സ്മ്യൂളില്‍ ഇനി എന്റെ പാട്ടുകള്‍ ഉപയോഗിക്കരുത്; എസ്പിബിക്കെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെ ഇളയരാജ വീണ്ടും

1100 രൂപ വരെയാണ് വ്യക്തികളില്‍ നിന്നും സ്മ്യൂള്‍ വാങ്ങുന്നത്. എന്നാല്‍ ഈ പാട്ടുകളെല്ലാം ചിട്ടപ്പെടുത്തിയ വ്യക്തിക്ക് ഇതില്‍ നിന്നും ഒരു വരുമാനവും ലഭിക്കുന്നില്ല
സ്മ്യൂളില്‍ ഇനി എന്റെ പാട്ടുകള്‍ ഉപയോഗിക്കരുത്; എസ്പിബിക്കെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെ ഇളയരാജ വീണ്ടും

ചെന്നൈ: തന്റെ പാട്ടുകള്‍ ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിനെതിരെ നിയമനടപടിക്ക് നീങ്ങിയതിന് പിന്നാലെ സ്മ്യൂളിനെതിരേയും തിരിഞ്ഞ് ഇളയരാജ. തന്റെ പാട്ടുകള്‍ ഉപയോഗിച്ചിരിക്കുന്നത് കരോക്കേ അപ്പ് സ്മ്യൂളില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഈമെയില്‍ അയച്ചിരിക്കുകയാണ് ഇളയരാജ ഇപ്പോള്‍. 

അനുവാദമില്ലാതെ ഇളയരാജയുടെ സംഗീതം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് സ്മ്യൂള്‍ നീക്കം ചെയ്യണമെന്ന് ഇളയരാജയുടെ നിലപാട്. കഴിഞ്ഞ ആഴ്ചയായിരുന്നു സ്മ്യൂളിന് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് അയച്ചത്. ഇനി എന്തു ചെയ്യണമെന്ന മറുചോദ്യമായിരുന്നു അവര്‍ ഉന്നയിച്ചതെന്ന് ഇളയരാജയുടെ കോപ്പിറൈറ്റ് കണ്‍സള്‍ട്ടന്റ് പറയുന്നു. 

1100 രൂപ വരെയാണ് വ്യക്തികളില്‍ നിന്നും സ്മ്യൂള്‍ വാങ്ങുന്നത്. എന്നാല്‍ ഈ പാട്ടുകളെല്ലാം ചിട്ടപ്പെടുത്തിയ വ്യക്തിക്ക് ഇതില്‍ നിന്നും ഒരു വരുമാനവും ലഭിക്കുന്നില്ല. വര്‍ഷങ്ങളായി ഇളയരാജയുടെ സംഗീതം ഇവര്‍ ഉപയോഗിക്കുന്നു. തങ്ങളുടെ സൃഷ്ടികള്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്ന ഇത്തരം നീക്കങ്ങള്‍ ചോദ്യം ചെയ്യാന്‍ ഇതിന്റെയെല്ലാം സൃഷ്ടാക്കള്‍ക്ക് അവകാശം ഉണ്ടെന്നും ഇളയരാജയുടെ കണ്‍സല്‍ട്ടന്റ് വാദിക്കുന്നു. 

ഇളയരാജയുടെ സംഗീതം ആസ്വദിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഈ സംഗീതം ഉപയോഗിച്ച് പണമുണ്ടാക്കുന്നവരെ നിയന്ത്രിച്ച് നിര്‍ത്തേണ്ടതുണ്ട്. 

ഈ വര്‍ഷം മാര്‍ച്ചില്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഗീത നിശയില്‍ ഇളയരാജയുടെ ഗാനങ്ങള്‍ ആലപിച്ചതിനെതിരേയും അദ്ദേഹം നിയമനടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിലുള്ള നിയമവശങ്ങള്‍ അറിയില്ലായിരുന്നു എന്നും, ഇനി നിയമത്തിന്റെ വഴിയെ പോകുമെന്നും ബാലസുബ്രഹ്മണ്യം വ്യക്തമാക്കിയിരുന്നു. 

റഷ്യ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, ദുബൈ എന്നിവിടങ്ങളില്‍ ഞങ്ങള്‍ ഇളയരാജയുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി സംഗീത നിശ നടത്തി. എന്നാല്‍ അപ്പോഴൊന്നും ഇളയരാജയുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായില്ല. ഇന്ത്യയില്‍ തന്നെ നിരവധി ഇടങ്ങളിലും പാടി. പക്ഷെ അമേരിക്കയില്‍ സംഗീത നിശയ്ക്കായി എത്തിയപ്പോള്‍ മാത്രമാണ് ഞങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചതെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com