അത്ര ദുഷിച്ചതല്ല മലയാള സിനിമാരംഗം: നിമിഷാ സജയന്‍

എല്ലാ സ്ത്രീകളും ഇങ്ങനെ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. ബോള്‍ഡായിട്ടു കാണുന്ന പെണ്ണുങ്ങള്‍ പോലും ഒരു പോയിന്റില്‍ എത്തിയാല്‍ ഇങ്ങനെ സോഫ്റ്റാണ്.
നിമിഷാ സജയന്‍/ഫോട്ടോ അമല്‍ കൃഷ്ണ
നിമിഷാ സജയന്‍/ഫോട്ടോ അമല്‍ കൃഷ്ണ

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയ്ക്കായി നിമിഷാ സജയനു മുന്നില്‍ സംവിധായകന്‍ ആക്ഷന്‍ പറയുന്നതുവരെയുള്ള ഘട്ടങ്ങള്‍ ഓര്‍ത്തെടുക്കാമോ?

എറണാകുളത്തെ നിയോ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. മൂന്നുമാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി മുംബൈയിലേയ്ക്കു മടങ്ങാനിരിക്കുകയായിരുന്നു. ഞാന്‍ വളര്‍ന്നതും പഠിച്ചതുമൊക്കെ മുംബൈയിലാണ്. പപ്പയുടെ ഫാമിലി എറണാകുളത്തുണ്ട്. മുംബൈയിലുള്ളപ്പോള്‍ കാസ്റ്റിംഗ് കോളുകള്‍ കണ്ടാല്‍ ഫോട്ടോ അയയ്ക്കുമായിരുന്നു. ഓഡിഷനു തെരഞ്ഞെടുക്കപ്പെട്ടാലും മുംബൈയില്‍നിന്ന് ഇത്രയും ദൂരം യാത്ര ചെയ്യാനുള്ളതുകൊണ്ട് കേരളത്തിലേയ്ക്കു വരാതിരിക്കുകയായിരുന്നു. കൂടാതെ കോളേജ് പഠനം ഒഴിവാക്കുകയെന്നതും പ്രയാസകരമായിരുന്നു. ഇപ്പോള്‍ ചെറിയൊരു ഇട കിട്ടിയപ്പോള്‍ ഇവിടെ എറണാകുളത്തു മൂന്നുമാസത്തെ കോഴ്‌സിനു ചേര്‍ന്നു ഓഡിഷന്‍ വല്ലതുമുണ്ടെങ്കില്‍ ട്രൈ ചെയ്യാമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ ആ ഇടവേളയില്‍ ഫോട്ടോസ് കുറേ അയച്ചു. അവസാനം വിളിച്ചത് 'തൊണ്ടിമുതലി'ലേയ്ക്കാണ് കാസ്റ്റിംഗ് കോള്‍ വന്നു ഓഡിഷന് അറ്റന്റ് ചെയ്‌തോന്ന് പറഞ്ഞിട്ട് അങ്ങനെ പോവുന്നു, തെരഞ്ഞെടുക്കപ്പെടുന്നു.
പിന്നെ ശ്രീജയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു. ദിലീഷേട്ടന്‍ പറഞ്ഞിരുന്നു; ഐബ്രോസൊന്നും കട്ട് ചെയ്യരുത്. ഫേസ്‌ലെറ്റ്, ഇംപള്‍സ്, ഡിമിഷസൊക്കെ ഉണ്ടെങ്കില്‍ അതൊക്കെ അതുപോലിരുന്നോട്ടെ എന്നൊക്കെ. ഞാന്‍ എേപ്പാഴും ഷാമ്പുവൊക്കെ തേച്ചിട്ടാണ് മുടി ഇടുന്നത്. നാട്ടുമ്പുറത്തെ പെണ്‍കുട്ടികളുടെ മുടിയില്‍ എപ്പോഴും എണ്ണമയം കാണും. അതുകൊണ്ട് കുളിച്ചാല്‍ എണ്ണയൊക്കെ തേച്ച് മുഖത്ത് എണ്ണമയം വരുത്തണമെന്ന് ദിലീഷേട്ടന്‍ പറയുമായിരുന്നു. ശ്രീജ ധരിക്കുന്നതുപോലെയുള്ള അത്ര ഇറുകിയതല്ലാത്ത കൊസ്റ്റിയൂംസൊക്കെ ഇട്ടുനോക്കാന്‍ പറഞ്ഞിരുന്നു. എന്റെ നടത്തം അത്ര ശരിയല്ലായിരുന്നു! ആളുകളെ തല്ലാന്‍ പോകുന്ന മാതിരിയായിരുന്നു ഞാന്‍ നടന്നിരുന്നത്. അപ്പോള്‍ ദിലീഷേട്ടന്‍ എന്നോട് പെണ്ണുങ്ങള്‍ നടക്കുന്ന മാതിരി നടക്കൂ എന്നു പറയുമായിരുന്നു. അങ്ങനെ ദിലീഷേട്ടന്‍ പറഞ്ഞുപറഞ്ഞാണ് ഞാന്‍ നടത്തം ശരിയാക്കിയത്.

എത്ര സമയം വേണ്ടിവന്നു ഈ പാകപ്പെടലിന്?

അത്ര അധികം സമയമൊന്നും വേണ്ടിവന്നില്ല. ഡിസംബര്‍ ഫസ്റ്റ് വീക്കിലാണ് ഷൂട്ട് തുടങ്ങുന്നത്. നവംബര്‍ 15 സമയത്താണ് റോളിനായി തെരഞ്ഞെടുക്കപ്പെട്ട വിവരം എനിക്കു ലഭിക്കുന്നത്. ശരിക്കും ഒരു 10-15 ദിവസമേ എന്റെ കൈയിലുണ്ടായിരുന്നുള്ളു.

സിനിമയ്ക്കു മുന്‍പ് തിരക്കഥ വായിച്ചിരുന്നോ?

മലയാളം അറിയാത്തതുകൊണ്ടുതന്നെ സ്‌ക്രിപ്റ്റ് എനിക്കു തന്നിട്ടില്ലായിരുന്നു. പക്ഷേ, ദിലീഷേട്ടന്‍ ഓരോന്നും അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ വിശദമായി പറഞ്ഞുതന്നിട്ടുണ്ടായിരുന്നു.

സ്വയം ശ്രീജയായി മാറിത്തീര്‍ന്നതെങ്ങനെ? കഥാപാത്രം നിമിഷയെ പിടികൂടിയോ?

ഷൂട്ടിന് ഒരു ദിവസം മുന്‍പ് ദിലീഷേട്ടന്‍ പറഞ്ഞിട്ടുണ്ടായിരുന്നു, ചവണക്കടവ് പോവാനും ജങ്കാറില്‍ കയറിനോക്കാനുമൊക്കെ. അവിടുത്തെ ആള്‍ക്കാരോടൊക്കെ സംസാരിക്കാനും പെണ്ണുങ്ങളുടെ നടത്തവും പെരുമാറ്റരീതികളുമൊക്കെ നിരീക്ഷിക്കാനും പറഞ്ഞിരുന്നു. അതുകൊണ്ട് ഒരു ദിവസം മുന്‍പേ അവിടെയെല്ലാം പോയി. തട്ടുകടയില്‍ പോയി ഭക്ഷണം കഴിച്ചു. അവിടുത്തെ ചേട്ടന്‍മാരോടും ചേച്ചിമാരോടുമൊക്കെ സംസാരിച്ചു. ബോട്ട് ജെട്ടിയിലും ജങ്കാറിലുമായി കറങ്ങി.
സത്യം പറഞ്ഞാല് ഷൂട്ടില് ആക്ഷനും കട്ടിനും ഇടയില്‍ ഞാന്‍ ശ്രീജയായി അഭിനയിക്കുകയായിരുന്നു. അതു കഴിഞ്ഞാല്‍ ഞാന്‍ നിമിഷയെപ്പോലെ കളിച്ചും ചിരിച്ചും നടക്കുമായിരുന്നു. പക്ഷേ, ഷൂട്ട് തുടങ്ങുന്നതിനു മുന്‍പ് ദിലീഷേട്ടന്‍ വന്നു പറയുമായിരുന്നു; സിറ്റ്വേഷന്‍ ഇതാണ്, ഇപ്പോള്‍ ഇതാണ് ചെയ്യാന്‍ പോവുന്നത് എന്നൊക്കെ. അപ്പോള്‍ എനിക്ക് സീനുമായി കണക്റ്റ് ചെയ്യാന്‍ പറ്റുമായിരുന്നു. പിന്നെ കട്ട് പറയുമ്പോള്‍ വീണ്ടും നിമിഷയായി മാറും.

ഫോട്ടോ: അമല്‍ കൃഷ്ണ
 

എങ്ങനെയുള്ള വ്യക്തിത്വമാണ് നിമിഷയുടേത്?

മുംബൈയില്‍ വളര്‍ന്നതുകൊണ്ട് എല്ലാവരും കരുതുന്നതുപോലെ ഞാനങ്ങനെ ഒരുപാട് മോഡേണ്‍ ആയ കുട്ടിയൊന്നുമല്ല. കുറച്ച് മോഡേണാണ്. ജീന്‍സും ടീഷര്‍ട്ടുമൊക്കെ ധരിക്കും. മാനറിസത്തില്‍ വ്യത്യാസമുണ്ട്. ഞാന്‍ കുറച്ച് ടോംബോയാണ് അത്ര ഗേളി ഗേളി കൈന്റല്ല. ചെക്കന്മാരെപ്പോലുള്ള പെണ്ണാണ് ഞാന്‍.

തൊണ്ടിമുതല്‍ ലഭിക്കാന്‍ മോഷ്ടാവ് പ്രസാദിനെ പൊലീസ് കഠിനമായി പീഡിപ്പിക്കുമ്പോള്‍ ശ്രീജയുടെ മനസ്സലിയുന്നു?

അവിടെ ശ്രീജ കാണിച്ചതു മനുഷ്യത്വമാണ്. കള്ളപ്രസാദിനെ പൊലീസ് അത്രയ്ക്കും തല്ലിയപ്പോള്‍ അത് ശ്രീജയ്ക്കു ഫീല്‍ ചെയ്യുന്നു. ആരായാലും ഏതെങ്കിലും ഒരു പോയിന്റില്‍ അതു ഫീല്‍ ചെയ്യും. ശ്രീജ ബോള്‍ഡായിട്ടുള്ള കുട്ടിയാണ്. എന്നാലും ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ട്. പുറമേ ശ്രീജ വളരെ ബോള്‍ഡാണ്. പെട്ടെന്നു തീരുമാനങ്ങളെടുക്കും. അതേ സമയംതന്നെ വളരെ സോഫ്റ്റ് ഹാര്‍ട്ടന്റാണ് ശ്രീജ.

ഈ സോഫ്റ്റ്‌നസ്സ് സ്ത്രീകളുടെ ശക്തിയാണോ, ദൗര്‍ബ്ബല്യമാണോ?

എല്ലാ സ്ത്രീകളും ഇങ്ങനെ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. ബോള്‍ഡായിട്ടു കാണുന്ന പെണ്ണുങ്ങള്‍ പോലും ഒരു പോയിന്റില്‍ എത്തിയാല്‍ ഇങ്ങനെ സോഫ്റ്റാണ്. എല്ലാ പെണ്ണുങ്ങളിലും കാണാന്‍ കഴിയുന്നതാണ് ശ്രീജയിലുള്ള ഈ മൃദുത്വം. അതുകൊണ്ടുതന്നെ എല്ലാ ചേച്ചിമാരോടും സ്ത്രീകളോട് ശ്രീജ പെട്ടെന്നു കണക്റ്റഡാണ്.

എങ്ങനെയുള്ള ബാല്യകാലമായിരുന്നു?

സ്‌കൂളില്‍ കൂടുതലും സ്‌പോര്‍ട്‌സിലായിരുന്നു ഉണ്ടായിരുന്നത്. നന്നായി ആക്ടീവായിരുന്നു. സിക്‌സ്ത്തിലൊക്കെ ആവുമ്പോഴാണ് മറ്റു കള്‍ച്ചറല്‍ ആക്റ്റിവിറ്റീസിലേയ്ക്കു വരുന്നത്. ഡാന്‍സ്, സ്‌കിറ്റ്, ഡ്രാമ, സ്പീച്ച് കോമ്പിറ്റീഷന്‍. അതിലൊക്കെ സജീവമായി. അതോടെ അതങ്ങനെ തുടര്‍ന്നു പിന്നീട്.

സ്വാധീനിച്ച അധ്യാപകര്‍?

മുംബൈയില്‍ ഒരു കോണ്‍വെന്റ് സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. വീട്ടില്‍നിന്ന് ഒരു മണിക്കൂര്‍ യാത്രാദൂരം അവിടേയ്ക്ക്. അവിടുത്തെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഫിഡോയെ എനിക്കു വല്ലാതെ മിസ്സ് ചെയ്യുമായിരുന്നു. സിസ്റ്ററുമായി ഇപ്പോഴും കോണ്‍ടാക്റ്റുണ്ട്. അവര്‍ മലയാളിയാണ്. അവിടത്തെ അധ്യാപകര്‍ ഭൂരിപക്ഷവും മലയാളികളായിരുന്നു. ഇപ്പോള്‍ എന്റെ മൂവി ഇറങ്ങിയപ്പോള്‍ പ്രിന്‍സിപ്പല്‍ സിസ്റ്ററേയും മറ്റ് അധ്യാപകരേയും വിളിച്ചിരുന്നു. അവരെല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തു. ഞാനിന്ന് ഇങ്ങനെയൊരു പെര്‍ഫോമറായി മാറിയതില്‍ എന്റെ പ്രിന്‍സിപ്പല്‍ സിസ്റ്ററിനു ക്രെഡിറ്റുണ്ടെന്ന് എനിക്കു തോന്നുന്നു. എന്നെ ഞാനാക്കിയത് അവരാണ്. എന്റെ ഹിഡന്‍ ടാലന്റ്‌സ് പുറത്തേയ്ക്കു കൊണ്ടുവന്നത് അവരാണ്. എനിക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റും, സ്പീച്ചില്‍ നന്നാവും, സ്‌പോര്‍ട്‌സില്‍ കഴിവ് തെളിയിക്കാം എന്നൊക്കെ എന്നെ ബോധ്യപ്പെടുത്തിയതു സിസ്റ്ററാണ്.

വിദ്യാഭ്യാസം?

പത്താംകഌസ്സുവരെ ഞാനാ സ്‌കൂളില്‍ പഠിച്ചു. ഇപ്പോള്‍ കറസ്‌പോണ്ടന്‍സായി മാസ് കമ്യൂണിക്കേഷനില്‍ ബിരുദം ചെയ്യുന്നു.

ദിലീഷ് പോത്തന്റെ 'മഹേഷിന്റെ പ്രതികാരം' കണ്ടിരുന്നോ? എന്തുതോന്നി?

'തൊണ്ടിമുതലി'ന്റെ ഷൂട്ടിനു മുന്‍പു 'മഹേഷിന്റെ പ്രതികാരം' കണ്ടിരുന്നു. മലയാള സിനിമയില്‍ ആ പഴയകാല സിനിമകളുടെയൊക്കെ കാലം-സത്യന്‍ അന്തിക്കാട് സിനിമകളുടെയൊക്കെ-തിരിച്ചുവരുന്നതുപോലെ തോന്നി. 'മഹേഷിന്റെ പ്രതികാരം' കണ്ടപ്പോള്‍ ചേച്ചി പറഞ്ഞു, ഫസ്റ്റ് പടം ദിലീഷേട്ടന്റെ കൂടെയായിരിക്കുമെങ്കില്‍ അടിപൊളിയായിരിക്കുമെന്ന്. ചേച്ചി അതു വെറുതെ പറഞ്ഞതാണ്. പക്ഷേ, അത് അതുപോലെ തന്നെയായി!

ദിലീഷ് പോത്തന്റേയും രാജീവ് രവിയുടേയും കൂടെ പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവം?

രണ്ടുപേരും എനിക്ക് ഒരുപോലെയാണ്. കൊച്ചുങ്ങളോട് അച്ഛനെയാണോ ഇഷ്ടം, അമ്മയെയാണോ ഇഷ്ടം എന്നു ചോദിക്കുന്നതുപോലെയാണത്. അമ്മയാണ് നമ്മളെ ഈ ലോകത്തിലേയ്ക്ക് ഇന്‍ട്രഡ്യൂസ് ചെയ്യുന്നത്. അതുപോലെ ദിലീഷേട്ടന്‍ എന്നെ സിനിമയിലേയ്ക്ക് ഇന്‍ട്രഡ്യൂസ് ചെയ്തു. എന്നെ നന്നായി കെയര്‍ ചെയ്തു. ഓരോരോ പടവുകളിലൂടെ മുകളിലോട്ട് കൊണ്ടുവന്നു. രാജീവേട്ടന്‍ എനിക്ക് അച്ഛനെപ്പോലെയാണ്. എപ്പോഴും എനിക്ക് സപ്പോര്‍ട്ടാണ്. എന്റെ വെല്‍വിഷറാണ്. ഈ രണ്ടുപേര്‍ക്കും എന്റെ ജീവിതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. അച്ഛന്റേയും അമ്മയുടേയും പേര് കഴിഞ്ഞാല്‍ അവരുടെ പേരാണ് ഞാന്‍ ആദ്യമോര്‍ക്കുക.

അഭിനയത്തില്‍ ദിലീഷ് പോത്തന്റെ ഇടപെടലുകള്‍?

ശ്രീജ എന്ന കഥാപാത്രത്തെ മനസ്സിലാക്കാനായിട്ട് ദിലീഷേട്ടന്‍ അടുത്തുവന്ന് ഇങ്ങനെയാണ് നമുക്കു വേണ്ടത്, അങ്ങനെയാണ് വേണ്ടത് എന്നു പറഞ്ഞു നന്നായി ചെയ്യിപ്പിച്ചെടുത്തു. അതിന്റെ ക്രെഡിറ്റ് മുഴുവനും ദിലീഷേട്ടനാണ്. നിരന്തരം ഹെല്‍പ്പ് ചെയ്തിരുന്നു അദ്ദേഹം.
കഥ മുന്‍പേ നന്നായി പറഞ്ഞിതന്നിരുന്നു. അതുകഴിഞ്ഞു ക്യാരക്ടറിനെക്കുറിച്ചു പറഞ്ഞു. ശ്രീജ എന്താണ്, ശ്രീജ എങ്ങനെയാണ്, ശ്രീജയുടെ ബാക്ക്ഗ്രൗണ്ട് എന്താണ് അങ്ങനെ ചെറിയ ചെറിയ വിവരങ്ങളടക്കം പറഞ്ഞുതന്നു. ശ്രീജയുടെ ബാക്ക് സ്‌റ്റോറി മുഴുവന്‍ പറഞ്ഞ് ആ ക്യാരക്ടറുമായി എന്നെ കണക്റ്റ് ചെയ്യിച്ചു. അഭിനയിച്ചു കാണിക്കുമായിരുന്നു അദ്ദേഹം. ശ്രീജയെന്ന ക്യാരക്ടറിനുള്ള മെച്ച്യൂരിറ്റി എനിക്കില്ല. അതൊക്കെ ശരിയാക്കിയെടുത്തത് അദ്ദേഹമാണ്. എനിക്ക് ഡിഫിക്കല്‍ട്ടായി തോന്നുന്നത്, മനസ്സിലാവുന്നില്ല എന്നു പറയുമ്പോള്‍ അതൊക്കെ ചെയ്തു കാണിച്ചു തരുമായിരുന്നു.

മലയാളം അത്ര വശമില്ലാതെ പിന്നെങ്ങനെയാണ് സംഭാഷണം പഠിച്ചത്?

ഡയലോഗ്, ദിലീഷേട്ടന്‍ അടുത്തുവന്നു ചെവിയില്‍ നാലഞ്ചു തവണ പറഞ്ഞു തരുമായിരുന്നു. എഴുതിത്തരികയായിരുന്നില്ല. ഷോട്ട് വെക്കുകയാണെങ്കില്‍ ദിലീഷേട്ടന്‍ വരും. ഡയലോഗ് പറയേണ്ട അതേ ഫ്‌ളോയില്‍ ചെവിയില്‍ പറഞ്ഞുതരും. പിന്നെ ഞാന്‍ പെര്‍ഫോം ചെയ്യും.

ഇപ്പോള്‍ മുംബൈയില്‍നിന്നും എറണാകുളത്തു വന്നു സെറ്റില്‍ ചെയ്തിരിക്കുകയാണല്ലോ. മുംബൈയിലുണ്ടായിരുന്നതിനാല്‍ എന്തു തന്നെയായാലും ഒരു ബോളിവുഡ് മോഹം ഉണ്ടാവില്ലേ?

ഇല്ല. അത്തരം താല്പര്യങ്ങളില്ല. പക്ഷേ, ചെയ്യും. 'ഉഡ്താ പഞ്ചാബ്'-ആലിയ ഭട്ടിന്റെ പോലുള്ള പടങ്ങള്‍ കിട്ടിയാല്‍ ചെയ്യണമെന്നുണ്ട്. ക്വാളിറ്റിയുള്ള പടങ്ങള്‍. അത്തരം പടങ്ങള്‍ കൂടുതലും ഇപ്പോള്‍ മലയാളത്തിലാണുള്ളത്. അതുകൊണ്ടാണ് മലയാള സിനിമ ഞാന്‍ ചൂസ് ചെയ്യുന്നത്.

ഫഹദ് ഫാസില്‍ എന്ന അഭിനയ വിസ്മയത്തോടൊപ്പമുള്ള അഭിനയം?

ഫഹദ്ക്ക ചിരിക്കുമ്പോള്‍ പോലും കള്ളപ്രസാദ് ചിരിക്കുന്നതുപോലെ തോന്നിപ്പോകും. ആ രീതിയിലുള്ള പെര്‍ഫോമന്‍സാണ് ഇക്കയുടെ. എപ്പോഴും ആ ക്യാരക്ടര്‍ അദ്ദേഹത്തിന്റെ മനസ്സില്‍ത്തന്നെ ഉണ്ടായിരിക്കുമെന്നാണ് തോന്നുന്നത്. ഷൂട്ടില്‍ എപ്പോഴും കളിയും ചിരിയുമായി കൂടെ ഉണ്ടെങ്കിലും എവിടെയോ കഥാപാത്രവുമായി ഒരു കണക്ഷനുണ്ട് എപ്പോഴും അദ്ദേഹത്തിന്.
'പറയെടാ നീയല്ലേ എന്റെ മാല പൊട്ടിച്ചേ കള്ളാ' എന്ന് പ്രസാദി(ഫഹദ്)നോട് ഞാന്‍ പറയുന്ന ഡയലോഗ് ഇങ്ങനത്തെ ഒരു മോഡുലേഷന്‍ ട്രൈ ചെയ്തു നോക്ക് എന്നു ഫഹദ്ക്ക പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. അങ്ങനെ നന്നായി പറഞ്ഞുതരുമായിരുന്നു അദ്ദേഹം. വളരെ ഹെല്‍പ്പ്ഫുള്‍ ആണ്.

ദേശീയ അവാര്‍ഡ് നേടിയ ഒരു താരം (സുരാജ് വെഞ്ഞാറമ്മൂട്) അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയാണ് ശ്രീജ. എങ്ങനെ അനുഭവപ്പെട്ടു സുരാജിനൊപ്പമുള്ള കോമ്പിനേഷനുകള്‍?

വളരെ കംഫര്‍ട്ടബിളായിരുന്നു ഞാന്‍. എല്ലാവര്‍ക്കും വലിയ പേടിയായിരുന്നു, ഞങ്ങള്‍ തമ്മിലുള്ള ഏജ് ഡിഫറന്‍സ് കുഴപ്പമാവുമോ ആ കെമിസ്ട്രി വര്‍ക്ക് ചെയ്യാതിരിക്കുമോ എന്നൊക്കെ. പക്ഷേ, സുരാജേട്ടന്‍ എന്നെ കംഫര്‍ട്ടാക്കി. എനിക്ക് എല്ലാം പറഞ്ഞുതരുമായിരുന്നു. ഡയലോഗ് തെറ്റുമ്പോ എന്നെ കളിയാക്കത്തില്ലായിരുന്നു. സാരമില്ല, ഒരു പ്രാവശ്യം കൂടി ചെയ്യാമെന്നു സമാധാനിപ്പിക്കുമായിരുന്നു. എത്ര ടേക്ക് എടുത്താലും ദേഷ്യപ്പെടില്ല. കൂളായിരിക്കാന്‍ പറയും എന്നോട്. എല്ലാവരും അങ്ങനെത്തന്നെയായിരുന്നു പെരുമാറിയിരുന്നത്. അതുകൊണ്ടുതന്നെ മൊത്തത്തില്‍ ഞാന്‍ സമാധാനത്തിലായിരുന്നു.
ഞങ്ങളുടെ കൂടെ കളിച്ചുചിരിച്ചു നടക്കും സുരാജേട്ടന്‍. ഷൂട്ട് ടൈമാവുമ്പോള്‍ ആ കഥാപാത്രമായി മാറും.

വിദേശ സിനിമകളൊക്കെ കണ്ടുള്ള ശീലം മുന്‍പുതന്നെയുണ്ടോ? സിനിമാ മനസ്സില്‍ മുംബൈ ഉണ്ടായിരുന്നോ?

എല്ലാത്തരം സിനിമകളും കാണുമെങ്കിലും സിനിമകളുടെ കാര്യത്തില്‍ ഞാന്‍ സെലക്ടീവാണ്. ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്ന പടങ്ങള്‍, വ്യത്യസ്തമായ പടങ്ങളൊക്കെയാണ് ഇഷ്ടം. സിനിമകള്‍ സെലക്റ്റ് ചെയ്തു കാണുന്ന ശീലം പത്താംകഌസ്സ് കഴിഞ്ഞതു മുതലേ ഉണ്ടായിരുന്നു.
ഒരു 10-12 വയസ്സില്‍ ഞാനൊരു സിനിമയുടെ ഓഡിഷനു പോയിരുന്നു. അന്നേ ഉള്ളില്‍ അങ്ങനെയൊരു താല്പര്യമുണ്ടായിരുന്നെന്നു തോന്നുന്നു. പിന്നെ ഇപ്പോള്‍ പ്‌ളസ്ടു കഴിഞ്ഞപ്പോള്‍ എന്തുചെയ്യണമെന്നാലോചിച്ചപ്പോഴാണ് സിനിമ ഗൗരവമായെടുത്തത്. അതാണ് സിനിമയുടെ കോഴ്‌സ് ചെയ്തത്.
മഞ്ജുച്ചേച്ചിയാണ് എന്റെ ഇഷ്ടതാരം. മഞ്ജുച്ചേച്ചിയുടെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ ഇതുപോലൊക്കെ ചെയ്യണമെന്നു തോന്നുമായിരുന്നു. ഇതുപോലൊരു കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്നൊക്കെ തോന്നുമായിരുന്നു. അങ്ങനെയാണ് ശരിക്കും ഇന്‍സ്പിരേഷന്‍ ഉണ്ടാവുന്നത്. മഞ്ജുച്ചേച്ചി 'കന്‍മദ'ത്തില്‍ ചെയ്ത കഥാപാത്രമാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. അത്രയും ഭംഗിയായി ചെയ്തു ചേച്ചി അത്.
ശോഭന 'മണിച്ചിത്രത്താഴി'ല്‍ ചെയ്തത്, ഉര്‍വ്വശിയുടെ, രേവതിയുടെയൊക്കെ ചില കഥാപാത്രങ്ങള്‍ വലിയ ഇഷ്ടമാണ്.

വായന?

ട്രാവലിങ്ങ് ടൈമില്‍ വായിക്കുക, ലൈബ്രറിയിലിരുന്ന് അത്യാവശ്യം വായിക്കുക എന്ന ശീലമുണ്ടായിരുന്നു. വലിയ വായന അല്ല. എന്നാല്‍, അത്യാവശ്യം വേണ്ടത്.

നായകന്റെ കൂടെ ആടിപ്പാടി നടക്കാന്‍ മാത്രമുള്ളതാണ് നമ്മുടെ സിനിമകളിലെ നായികമാര്‍ മിക്കപേ്പാഴും?

ഇപ്പോള്‍ അല്പം വ്യത്യാസം വരുന്നുണ്ടെന്നു തോന്നുന്നു. എല്ലാ രീതിയിലും ഒരു പുതുമ സംഭവിക്കുന്നതായിട്ടാണ് തോന്നുന്നത്. ഓഡിയന്‍സിലും മാറ്റം വന്നിട്ടുണ്ട്. ഇന്നത്തെ പ്രേക്ഷകനു പുറംമോടിയല്ല. പെര്‍ഫോമന്‍സാണ് വേണ്ടത്. നല്ല തിരക്കഥയും അവര്‍ പ്രതീക്ഷിക്കുന്നു. സിനിമയുടെ ക്വാളിറ്റിയാണ് ഇന്നത്തെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത്. ഡാന്‍സും പാട്ടും നിറഞ്ഞ സിനിമകളെക്കാള്‍ റിയലിസ്റ്റിക്കായ സിനിമകളാണ് ഇന്നത്തെ പ്രേക്ഷകര്‍ക്കു വേണ്ടത്. ആ വ്യത്യാസം സിനിമയുടെ മെയ്ക്കിങ്ങിലും സംഭവിക്കുന്നുണ്ട്.

സിനിമ മേഖലയെക്കുറിച്ചു വളരെ മോശമായ വാര്‍ത്തകളും ഇന്നു പുറത്തു വരുന്നുണ്ട്. അത്ര ദുഷിച്ചതാണോ നമ്മുടെ സിനിമാലോകം?

എനിക്കങ്ങനെ ഒട്ടും തോന്നിയിട്ടില്ല. കാരണം ദിലീഷ് പോത്തന്റെ ടീമിന്റെ ഒപ്പമാണ് എനിക്ക് ആദ്യം എന്‍ട്രി കിട്ടുന്നത്. ദിലീഷേട്ടനും ടീമും സിനിമയ്ക്കുവേണ്ടി സിനിമ ചെയ്യുന്ന ആള്‍ക്കാരാണ്. അവരതായി കഠിനാദ്ധ്വാനം ചെയ്യുന്നവരാണ്. അത്ര കഷ്ടപ്പെട്ടാണ് ഒരു സിനിമ എടുക്കുന്നത്. അവരുടെ സിനിമ കാണുമ്പോള്‍ത്തന്നെ നമുക്കറിയാം അതിന്റെ പിന്നിലുള്ളവരുടെ ഹാര്‍ഡ് വര്‍ക്ക് എത്രയുണ്ടെന്ന്. ദിലീഷേട്ടന്റെ കൂടെ വന്നതുകൊണ്ടുതന്നെ ഞാന്‍ ബ്‌ളസ്സ്ഡാണെന്നു കരുതുന്നു. ദിലീഷേട്ടന്‍ പുതിയ നടിമാരെയാണല്ലോ കൊണ്ടുവരുന്നത്. മഹേഷിന്റെ പ്രതികാരത്തില്‍ അപര്‍ണ്ണ ബാലമുരളിയെ കൊണ്ടുവന്നു. ഇപ്പോള്‍ എന്നെ കൊണ്ടുവന്നു. എനിക്കിപ്പോള്‍ തോന്നുന്നു ദിലീഷേട്ടന്റെ എല്ലാ പടങ്ങളിലും ഞാന്‍ തന്നെ നായികയായിരിക്കണമെന്ന്. കാരണം, അത്രയ്ക്കും നല്ല ടീമാണത്. അത്രയ്ക്കും നല്ല കെയറിംഗായിരുന്നു. മൊത്തത്തില്‍ ആ ക്രൂ തന്നെ ഒന്നാന്തരമായിരുന്നു.

അജിത് കുമാറിന്റെ സിനിമയാണല്ലോ പുതുതായി ചെയ്യുന്നത്?

ആ സിനിമയുടെ ഷൂട്ടു കഴിഞ്ഞു. 'തൊണ്ടിമുതല്‍' കഴിഞ്ഞ് ഒരു നാലു ദിവസം കഴിഞ്ഞാണ് ഞാന്‍ അതില്‍ ജോയിന്‍ ചെയ്തത്. സിനിമയുടെ പേര് 'ഈട' എന്നാണ്. റോമിയോ ആന്റ് ജൂലിയറ്റ് കഥയില്‍നിന്നും ഇന്‍സ്‌പെയേഡായ ഒരു സിനിമയാണത്. ഒരു ലവ് സ്‌റ്റോറി. അതില്‍ ഐശ്വര്യ എന്നു പേരുള്ള ഒരു കോളേജ് സ്റ്റുഡന്റായാണ് ഞാന്‍ അഭിനയിക്കുന്നത്. ഷെയിന്‍ നിഗമാണ് എന്റെ ഒപ്പോസിറ്റായി അഭിനയിക്കുന്നത്.

കുടുംബത്തെക്കുറിച്ച്?

പപ്പ, മമ്മി, ചേച്ചി-അടങ്ങിയതാണെന്റെ കുടുംബം. അച്ഛന്‍ സജയന്‍. അമ്മ ബിന്ദു. ചേച്ചി നിത്തു എറണാകുളത്ത് വര്‍ക്ക് ചെയ്യുന്നു.

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ ഏതാണ്?

ഞാന്‍ ഫഹദ്ക്കയുടെ കഥാപാത്രത്തെ നോക്കി 'നീയല്ലേടാ എന്റെ മാല പൊട്ടിച്ചേ കള്ളാ' എന്നു പറയുന്ന ഒരു സീനുണ്ട്. അതെനിക്ക് വലിയ ഇഷ്ടമുള്ള സീനാണ്. പിന്നെ, സ്‌റ്റെപ്പിന്റെ മുകളിലൂടെ നടക്കുമ്പോള്‍ സുരാജേട്ടനോട് ഞാന്‍ ''വൈക്കത്തപ്പനാണെ ഇനി ആ കള്ളന്റെ വയറ്റില്‍ പോയ മാല ഞാന്‍ ഇടൂല' എന്നു പറയുന്ന സീനുണ്ട്. ആ സീനും വലിയ ഇഷ്ടമാണ്.

സിബി മലയിലിന്റെ നേതൃത്വത്തിലുള്ള നിയോഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചതിന്റെ നേട്ടങ്ങള്‍?

ടെക്‌നിക്കലായാണ് അവിടെ കൂടുതലും പഠിപ്പിക്കുന്നത്. ക്യാമറ എങ്ങനെ ചെയ്യണം. ലൈറ്റ് എങ്ങനെ വേണമെന്നൊക്കെയുള്ള രീതിയിലാണ് പഠിപ്പിക്കുന്നത്. വളരെ പ്രൊഫഷണലായ രീതിയാണ് അവിടത്തേത്. ഒരു ലൊക്കേഷനില്‍ പോയാല്‍ ആ പ്രൊഫഷണലിസം എങ്ങനെ കീപ്പ് ചെയ്യണം എന്നതടക്കം നമ്മളെ പഠിപ്പിച്ചിരുന്നു. പക്ഷേ, 'തൊണ്ടിമുതലി'ല്‍ പോയപ്പോള്‍ അതൊക്കെ മാറിപ്പോയി. അവിടെ ഒരു ഫാമിലി പോലെയായിരുന്നു. ഒരു ലൈവ്‌ലി ഫീലായിരുന്നു അവിടെ. കളിച്ചുചിരിച്ചു നടക്കാമായിരുന്നു. ഷൂട്ട് നടക്കുമ്പോഴും അത് അത്ര കോണ്‍ഷ്യസായിരുന്നില്ല. വീട്ടുകാരോടൊപ്പം കളിച്ചു ചിരിച്ചു നടക്കുമ്പോലെയായിരുന്നു.

ശ്രീജ ഇപ്പോഴും ഉള്ളില്‍നിന്നും പോയിട്ടില്ലേ?

ഒരു പ്രത്യേക ഇഷ്ടം ശ്രീജയോട് ഇപ്പോഴുമുണ്ട്. ലൈഫ് ടൈം കാണും ആ ഇഷ്ടം ശ്രീജയോട്. കാരണം, ഞാനല്ലാത്ത ഒരാളെ ഞാന്‍ അടുത്തറിഞ്ഞു. അതാണ് ശ്രീജ.

ഭാവിയെക്കുറിച്ച്?

നല്ല സിനിമകള്‍ ചെയ്യണം. നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. ഇപ്പോള്‍ അതുമാത്രമേ മനസ്സിലുള്ളൂ.
ഞാനായിട്ട് തോന്നാത്ത കഥാപാത്രങ്ങള്‍-നിമിഷയെന്ന വ്യക്തിയുമായി ബന്ധം തോന്നാത്ത കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ശ്രീജയെ കണ്ടപ്പോള്‍ ഒരുപാട് ആള്‍ക്കാര്‍ എന്നോടു വിളിച്ചു പറഞ്ഞിരുന്നു, നിമിഷയുമായി ഒരു സാമ്യവുമില്ലെന്ന്. അതു കേള്‍ക്കുമ്പോഴുള്ള ഒരു ഇഷ്ടമുണ്ട്. ഒരു സന്തോഷം തോന്നും. അത്തരം ക്യാരക്‌ടേഴ്‌സ് വേണമെന്നാണ് ആഗ്രഹിക്കുന്നത്. ഓഡിയന്‍സുമായി നന്നായി കണക്റ്റ് ചെയ്യാവുന്ന ക്യാരക്‌ടേഴ്‌സാണ് ആഗ്രഹിക്കുന്നത്. അതേസമയം ശ്രീജയുമായി വ്യത്യാസമുള്ള കഥാപാത്രം ചെയ്യാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

സിനിമയിലെ സൗഹൃദങ്ങള്‍?

മുംബൈയിലെ സൗഹൃദങ്ങള്‍ ഇപ്പോഴുമുണ്ട്. ഇവിടെ വന്നപ്പോള്‍ രജിഷ വിജയനും അപര്‍ണ ബാലമുരളിയുമാണ് അടുത്ത സുഹൃത്തുക്കള്‍. കൂടാതെ, ഷെയിന്‍ നിഗമുണ്ട് ഇപ്പോള്‍. മുംബൈയിലെ സുഹൃത്തുക്കളെല്ലാം അവര്‍ക്കു മലയാളമറിയില്ലെങ്കിലും സിനിമ കണ്ട് എന്നെ വിളിച്ചുപറഞ്ഞിരുന്നു.

സ്വപ്ന കഥാപാത്രം?

'മോം' എന്ന പേരില്‍ ഈയിടെ ഇറങ്ങിയ ഒരു ഹിന്ദി സിനിമയുണ്ട്. അതില്‍ ശ്രീദേവിയാണ് നടി. ശ്രീദേവിയുടെ മകളായി സജല്‍ എന്നു പേരുള്ള ഒരു പാകിസ്താനി നടിയാണ്. അത്ര ഭംഗിയായി അവര്‍ രണ്ടുപേരും അതില്‍ ചെയ്തിട്ടുണ്ട്. അതുപോലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com