'മമ്മൂക്ക, നിങ്ങളെ വച്ച് പടമെടുക്കാന്‍ എന്റെ കയ്യില്‍ പണമില്ല'; അങ്കിളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയോട് ജോയ് മാത്യു പറഞ്ഞത് ഇതാണ്

മമ്മൂക്ക എന്നെ വിളിച്ചു പറഞ്ഞു, 'ഡാ അതും ഇതും പറയാന്‍ നില്‍ക്കേണ്ട.'
'മമ്മൂക്ക, നിങ്ങളെ വച്ച് പടമെടുക്കാന്‍ എന്റെ കയ്യില്‍ പണമില്ല'; അങ്കിളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയോട് ജോയ് മാത്യു പറഞ്ഞത് ഇതാണ്

മമ്മൂട്ടി പ്രധാന റോളില്‍ എത്തുന്ന അങ്കിള്‍ റിലീസിന് അടുത്ത ആഴ്ച തീയെറ്ററുകളില്‍ എത്തുകയാണ്. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ അങ്കിള്‍ സിനിമ മറ്റൊരു നടനെ വെച്ചെടുക്കാനാണ് തീരുമാനിച്ചിരുന്നതെന്നാണ് ജോയ് മാത്യു പറയുന്നത്. സിനിമയ്ക്കായി സൂപ്പര്‍ താരങ്ങളെ സമീപിക്കാന്‍ പോകാറില്ലെന്നും മമ്മൂക്കയും താനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തില്‍ അഭിനയിക്കാനുള്ള കാരണമെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ജോയ് മാത്യു വ്യക്തമാക്കി. 

മമ്മൂട്ടിയും താനും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. ഫേയ്‌സ്ബുക്കിലും മറ്റും എഴുതുന്നത് അദ്ദേഹം വായിച്ച് അഭിപ്രായം പറയാറുണ്ട്. പുത്തന്‍ പണത്തിന്റെ സമയത്ത് രഞ്ജിത്തിനോടാണ് അങ്കിളിന്റെ കാര്യം പറയുന്നത്. കാര്യങ്ങള്‍ അദ്ദേഹം രഞ്ജിത്താണ് മമ്മൂക്കയോട് പറയുന്നത്. മമ്മൂക്ക എന്നെ നേരിട്ടു കണ്ടപ്പോള്‍ ചോദിച്ചു, 'ഓ നിങ്ങള്‍ സിനിമ എടുക്കുമ്പോള്‍ എന്നെ വിളിക്കില്ലല്ലോ.' ഞാന്‍ പറഞ്ഞു 'മമ്മൂക്കാ എനിക്ക് നിങ്ങളെ അഫോര്‍ഡ് ചെയ്യാന്‍ പറ്റില്ല. നിങ്ങളൊക്കെ കോടികള്‍ വാങ്ങുന്ന ആളല്ലേ'. മമ്മൂക്ക പറഞ്ഞു, 'അതിന് ഞാന്‍ നിന്നോട് പൈസ ചോദിച്ചോ?, നീ കഥ പറയ്. ഞാന്‍ വീണ്ടും പറഞ്ഞു, മമ്മൂക്ക, നിങ്ങളെ വച്ച് പടമെടുക്കാന്‍ എന്റെ കയ്യില്‍ പണമില്ല. ഞാന്‍ സത്യത്തില്‍ വേറെ ഒരു നടനെയാണ് ആദ്യം അങ്കിളിന് വേണ്ടി കണ്ടുവച്ചിരുന്നത്. ഇപ്പോഴും മമ്മൂക്കയ്ക്ക് മുഴുവന്‍ പണവും കൊടുത്തിട്ടില്ല. ജോയ് മാത്യു പറഞ്ഞു. 

തന്റെ മകളുമായി ബന്ധപ്പെട്ട ഒരു ചിന്തയാണ് അങ്കിള്‍ എന്ന സിനിമയിലേക്ക് എത്തുന്നത്. ജോയ് മാത്യുവിന്റെ മകള്‍ കൊച്ചിയിലാണ് പഠിക്കുന്നത്. അവധി ദിവസങ്ങളില്‍ കോഴിക്കോട്ടേക്ക് വരുമ്പോള്‍ മകളേയും കൂടെക്കൂട്ടാറുണ്ട്. ഒരു ദിവസം അദ്ദേഹം തിരക്കിലായിപ്പോയി മകള്‍ക്ക് കോഴിക്കോട്ട് എത്തുകയും വേണം. അപ്പോഴാണ് തന്റെ സുഹൃത്തുക്കളില്‍ ആരോടൊപ്പം മകളെ വിടും എന്നു ചിന്തിക്കുന്നത്. ഇതില്‍ നിന്നാണ് അങ്കിള്‍ ജനിക്കുന്നത്. 

തന്റെ സിനിമയില്‍ നായകനും നായികയുമൊന്നുമില്ല കഥാപാത്രങ്ങള്‍ മാത്രമാണുള്ളതെന്നും ജോയ് മാത്യു പറഞ്ഞു. 'മനുഷ്യരില്‍ നന്മയും തിന്മയും ഉണ്ട്. അത് പുറത്ത് വരുന്നത് ഓരോ സാഹചര്യങ്ങളിലാണ്. അത്തരം ഒരു സാഹചര്യത്തില്‍ മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രം എന്താകും എന്നതാണ് സിനിമയുടെ കാതല്‍. പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്യുന്ന ഒരു മനുഷ്യന്റെ മനോവിചാരങ്ങള്‍. രണ്ട് പകലും ഒരു രാത്രിയുമാണ് സിനിമയുടെ ദൈര്‍ഘ്യം. ഷട്ടറും അങ്ങനെയാണ്. എനിക്ക് രണ്ട് പകലും ഒരു രാത്രിയും ബലഹീനതയാണ്.'

ഷട്ടറിന് മുകളില്‍ നില്‍ക്കുന്ന ചിത്രമായിരിക്കും അങ്കിള്‍ എന്ന് ജോയ് മാത്യു പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ 'അത് ഇത്ര വലിയ ട്രോളാകുമെന്നും സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുമെന്നും ഞാന്‍ വിചാരിച്ചില്ല. ഒരു ട്രോള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തപ്പോള്‍ ആയിരത്തോളം കമന്റുകള്‍ വന്നു. എനിക്ക് ഇത്രമാത്രം ആത്മവിശ്വാസമുണ്ടോ എന്ന് ആലോചിച്ച് എനിക്ക് തന്നെ അത്ഭുതമായി. മമ്മൂക്ക എന്നെ വിളിച്ചു പറഞ്ഞു, 'ഡാ അതും ഇതും പറയാന്‍ നില്‍ക്കേണ്ട.'' ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയിലെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് മാത്രം സാധിക്കുകയൊള്ളൂവെന്നും ജോയ് മാത്യു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com