'ആ ആവശ്യം ഹര്‍ജിയില്‍ ആദ്യം ഉണ്ടായിരുന്നില്ല' ; 'അമ്മ'യെ വെട്ടിലാക്കി ഹണി റോസിന്റെ വെളിപ്പെടുത്തല്‍

വനിതാ ജഡ്ജിയും തൃശൂരില്‍ വിചാരണക്കോടതിയും വേണമെന്ന ആവശ്യമാണ് ഹര്‍ജിയിലെന്നായിരുന്നു അമ്മ ഭാരവാഹികള്‍ തന്നെ ധരിപ്പിച്ചിരുന്നത്
'ആ ആവശ്യം ഹര്‍ജിയില്‍ ആദ്യം ഉണ്ടായിരുന്നില്ല' ; 'അമ്മ'യെ വെട്ടിലാക്കി ഹണി റോസിന്റെ വെളിപ്പെടുത്തല്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള താരസംഘടനയായ അമ്മയുടെ നീക്കവും വിവാദമായതിന് പിന്നാലെ, പുതിയ വെളിപ്പെടുത്തലുമായി നടി ഹണി റോസും രംഗത്ത്. നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ല എന്നും ഈ ആവശ്യം പിന്നീടു കൂട്ടിച്ചേര്‍ത്തതാണെന്നും ഹണി റോസ് വെളിപ്പെടുത്തിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ വനിതാ ജഡ്ജിയും തൃശൂരില്‍ വിചാരണക്കോടതിയും വേണമെന്ന ആവശ്യമാണ് ഹര്‍ജിയിലെന്നായിരുന്നു അമ്മ ഭാരവാഹികള്‍ തന്നെ ധരിപ്പിച്ചിരുന്നത്.  അതുകൊണ്ടാണ് ഹര്‍ജിയില്‍ ഒപ്പിട്ടതെന്നും ഹണി റോസ് മാധ്യമങ്ങളോട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിലീപ് വിഷയത്തില്‍ പ്രതിരോധത്തിലായ താര സംഘടന പ്രതിച്ഛായ വീണ്ടെടുക്കുക ലക്ഷ്യമിട്ടാണ് കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ഹണിയുടെ വെളിപ്പെടുത്തല്‍, പ്രതിച്ഛായ വീണ്ടെടുക്കാനുള്ള സംഘടനയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു നടിമാരായ രചന നാരായണന്‍കുട്ടിയേയും ഹണി റോസിനേയും രംഗത്തിറക്കിയുള്ള അമ്മയുടെ നീക്കം. 

നടിയെ ആക്രമിച്ച കേസില്‍ കക്ഷിചേരാനുള്ള 'അമ്മ'യുടെ നീക്കത്തിനുപിന്നില്‍ രൂക്ഷമായ ചേരിപ്പോരും വാക്കുതര്‍ക്കവും ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. വിചാരണയ്ക്ക് വനിതാജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സര്‍ക്കാരിന് നല്കിയ കത്ത് പൂഴ്ത്തിയത് മുതല്‍ മോഹന്‍ലാലിന്റെ രാജിഭീഷണിവരെ ചേരിപ്പോര് നീണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ വനിതാ ജഡ്ജിയെ നിയമിക്കണമെന്നും, കേസ് തൃശൂര്‍ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കാനായിരുന്നു തീരുമാനം. കത്ത് തയ്യാറാക്കി മുഖ്യമന്ത്രിക്ക് നല്‍കാനും തീരുമാനം എടുത്തു. 

ഇതറിഞ്ഞ ദിലീപ് അനുകൂലികള്‍ സര്‍ക്കാരില്‍ സ്വാധീനമുള്ള മുതിര്‍ന്ന ഭാരവാഹിയുടെ നേതൃത്വത്തില്‍ രംഗത്തിറങ്ങി. കത്ത് മുഖ്യമന്ത്രിക്ക് മുമ്പാകെ എത്താതിരിക്കാന്‍ ഇദ്ദേഹം നേരിട്ട് കരുനീക്കിയെന്നുമാണ് സൂചന. തീരുമാനം അട്ടിമറിക്കപ്പെട്ടത് അറിഞ്ഞ മോഹന്‍ലാല്‍ ക്ഷുഭിതനായി. 'ഇയാള്‍ കുറ്റം ചെയ്തില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും എല്ലാകാര്യങ്ങളിലും ഇടപെട്ട് അട്ടിമറിശ്രമങ്ങള്‍ നടത്തുന്നതെന്തിനെന്നും' ദിലീപിനെ ഉദ്ദേശിച്ച് മോഹന്‍ലാല്‍ ചോദിക്കുകയും ചെയ്തു. രാജി ഭീഷണി മുഴക്കിയ മോഹന്‍ലാലിനെ ഇടവേള ബാബു അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com