സംവിധായകന്‍ പാ രഞ്ജിത്ത് ബോളിവുഡിലേക്ക്

'മദ്രാസ്', 'കബാലി' എന്നീ ചിത്രങ്ങളിലൂടെ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കഥയാണ് രഞ്ജിത്ത് അഭ്രപാളികളില്‍ എത്തിച്ചത്.
സംവിധായകന്‍ പാ രഞ്ജിത്ത് ബോളിവുഡിലേക്ക്

വ്യത്യസ്തമായ അവതരണരീതികൊണ്ട് ശ്രദ്ധേയനായ തമിഴ് സംവിധായകനാണ് പാ രഞ്ജിത്ത്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി 'കബാലി', 'കാല' എന്നീ ചിത്രങ്ങള്‍ ഒരുക്കിയതിനു പിന്നാലെ ബോളിവുഡിലേക്ക് കാലെടുത്ത് വയ്ക്കുകയാണ് ഈ സംവിധായകന്‍. 

ചിത്രത്തിലെ നായകന്‍ ആരാകുമെന്ന് നിശ്ചയിച്ചിട്ടില്ല. നമാ പിക്‌ചേഴ്‌സുമായി ചേര്‍ന്നായിരിക്കും പാ രഞ്ജിത് തന്റെ ആദ്യ ബോളിവുഡ് ചിത്രം ഒരുക്കുന്നത്. മാളവിക മോഹന്‍, ഇഷാന്‍ ഖട്ടര്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി മജീദ് മാജിദി ഒരുക്കിയ 'ബിയോണ്ട് ദി ക്ലൗഡ്‌സ്' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് നമാ പിക്‌ചേഴ്‌സ്. ഷറീന്‍ മന്ത്രി കേഡിയ, കിഷോര്‍ അറോറ എന്നിവരാണ് നമാ പിക്‌ചേഴ്‌സിന്റെ സ്ഥാപകര്‍.

'മദ്രാസ്', 'കബാലി' എന്നീ ചിത്രങ്ങളിലൂടെ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കഥയാണ് രഞ്ജിത്ത് അഭ്രപാളികളില്‍ എത്തിച്ചത്. ഏറ്റവും പുതിയ ചിത്രമായ 'കാല'യിലും അദ്ദേഹം സംസാരിച്ചത് പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ പോരാട്ടങ്ങളെക്കുറിച്ചാണ്.

ചെന്നൈയുടെ പരിസരത്തുള്ള തിരുനിന്‍ട്രിയൂര്‍ എന്ന ഗ്രാമ പ്രദേശത്ത് ജനിച്ചു വളര്‍ന്നതാണ് രഞ്ജിത്. മുഖ്യധാരാ സിനിമകളുടെ പരിമിതികളെക്കുറിച്ചും അതിലെ തന്റെ നിലപാടുകളെക്കുറിച്ചും ഉറച്ച ബോധ്യമുള്ള സംവിധായകനാണ് രഞ്ജിത്. പരിചിതമായ ഭാഷയില്‍ പുതിയ കഥ പറയുക എന്ന പാ രഞ്ജിത് രീതി എത്ര കണ്ടു സ്വീകരിക്കപ്പെടും എന്നത് അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങള്‍ കാണിച്ചു തന്നിട്ടുണ്ട്. അതേ പരീക്ഷണങ്ങളാണോ അദ്ദേഹം ബോളിവുഡിലും നടത്തുക എന്നത് കാത്തിരുന്നു കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com