'പേര് മലയാളി എന്നല്ല, മലയാളിത്തമുള്ള മറ്റൊരു പേരിനായി കാത്തിരിക്കൂ'; ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ പേര് മാറ്റും

'പേര് മലയാളി എന്നല്ല, മലയാളിത്തമുള്ള മറ്റൊരു പേരിനായി കാത്തിരിക്കൂ'; ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ പേര് മാറ്റും

ഫഹദ് ഫാസിലിനാണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്

ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് ചിത്രം. 17 വര്‍ഷത്തിന് ശേഷമുള്ള ഈ കൂടിച്ചേരലില്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ചിത്രത്തെക്കുറിച്ച് സത്യന്‍ അന്തിക്കാട് പ്രഖ്യാപനം നടത്തിയത്. സാധാരണയില്‍ നിന്ന് വിപരീതമായി ചിത്രത്തിന്റെ പേരും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മലയാളി എന്നായിരുന്നു ചിത്രത്തിനിട്ട പേര്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിലാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. 

മലയാളി എന്ന പേരില്‍ മറ്റൊരു സിനിമയുള്ളതിനാലാണ് ചിത്രത്തിന്റെ പേര് മാറ്റുന്നതെന്ന് ഫേയ്‌സ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കി. ആ സിനിമയുടെ നിര്‍മാതാവ് അടക്കം എല്ലാവരും പേരു മാറ്റേണ്ടതില്ല എന്നു പറഞ്ഞെങ്കിലും പേരുമാറ്റുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി ഇടാന്‍ പോകുന്ന പേര് മലയാളിത്തമുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫഹദ് ഫാസിലിനാണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. ഗസറ്റിലൂടെ സ്വന്തം പേര് ആകാശ് എന്നാക്കി മാറ്റിയ പ്രകാശന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. 

സത്യന്‍ അന്തിക്കാടിന്റെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഫഹദ് ഫാസില്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തട്ടാന്‍ ഭാസ്‌കരന്റേയും സ്‌നേഹലതയുടേയും കഥയിലേക്ക് എന്നെ ആദ്യം ആകര്‍ഷിച്ചത് 'പൊന്മുട്ടയിടുന്ന തട്ടാന്‍' എന്ന പേരായിരുന്നു. രഘുനാഥ് പാലേരിയുടെ സങ്കല്പത്തില്‍ ആ 'തട്ടാന്‍' ഈശ്വരനാണ്. 'പൊന്മുട്ട' പ്രഭാത സൂര്യനും. അതിലെ കാവ്യഭംഗി മനസ്സിലാക്കാതെ തെറ്റിദ്ധരിച്ച് ചിലര്‍ എതിര്‍പ്പുമായി വന്നപ്പോള്‍ വിവാദത്തിനൊന്നും നില്‍ക്കാതെ ഞങ്ങള്‍ 'തട്ടാനെ' 'താറാവാക്കി' മാറ്റി.

ഇപ്പോള്‍, പുതിയ സിനിമയുടെ ആലോചനയുമായി ഇരിക്കുമ്പോള്‍ ശ്രീനിവാസന്‍ ഒരു കഥ പറഞ്ഞു. പി. ആര്‍. ആകാശ് എന്ന പ്രകാശന്റെ കഥ. ഇന്നത്തെ മലയാളിയുടെ പൊതു സ്വഭാവത്തെ മുന്‍നിര്‍ത്തിയുള്ള കഥയായതുകൊണ്ട് 'മലയാളി' എന്ന് പേരിട്ടാലോയെന്ന് തോന്നി. കേട്ടവര്‍ക്കെല്ലാം അതിഷ്ടമായി. ഫിലിം ചേംബറിന്റെ അനുവാദവും കിട്ടി. അങ്ങനെയാണ് 'വൈകി പേരിടുന്ന പതിവു രീതി മാറ്റുന്നു' എന്ന മുഖവുരയോടെ പേര് അനൗണ്‍സ് ചെയ്യുന്നത്.

'ദൈവത്തെ ചിരിപ്പിക്കാന്‍ നമ്മുടെ ഭാവി പരിപാടികള്‍ പറഞ്ഞാല്‍ മതി' എന്ന് കേട്ടിട്ടുണ്ട്. അക്ഷരം പ്രതി സത്യം. ദൈവം ചിരിച്ചു. 'മലയാളി' എന്ന പേരില്‍ മുന്‍പൊരു സിനിമ ഉണ്ടായിരുന്നുവെന്ന് ഞങ്ങള്‍ ഓര്‍ത്തിട്ടില്ലായിരുന്നു.

ആ സിനിമയുടെ നിര്‍മ്മാതാവടക്കം പലരും പറഞ്ഞു  'സാരമില്ല, ഒരു സിനിമയുടെ പേരില്‍ തന്നെ പിന്നീട് സിനിമകള്‍ ഉണ്ടായിട്ടുണ്ടല്ലോ'.

എങ്കിലും ഞങ്ങള്‍ ആ പേര് മാറ്റുകയാണ്. മലയാളിത്തമുള്ള മറ്റൊരു പേരിനു വേണ്ടി നമുക്ക് കാത്തിരിക്കാം.

അല്ലെങ്കിലും പേരിലല്ലല്ലോ, പ്രമേയത്തിലല്ലേ കാര്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com