പ്രേക്ഷകരെ പിന്തുടരുന്ന ചിറകടിയൊച്ചകള്‍

ഇസ്ലാമോഫോബിയയുടെ പ്രതീകമായി താടിയെ മാറ്റാനുള്ള ചിലരുടെ ശ്രമങ്ങളെ യഥാര്‍ത്ഥ മത വിശ്വാസവും ജീവിതം കാട്ടി തിരുത്തുന്നത് തന്നെയാണ് പറവയുടെ രാഷ്ട്രീയം
പ്രേക്ഷകരെ പിന്തുടരുന്ന ചിറകടിയൊച്ചകള്‍

കൂട്ടത്തില്‍ തോല്‍വി കൊണ്ട് ഒറ്റപ്പെടുന്നവന്റെ കണ്ണുനീരിന് മാനം മുട്ടെ പറന്നുയരാന്‍ കെല്‍പ്പുള്ള ചിറകുകളുണ്ട്.
ഒരു കൈതാങ്ങ്, ആശ്വാസ വാക്ക്, ചെറിയൊരു അംഗീകാരം അത്രയും മതി ആ തേങ്ങലിന് ചെറുപുഞ്ചിരിയിലേക്ക് കൂട് മാറാന്‍. ഒന്‍പാതാം ക്ലാസില്‍ തോറ്റുപോയ ഇച്ചാപ്പിയെ മുന്‍ബഞ്ചിലേക്ക് ക്ഷണിക്കുന്ന ടീച്ചറും ഒന്‍പതിലേക്ക് ജയിച്ചെത്തിയ കൂട്ടികളോട് ഇനി നിങ്ങളുടെ ലീഡര്‍ ഇച്ചാപ്പിയാണന്ന പ്രഖ്യാപനവും അവനെ ആഹ്ലാദിപ്പിക്കുന്നുണ്ട്. 'നീ ലീഡറായോ? ജയിക്കണ്ടായിരുന്നു' എന്ന് വിലപിക്കുന്ന അസീബും എത്ര നിഷ്‌കളങ്കമായാണ് നമ്മെ ജയ പരാജയത്തിന്റെ നാനര്‍ത്ഥങ്ങളില്‍ കുരുക്കുന്നത്. മട്ടാഞ്ചേരി മലയാള സിനിമയ്ക്ക് പശ്ചാത്തലമാകുന്നത് ആദ്യമായല്ല.
പക്ഷെ വീടുകള്‍ കൊണ്ട് മതില്‍കെട്ടിയ മട്ടാഞ്ചേരിയുടെ തടസങ്ങളില്ലാത്ത വളഞ്ഞ് തിരിഞ്ഞ വഴികളും പരസ്പര സ്‌നേഹം മാത്രം കൈമുതലാക്കിയ മനുഷ്യ സ്‌നേഹികളായ മത വിശ്വാസികളും അവരുടെ വിനോദങ്ങളും എല്ലാം ഒറ്റ ക്യാന്‍വാസില്‍ വരച്ച് ചേര്‍ത്തുകൊണ്ടാണ് സൗബിന്‍ താഹിര്‍ സ്വയം അടയാളപ്പെടുത്തുന്നത്. മട്ടാഞ്ചേരി വിശേഷങ്ങളില്‍ പുറം ലോകം അത്രയൊന്നും അറിയാതിരുന്ന പ്രാവ് പറത്തല്‍ മത്സരം സിനിമയുടെ ആരോഹണത്തിന് തിരഞ്ഞെടുത്തതിലുമുണ്ട് സൗബിന്റെ മികവ്. അസീബും ഇച്ചാപ്പിയും കിനാവ് കാണുന്നതത്രയും ഏറ്റവും ഉയരത്തില്‍ പറക്കുന്ന തങ്ങളുടെ പ്രാവുകളെയാണ്. അവരെക്കാള്‍ പ്രായ കൂടുതലും സംഘ ശേഷിയുമുള്ള ചേട്ടന്‍മാരോടാണ് മത്സരം. വിജയത്തിലേക്കുള്ള കുറുക്കുവഴി തട്ടിപ്പും ചതിയുമാണന്ന് കുട്ടികള്‍ക്കറിയില്ലല്ലോ. ഇച്ചാപ്പിയുടെയും അസീബിന്റെയും എതിര്‍ സംഘം ഇണ പ്രാവുകളിലൊന്നിനെ തട്ടിയെടുത്താണ് വിജയത്തിനുള്ള മാര്‍ഗ്ഗമുണ്ടാക്കുന്നത്. പ്രാവ്  പ്രണയത്തിന്റെ /വിരഹത്തിന്റെ/ കൂട്ടം ചേരലിന്റെ /കിനാവിന്റെ അറ്റമില്ലാത്ത ഉയരങ്ങളുടെ എല്ലാം പ്രതീകമാകുന്നുണ്ട്. അതുകൊണ്ട് തന്നെ തിയ്യറ്റര്‍ വിട്ടിറങ്ങിയാലും ചുണ്ടരുമ്മുന്ന പ്രണയവും പറന്നുയരുന്ന ചിറകടിയും പ്രേക്ഷകനെ പിന്‍തുടര്‍ന്നുകൊണ്ടിരിക്കും.
കുട്ടികളുടെ പ്രണയ വിചാരത്തിലുമുണ്ട് കലര്‍പ്പില്ലാത്ത് നിഷ്‌കളങ്കത. ഇച്ചാപ്പിയുടെ കൂട്ടുകാരിക്കുള്ള ഉമ്മയും മുഖത്തേറ്റ അടിയും കള്ളപ്പനിയും എ പടം കാണാനുള്ള തലതാഴ്ത്തിയുള്ള ഇരിപ്പും/പിടിക്കപെടുമ്പോഴുണ്ടാകുന്ന ജാള്യതയുമെല്ലാം കേവലം സിനിമാ കാഴ്ചയല്ല, മറക്കാനാകാത്ത അനുഭവങ്ങളാണ്. അവിടെ അത് ഞങ്ങളും കൂടിയാണല്ലോ എന്ന് ഓര്‍ക്കാത്തവര്‍ ചുരുക്കം. ഇങ്ങനെ ശരാശരി മലയാളിക്ക് അപരിചിതമായ പശ്ചാത്തലത്തിലെ കഥയില്‍ പോലും പ്രേക്ഷകന് ആത്മാംശം അനുഭവിക്കാനാകുന്നെങ്കില്‍ സൗബിന്റെ പറവയ്ക്ക് മലയാളത്തില്‍ കൂടുകൂട്ടാനായി എന്നുറപ്പിക്കാം.


ഇച്ചാപ്പിയുടെ ജ്യേഷ്ഠന്‍ ഷൈന്റെ ഏകാന്ത ജീവിതം തുടക്കം മുതലെ ചിത്രത്തിലെ ദുരൂഹതയാണ്. അസീബിന്റെ പന്ത് തിരച്ചിലിന്റെ തുടര്‍ച്ചയായാണ് ഈ ദുരൂഹത ഫ്‌ളാഷ്ബാക്കിലേക്ക് മാറുന്നത്. ദുല്‍ക്കര്‍ സല്‍മാന്റെ ഇമ്രാന്‍, സദ്ഗുണ സമ്പന്നനായ പതിവ് നായക കാഴ്ചയായി എന്ന ആരോപണം സൗബിന്‍ പ്രതീക്ഷിച്ചതായിരിക്കും. പക്ഷെ അയ്യാള്‍ അമാനുഷനല്ല,ആദ്യാവസാനം നിറഞ്ഞ് നില്‍ക്കുന്നുമില്ല. മറിച്ച് നാട്ട് നന്‍മകളില്‍ നമുക്ക് പരിചിതമായ മുഖമാണ്. കളിക്കളത്തില്‍ കൂട്ടുകാരന് വഴിമാറുന്ന നിസ്വാര്‍ത്ഥന്‍. ആരുമില്ലാത്തവനായിട്ടും തനിക്ക് എല്ലാവരുമുണ്ട് എന്ന സനാഥത്വത്തെ തിരിച്ചറിയുന്നവന്‍. പുറകില്‍ നിന്ന് ആയുധം പ്രയോഗിക്കുന്നവനെ പുലി ദൃഷ്ടികൊണ്ട് നേരിടാനറിയാത്തവന്‍. അതുകൊണ്ട് ഇമ്രാന്‍ വാര്‍പ്പ് മാതൃകയല്ല. അയാള്‍ മത വിശ്വാസിയാണ്. നിസ്‌കാരത്തില്‍ മുടക്കം വരുത്താത്ത മനുഷ്യ സ്‌നേഹിയാണ്. ഇസ്ലാമോഫോബിയയുടെ പ്രതീകമായി താടിയെ മാറ്റാനുള്ള ചിലരുടെ ശ്രമങ്ങളെ യഥാര്‍ത്ഥ മത വിശ്വാസവും ജീവിതം കാട്ടി തിരുത്തുന്നത് തന്നെയാണ് പറവയുടെ രാഷ്ട്രീയം. അതുകൊണ്ടാണ് ''ഇമ്രാന് പകരം നീ ആയിരുന്നങ്കിലും എനിക്ക് ഇത്ര ദുഃഖ മുണ്ടാകില്ലായിരുന്നു'' എന്ന് ഷൈനിന്റെ അച്ഛന്‍ വിലപിക്കുന്നത്.
പ്രാവ് പറത്തല്‍ മത്സര ദിവസം അപ്രതീക്ഷിത നഷ്ടവും വിജയവുമാണ് ഇച്ചാപ്പിയെയും അസീബിനെയും കാത്തിരുന്നത്. സൗബിന്‍ മയക്കുമരുന്ന് സംഘത്തിന്റെ നേതാവായും ഗംഭീരമാക്കി. കിസ്മത്തിലെ പ്രകടനത്തിന് ശേഷം ഷൈന്‍ നിഗം സാന്നിദ്ധ്യമറിയിച്ച ചിത്രമാണ് പറവ. ഇച്ചാപ്പിയായ അമല്‍ഷാ, ഹസീബിനെ അവതരിപ്പിച്ച ഗോവിന്ദ് എന്നീ കുട്ടികള്‍ പ്രേക്ഷകരെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത്.
കേവലം പ്രതികാരം തീര്‍ക്കല്‍ മാത്രമല്ല ചിത്രത്തിന്റെ ക്ലൈമാക്‌സ്. മൂന്ന് തലമുറകളുടെ ജീവിതം സൂക്ഷ്മമായി കുറഞ്ഞ ഷോട്ടുകളിലൂടെ അവതരിപ്പിക്കുന്നതിലെ ഈ നവാഗത സംവിധായകന്റെ കൈയ്യൊതുക്കം അതിശയിപ്പിക്കുന്നതാണ്. മാത്രമല്ല സവര്‍ണ വീര നായകത്വത്തില്‍ മലയാള സിനിമയ്ക്ക് പലപ്പോഴും നഷ്ടപ്പെടാറുള്ള സാമൂഹ്യ ജീവിതത്തെ ഇഴ പൊട്ടാതെ അവതരിപ്പിക്കുന്നതിലും സൗബിന്‍ വിജയിച്ചു. അതേസമയം പ്രായമറിയിച്ച പെണ്‍കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ട്ി  വരുന്നതും വിവാഹത്തിലൊതുങ്ങേണ്ടി വരുന്നതും ഇന്നും യാഥാര്‍ത്ഥ്യമാണന്നും പറവ സാക്ഷ്യപ്പെടുത്തുന്നു. അവളുടെ നിസംഗതയും ഇച്ചാപ്പിയുടെ ഞെട്ടലും മതി ചിറകുകള്‍ വേര്‍പെടുന്നതിന്റെ വിങ്ങലറിയാന്‍.


മയക്കുമരുന്ന്, പക, പ്രതികാരം, ഇങ്ങനെ അടുത്ത നിമിഷം ഇരയോ വേട്ടക്കാരനോ ആക്കപ്പെടാനുള്ള സാമൂഹ്യ രാഷ്ട്രീയ സാധ്യത അത്രമേല്‍ സ്വാഭാവികമാണ് എന്ന രാഷ്ട്രീയ ഓര്‍മ്മപ്പെടുത്തലും കൂടിയാണ് പറവ. കുടുംബ ബന്ധങ്ങളിലെ/അദ്ധ്യാപക വിദ്യാര്‍ത്ഥി അടുപ്പങ്ങളിലെ എല്ലാം നിശബ്ദതയെ പൂരിപ്പിക്കുന്നുണ്ട് പലയിടത്തും. ഇച്ചാപ്പിയെയും അസീബിനെയും തിയ്യറ്ററില്‍ ഉപേക്ഷിക്കാന്‍ പ്രേക്ഷകന്‍ കൂട്ടാക്കാത്തതും അതുകൊണ്ട് തന്നെ. വിഷ്ണുഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവരുടെ പശ്ചാത്തല സംഗീതം, പതിവ് കാഴ്ചകളെ വ്യത്യസ്ത ആങ്കിളുകളിലൂടെ അട്ടിമറിക്കുന്ന ലിറ്റില്‍ സ്വയംപ് ന്റെ ക്യാമറയും, റെക്‌സ് വിജയന്റെ സംഗീതവും പറവയെ ഉയരത്തിലെത്തിച്ചു. അതേസമയം ആണ്‍ ആഘോഷങ്ങളുടെ കാഴ്ചകള്‍ മാത്രമായി പോയതാണ് പറവയുടെ പരിമിതി. ഒരു പെണ്‍ കഥാപാത്രം പോലും ജീവിതത്തില്‍ കരുത്ത് കാണിക്കുന്നില്ല. പുരുഷ കാഴ്ചയിലെ ഇടങ്ങളിലാണ് (അടുക്കള, കിടപ്പറ, തൊഴിലിടത്തിലെ അബല) അവര്‍ ചിറകില്ലാതെ കൂട്ടിലടക്കപ്പെട്ടത്. കുട്ടികളുടെ സൗഹൃദത്തില്‍ പോലും ഓര്‍ത്ത് വെക്കാവുന്ന ഒരു പെണ്‍കുട്ടിയില്ല എന്നത് വൈരുദ്ധ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com