'നമുക്ക് പ്രകാശന്റെ കഥ പറയാം, ആകാശ് എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ'; ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട്‌ വീണ്ടും; നായകന്‍ ഫഹദ്

ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്
'നമുക്ക് പ്രകാശന്റെ കഥ പറയാം, ആകാശ് എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ'; ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട്‌ വീണ്ടും; നായകന്‍ ഫഹദ്

ശ്രീനിവാസനും സത്യന്‍ അന്തിക്കാടും പതിനാറ് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രത്തില്‍ ഫഹദ് നായകനാകും. മലയാളി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്. 

2002 ല്‍ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും അവസാനമായി ഒരുമിച്ചത്. പ്രകാശന്‍ എന്ന പേര് ഗസറ്റിലൂടെ പി.ആര്‍ ആകാശ് എന്നാക്കി മാറ്റിയ യുവാവിന്റെ കഥയാണ് ഇതെന്ന് സത്യന്‍ കുറിച്ചു. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് തന്നെ ഈ സിനിമയും നിര്‍മിക്കുന്നു. ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങും. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാടൊരുക്കുന്ന ചിത്രമാണിത്. 

സത്യന്‍ അന്തിക്കാടിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകള്‍. പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും. പല കഥകളും ആലോചിച്ചു. പലതും ആരംഭത്തില്‍ തന്നെ വിട്ടു. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്' ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.

ഒരു ദിവസം അതിരാവിലെ ഉറക്കമുണര്‍ന്ന് വരുമ്പോള്‍, പുറത്തെ മുറിയില്‍ ശ്രീനിവാസന്‍ ശാന്തനായി ഇരിക്കുന്നു. 'കഥ കിട്ടി'
ശ്രീനി പറഞ്ഞു.'കഥക്ക് വേണ്ടി നമ്മള്‍ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങള്‍.'ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തില്‍ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.

'നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റില്‍ പരസ്യപ്പെടുത്തി, 'പി ആര്‍ ആകാശ്' എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ.'പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു. അതാണ് ഞങ്ങളുടെ പുതിയ സിനിമ. ഫഹദ് ഫാസിലാണ് പ്രകാശന്‍.

'ജോമോന്റെ സുവിശേഷങ്ങള്‍'ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് തന്നെ ഈ സിനിമയും നിര്‍മ്മിക്കുന്നു. ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം. എസ്.കുമാര്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.
വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്. 'മലയാളി' എന്നാണ് സിനിമയുടെ പേര്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com