വിമര്‍ശനം മറികടക്കാന്‍ 'അമ്മ' ; വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയില്‍ ഹണിറോസും രചനയും കക്ഷി ചേര്‍ന്നു 

നടിമാരായ ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവരാണ് കേസില്‍ കക്ഷി ചേര്‍ന്നത്
വിമര്‍ശനം മറികടക്കാന്‍ 'അമ്മ' ; വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയില്‍ ഹണിറോസും രചനയും കക്ഷി ചേര്‍ന്നു 

കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ വിമര്‍ശനങ്ങള്‍ മറികടക്കാന്‍ താരസംഘടനയായ 'അമ്മ'യുടെ നീക്കം. ഇതിന്റെ ഭാഗമായി കേസില്‍ അമ്മ ഭാരവാഹികളായ നടിമാര്‍ കക്ഷി ചേര്‍ന്നു. കേസിലെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയ്ക്ക് പിന്തുണയുമായാണ് അമ്മ ഭാരവാഹികളായ നടിമാര്‍ കക്ഷി ചേര്‍ന്നത്. നടിമാരായ ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവരാണ് കേസില്‍ കക്ഷി ചേര്‍ന്നത്. 

ഇതിനായി അപേക്ഷ നല്‍കിയതായി നടിമാര്‍ വ്യക്തമാക്കി. അക്രമത്തിന് ഇരയായ നടിക്കൊപ്പമല്ല. വേട്ടക്കാരനൊപ്പമാണ് അമ്മ സംഘടനയെന്ന് കടുത്ത വിമര്‍ശനം പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങളെ ശരിവെക്കും വിധത്തില്‍, കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതിന് മുമ്പു തന്നെ ആരോപണ വിധേയനായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പൊതുസമൂഹത്തിന് മുന്നില്‍ വികൃതമാക്കപ്പെട്ട സംഘടനയുടെ മുഖം രക്ഷിക്കലിന്റെ ഭാഗമായാണ്, നടിയ്‌ക്കൊപ്പം കക്ഷി ചേരാന്‍ അമ്മ ഭാരവാഹികളായ നടിമാരെ നിയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്നും, വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നേരത്തെ ഈ ആവശ്യവുമായി നടി സെഷന്‍സ് കോടതിയെ സമീപിച്ചപ്പോഴൊന്നും, അമ്മയോ, അതിലെ നടിമാരോ പരാതിക്കാരിയായ നടിക്ക് പിന്തുണ നല്‍കിയിരുന്നില്ല. നടിയുടെ ആവശ്യം നേരത്തെ സെഷന്‍സ് കോടതി തള്ളിയപ്പോഴും ഈ നടിമാരൊന്നും ഒരു പ്രതികരണം പോലും നടത്തിയിരുന്നുമില്ല. ഇപ്പോള്‍ നടിയുടെ ഹര്‍ജിയെ പിന്തുണച്ച് സര്‍ക്കാരും രംഗത്തു വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അമ്മ ഭാരവാഹികളായ നടിമാരും രംഗത്തു വന്നത് എന്നത് ശ്രദ്ധേയമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com