'ആ സംഭാഷണം തെറ്റിദ്ധാരണാജനകം' ;  മമ്മൂട്ടിയുടെ മാസ് ഡയലോഗിനെതിരെ കമല്‍

നടി പാര്‍വതിക്ക് പിന്നാലെയാണ് മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച് കമലും രംഗത്തെത്തിയത്
'ആ സംഭാഷണം തെറ്റിദ്ധാരണാജനകം' ;  മമ്മൂട്ടിയുടെ മാസ് ഡയലോഗിനെതിരെ കമല്‍

കൊച്ചി : മമ്മൂട്ടിയുടെ ഹിറ്റ് സിനിമയിലെ സംഭാഷണത്തിനെതിരെ സംവിധായകന്‍ കമല്‍ രംഗത്ത്. നടി പാര്‍വതിക്ക് പിന്നാലെയാണ് മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച് കമലും രംഗത്തെത്തിയത്. ഹിറ്റ് ചിത്രമായ ബിഗ് ബിയിലെ മമ്മൂട്ടിയുടെ മാസ് ഡയലോഗിനെതിരെയാണ് കമലിന്റെ വിമര്‍ശനം. ആ സംഭാഷണം തെറ്റിദ്ധാരണാജനകമാണെന്ന് കമല്‍ പറഞ്ഞു. 

കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം. പക്ഷെ ബിലാല് പഴയ ബിലാല് തന്നെയാ.. ഇതായിരുന്നു മമ്മൂട്ടിയുടെ ഡയലോഗ്. എന്നാല്‍ ആ പരാമര്‍ശത്തോട് വിയോജിക്കുന്നുവെന്ന് കമല്‍ പറഞ്ഞു. 

കൊച്ചി പഴയ കൊച്ചി തന്നെയാണ് എന്നതാണ് സത്യം. കാരണം കൊച്ചി പഴയ കൊച്ചിയല്ലെന്ന് ചലച്ചിത്രത്തിലൂടെ ഒരു സന്ദേശം നല്‍കുമ്പോള്‍ അത് കൊടുക്കുന്നത് പുതിയ തലമുറയ്ക്ക് തെറ്റായ ഒരു ധാരണയാണ്. കമല്‍ പറഞ്ഞു. ഫോര്‍ട്ടുകൊച്ചിയിലെ ഇസ്ലാമിക് ഹെറിട്ടേജ് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കമല്‍. 

ഗ്രാമഫോണ്‍ എന്ന ചിത്രം താന്‍ മട്ടാഞ്ചേരിയില്‍ ചിത്രീകരിച്ചപ്പോള്‍ പലരും നിരുല്‍സാഹപ്പെടുത്തി. പക്ഷെ മട്ടാഞ്ചേരിക്കാര്‍ തന്നോട് പൂര്‍ണമായും സഹകരിച്ചു. പിന്നീട് കൊച്ചിയില്‍ മെഹബൂബ് അനുസ്മരണ സംഗീത പരിപാടിയില്‍ പങ്കെടുത്തശേഷം പുറത്തിറങ്ങിയപ്പോള്‍ ചില സുഹൃത്തുക്കള്‍ പറഞ്ഞത് ഇങ്ങനെ.

ഞങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു സിനിമയാണ് ഗ്രാമഫോണ്‍. ആ സിനിമയുടെ മഹത്വം കൊണ്ടല്ല. ആ സിനിമയില്‍ മാത്രമാണ് കൊച്ചിയില്‍ ക്വട്ടേഷന്‍ സംഘത്തെ കാണാത്തതെന്നായിരുന്നു അവരുടെ പ്രതികരണം. കമല്‍ വ്യക്തമാക്കി.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com