നു?

യു.പി+എ.പി = ജെ.പി. ഉത്തര്‍പ്രദേശില്‍ മത്സരിക്കുമ്പോള്‍ ആണ് മാദ്ധ്യമങ്ങളോട് ഞാന്‍ അങ്ങനെ പറഞ്ഞത്.

അടുത്തിടെയാണ് മായാവതി എം.പി സ്ഥാനം രാജിവെയ്ക്കുന്നത്. മായാവതി എന്ന നേതാവിനെ വിലയിരുത്തുന്നത് എങ്ങനെയാണ്?


മായാവതി ഒരു നല്ല നേതാവാണ്. രാഷ്ട്രീയത്തില്‍ ഗോഡ്ഫാദറും പാര്‍ട്ടിയും ഉള്ളതുകൊണ്ടു കൂടിയാണ് അവര്‍ക്കു പലതും സാധിച്ചത്. തീര്‍ച്ചയായും ജാതിരാഷ്ട്രീയമാണ് അവരുടേത്. ഇപ്പോള്‍ എം.പി സ്ഥാനം രാജിവെച്ചതു വലിയ മാറ്റമൊന്നും ഉണ്ടാക്കില്ല. രാജ്യസഭയിലെ ടേം ഏതാണ്ട് അവസാനിക്കാറായിരുന്നു. മറ്റൊരു വലിയ പിന്തുണയൊന്നും ഇനി അവര്‍ക്ക് അത്ര എളുപ്പമല്ല. രാഷ്ട്രീയത്തില്‍ അവര്‍ വളരെ പ്രൊഫഷണലാണ്. ശക്തമായ നടപടികളെടുക്കാന്‍ പ്രാപ്തയുള്ള നേതാവാണ് മായാവതി. തനിക്കെതിരെ എന്തെങ്കിലും ചെറിയ നീക്കം നടന്നാല്‍പേ്പാലും അവര്‍ അതു വെച്ചുപൊറുപ്പിക്കില്ല. എം.എല്‍.എമാരെപേ്പാലും ഒട്ടും വീട്ടുവീഴ്ചയില്ലാതെയാണ് കൈകാര്യം ചെയ്യുന്നത്. പ്രശ്‌നക്കാരെ വളരെ കൃത്യമായി അകറ്റിനിര്‍ത്തുകയും ചെയ്യും. ജയലളിതയുടെ രീതിതന്നെയാണ് അവര്‍ക്കും. അതൊരു നല്ല ഗുണമായാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അവരെപ്പറ്റിപ്പോലും അസം ഖാന്‍ ഏറ്റവും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചപ്പോള്‍ എനിക്ക് അതു തീരെ ഇഷ്ടപ്പെട്ടില്ല. അഖിലേഷിന്റെ മടിയില്‍ പോയിരിക്കു എന്നാണ് അസം ഖാന്‍ അധിക്ഷേപിച്ചത്. എന്നാല്‍, കാന്‍ഷി റാമിന്റെ പിന്തുണയാണ് മായാവതിക്കു രാഷ്ട്രീയത്തില്‍ അടിത്തറ ഒരുക്കിക്കൊടുത്തത്. രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന എനിക്ക് ആ സാഹചര്യങ്ങളുണ്ടായിരുന്നില്ല. എന്‍.ടി.ആര്‍ മാത്രമാണുണ്ടായിരുന്നത്. ഒരു സ്ത്രീ എന്ന നിലയ്ക്ക് ഒറ്റയ്ക്കു രാഷ്ട്രീയത്തില്‍ നില്‍ക്കുക അത്ര എളുപ്പമല്ല.

രാഷ്ട്രീയത്തില്‍ തെക്കേന്ത്യയെന്നോ വടക്കേന്ത്യയെന്നോ ഉണ്ടോ?  വ്യത്യാസങ്ങള്‍ എന്താണ്?

എല്ലായിടത്തും രാഷ്ട്രീയത്തിന്റെ രീതി ഒന്നുതന്നെയാണ്. നേതാക്കള്‍ മാറുന്നു. വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും മാറുമ്പോള്‍ സംസ്‌കാരത്തിലാണ് വ്യത്യാസം. തെക്കേന്ത്യയില്‍ വിദ്യാഭ്യാസവും ധിഷണശാലികളും രാഷ്ട്രീയത്തില്‍ ഉണ്ട്. സത്യത്തില്‍ വടക്കേന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് തെക്കേന്ത്യ സ്വര്‍ഗ്ഗമാണ് എന്നു തിരിച്ചറിയുന്നത്. കുറ്റകൃത്യങ്ങള്‍ കുറവാണ്. ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തെക്കേന്ത്യ സുരക്ഷിതമായ ഇടമാണ്. 

തമിഴ്‌നാട്ടില്‍ രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങണം എന്നാവശ്യപ്പെടുന്നവരുണ്ട്. എങ്ങനെ കാണുന്നു അതിനെ?

രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ നല്ലതാകുമെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാവരും ആഗ്രഹിക്കുന്നുണ്ട് അത്. അതിനു വളരെ യോജിച്ച വ്യക്തിയാണ് അദ്ദേഹം. വിനയേത്താടെ ജനങ്ങളോടു സംവദിക്കാന്‍ അറിയുന്ന വ്യക്തിയാണ് അദ്ദേഹം.

ഇടയ്ക്കു താങ്കള്‍ പറഞ്ഞത് ഒരു മാന്യമായ ക്ഷണം ലഭിക്കുന്ന പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു. അത്തരമൊരു ക്ഷണം എവിടെനിന്നെങ്കിലും ലഭിച്ചിട്ടുണ്ടോ. ബി.ജെ.പിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

ഇപ്പോള്‍ ബി.ജെ.പിയില്‍ ചേരണമെന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമെന്നോ പറയാന്‍ പറ്റുന്ന അവസ്ഥയില്‍ അല്ല ഞാന്‍. ഞാന്‍ രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചിട്ടില്ല. സമാജ് വാദി പാര്‍ട്ടിയില്‍നിന്നു പുറത്താകുന്നതു പെട്ടെന്നായിരുന്നു. അത് എന്നെ വല്ലാതെ ബാധിച്ചിരുന്നു. ഞങ്ങള്‍ കുടുംബ വഴക്കിനിടയില്‍പ്പെട്ടുപോവുകയായിരുന്നു. എനിക്ക് ഒരു തീരുമാനത്തിലെത്താന്‍ സമയം വേണ്ടതുണ്ട്. എനിക്ക് ഇനി ആദരവുള്ളിടത്തെ നില്‍ക്കാന്‍ സാധിക്കൂ. അല്പം സമയമെടുത്തു തീരുമാനത്തിലെത്താം എന്നാണ് കരുതുന്നത്. ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കാം എന്നുതന്നെയാണിപ്പോള്‍. 2019-ലാണ് തെരഞ്ഞെടുപ്പ്. ധാരാളം സമയം ഇനിയുമുണ്ട്.

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാറിനെക്കുറിച്ചു, കമ്യൂണിസത്തെക്കുറിച്ച് എന്താണ് അഭിപ്രായം?

എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്ല ഭരണമാണ് കാഴ്ചവെയ്ക്കുന്നത്. ആന്ധ്രയിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ കുറച്ചു കൂടി ദീര്‍ഘവീക്ഷണം ഉള്ള നേതാക്കളാണ്. ബംഗാളുമായി സമാനതകളുണ്ട്. എന്നാല്‍, മമതയെപ്പോലെ എടുത്ത് ചാടി പ്രവര്‍ത്തിക്കുന്നവരല്ല ഇവിടുത്തെ നേതാക്കള്‍. 

സ്വകാര്യ ജീവിതവും എന്നും അപ്രതീക്ഷിത സംഭവങ്ങളിലൂടെ ആയിരുന്നല്ലോ കടന്നുപോയിരുന്നത്. ദത്തെടുത്ത മകനാണ് ഒപ്പം ഉള്ളത്. 

മകന്‍ അഭിനേതാവാണ്. വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു. ഞാന്‍ സിനിമാ നിര്‍മ്മാണവും അഭിനയവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്കെയായി തിരക്കിലാണ്. അമ്മയുടെ ആരോഗ്യം മോശമാണ്. അമ്മയ്‌ക്കൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. വിവാഹജീവിതം നേരത്തെ തന്നെ അവസാനിച്ചിരുന്നു. പക്ഷേ, ഞാന്‍ അതില്‍ ദുഃഖിതയല്ല. ഇന്നും വളരെ സന്തോഷവതിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com