'കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം എടുക്കാന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി പദ്ധതിയുണ്ടായിരുന്നു'; തുറന്നു പറഞ്ഞ് കുഞ്ഞച്ചന്റെ സംവിധായകന്‍

'കഴിഞ്ഞ 38 വര്‍ഷമായി മമ്മൂട്ടിയുമായി മികച്ച ബന്ധമാണുള്ളത്. എനിക്കൊരിക്കലും അദ്ദേഹത്തോട് നോ പറയാനാകില്ല'
'കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം എടുക്കാന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി പദ്ധതിയുണ്ടായിരുന്നു'; തുറന്നു പറഞ്ഞ് കുഞ്ഞച്ചന്റെ സംവിധായകന്‍

കഴിഞ്ഞ എട്ട് വര്‍ഷമായി കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം എടുക്കാന്‍ പദ്ധതിയുണ്ടായിരുന്നെന്ന് സംവിധായകന്‍ ടി.എസ് സുരേഷ് ബാബു. ഇതിനായി പലരേയും സമീപിച്ചിരുന്നു. അതിന് ഇടയിലാണ് വിജയ് ബാബുവും മിഥുന്‍ മാനുവല്‍ തോമസും രണ്ടാം ഭാഗം എടുക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി മമ്മൂട്ടി തന്നോട് പറഞ്ഞതെന്നും സുരേഷ് ബാബു പറഞ്ഞു. കോട്ടയും കുഞ്ഞച്ചന്‍ മമ്മൂട്ടിയുടെ ജീവിതത്തിലെ പ്രധാന കഥാപാത്രമാണ്. 

രണ്ടാം ഭാഗം പുറത്തിറക്കുന്നതിനെതിരേ ആദ്യ സിനിമയുടെ നിര്‍മാതാവ് എം.മണി രംഗത്തെത്തിയത് വിവാദമായിരുന്നു. എല്ലാ പ്രശ്‌നവും പരിഹരിച്ചെന്നും കുഞ്ഞച്ചനായിത്തന്നെ മമ്മൂട്ടി എത്തുമെന്നും കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. അതിന് പിന്നാലെയാണ് രണ്ടാം ഭാഗം എടുക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നെന്ന് സുരേഷ് ബാബു തുറന്നു പറഞ്ഞത്. 

'മമ്മൂക്കയ്ക്ക് വേണ്ടി എന്ത് ചെയ്യാനും ഞങ്ങള്‍ തയാറാണ്. കഴിഞ്ഞ 38 വര്‍ഷമായി മമ്മൂട്ടിയുമായി മികച്ച ബന്ധമാണുള്ളത്. എനിക്കൊരിക്കലും അദ്ദേഹത്തോട് നോ പറയാനാകില്ല. കഴിഞ്ഞ എട്ടു വര്‍ഷമായി കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം എടുക്കാന്‍ പദ്ധതിയിടുന്നു. എന്നാല്‍ കലൂര്‍ ഡെന്നീസിന് ഇതില്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല. പിന്നീട് ഞാന്‍ റാഫി, ഉദയകൃഷ്ണ- സിബി കെ തോമസ്, രഞ്ജി പണിക്കരോട് വരെ ഇതേപ്പറ്റി സംസാരിച്ചു. അപ്പോഴാണ് വിജയ് ബാബുവിനും മിഥുന്‍ മാനുവല്‍ തോമസിനും രണ്ടാം ഭാഗം എടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് മമ്മൂക്ക വിളിച്ചു പറയുന്നത്. മമ്മൂക്ക അതിന് അനുവാദം കൊടുത്താല്‍ എനിക്കും അത് ഓകെ ആണെന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. പ്രഖ്യാപനത്തിന് മുന്‍പ് പ്രൊഡ്യൂസറില്‍ നിന്ന് അവകാശം വാങ്ങണമെന്നും പറഞ്ഞിരുന്നു.' സുരേഷ് ബാബു പറഞ്ഞു. 

നിര്‍മാതാവും വിജയ് ബാബുവും തമ്മില്‍ സംസാരിച്ചതിലുണ്ടായ പ്രശ്‌നമാണ് വിവാദത്തിന് കാരണമായതെന്നാണ് അദ്ദേഹം പറയുന്നത്. ഇരുവര്‍ക്കും തമ്മില്‍ സംവദിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടായി. എന്നാല്‍ ഇപ്പോള്‍ എല്ലാം പരിഹരിക്കപ്പെട്ടെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. 

നടനും നിര്‍മാതാവുമായ വിജയ് ബാബുവാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി കഴിഞ്ഞ ദിവസം അറിയിച്ചത്. കോട്ടയം കുഞ്ഞച്ചന്‍ എന്ന പേരിന്റെ അവകാശം സ്വന്തമാക്കിയെന്നും വിജയ് ബാബു പറഞ്ഞു. തിരക്കഥ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ സിനിമ തുടങ്ങുമെന്നും ഫേയ്‌സ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com