'തന്നെ പീഡിപ്പിച്ചത് ബാഹുബലി താരത്തിന്റെ സഹോദരന്‍'; സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ശ്രീറെഡ്ഡി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2018 03:10 PM  |  

Last Updated: 11th April 2018 03:10 PM  |   A+A-   |  

sri_reddy_7

 

നടി ശ്രീറെഡ്ഡിയുടെ ഒന്നിനു പിറകെ ഒന്നായുള്ള ആരോപണങ്ങളില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമ ലോകം. തെലുങ്ക് സിനിമയില്‍ നിലനില്‍ക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരേ പൊതുനിരത്തില്‍ തുണിയുരിഞ്ഞതിന് പിന്നാലെയാണ് പ്രമുഖ നിര്‍മാതാവിന്റെ മകന്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപിച്ച് ശ്രീറെഡ്ഡി രംഗത്തെത്തിയത്.

അത് ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. സീനിയര്‍ പ്രൊഡ്യൂസര്‍ സുരേഷ് ബാബുവിന്റെ മകനും നടന്‍ റാണ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടിയാണ് തന്നെ പീഡിപ്പിച്ചതെന്ന് ശ്രീറെഡ്ഡി ഒരു ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. 

സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് താരത്തിന്റെ ആരോപണം. അഭിറാമിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും ശ്രീറെഡ്ഡി പുറത്തുവിട്ടു. സ്റ്റുഡിയോയ്ക്കുള്ളില്‍ വെച്ച് ഒരു പ്രമുഖ നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കഴിഞ്ഞ ദിവസം ശ്രീറെഡ്ഡി ആരോപിട്ടത്. എന്നാല്‍ അത് ആരാണെന്ന് വെളിപ്പെടുത്താന്‍ അപ്പോള്‍ താരം തയാറായില്ല. പിന്നീടാണ് അഭിറാമിന്റെ പേര് പറഞ്ഞത്. തെലുങ്ക് സിനിമാ മേഖലയിലെ അതിശക്ത കുടുംബമാണ് ദഗ്ഗുബട്ടി.

തെലുങ്ക് സിനിമയിലെ താരങ്ങളുടെ സംഘടനയായ മൂവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ അംഗത്വം നല്‍കാതെ അവഗണിച്ചതിന് പിന്നാലെയാണ് തനിക്ക് നേരിടേണ്ടിവന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. തെലുങ്കിലെ പ്രമുഖ സംവിധായകനെതിരെയാണ് താരം ആദ്യം രംഗത്തെത്തിയത്. അതിന് പിന്നാലെ ഗായകനെതിരേയും ആരോപണം ഉയര്‍ത്തി. തെലുങ്ക് സിനിമ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍.