വരത്തനും കുട്ടനാടന്‍ ബ്ലോഗിനും റിലീസ് തീയതിയായി, ഓണച്ചിത്രങ്ങള്‍ വേറെയും

ഏതായാലും ഓണത്തിന് റിലീസ് ആകുന്ന അഞ്ച് ചിത്രങ്ങളും പ്രേഷകരുടെ പ്രതീക്ഷ തകര്‍ക്കില്ലെന്ന് കരുതാം
വരത്തനും കുട്ടനാടന്‍ ബ്ലോഗിനും റിലീസ് തീയതിയായി, ഓണച്ചിത്രങ്ങള്‍ വേറെയും

ണം കെങ്കേമമാക്കാന്‍ മലയാള സിനിമ ഒരുങ്ങിക്കഴിഞ്ഞു. അഞ്ച് മലയാള ചിത്രങ്ങളാണ് ഓണത്തിന് റിലീസ് ചെയ്യാനൊരുങ്ങി നില്‍ക്കുന്നത്. ഓഗസ്റ്റ് 24ന് അമല്‍ നിരദ് ചിത്രം വരത്തനും സേതുവിന്റെ കുട്ടനാടന്‍ ബ്ലോഗും റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. അതേസമയം കായംകുളം കൊച്ചുണ്ണി, പടയോട്ടം, തീവണ്ടി തുടങ്ങിയ ചിത്രങ്ങളുടെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ഏതായാലും ഓണത്തിന് റിലീസ് ആകുന്ന അഞ്ച് ചിത്രങ്ങളും പ്രേഷകരുടെ പ്രതീക്ഷ തകര്‍ക്കില്ലെന്ന് കരുതാം. മമ്മൂട്ടിയും മോഹന്‍ലാലും മഞ്ജു വാര്യറും യുവതാരങ്ങളായ ഫഹദും ടൊവിനോയുമെല്ലാം തിയേറ്ററുകളില്‍ ആരാധകരെ ആവേശം കൊള്ളിക്കാനെത്തുകയാണ്.

വരത്തന്‍
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വരത്തന്‍. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യ ലക്ഷ്മിയാണ് നായികാ വേഷത്തിലെത്തുന്നത്. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വാഗമണ്‍, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷന്‍. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്. സിനിമ സംബന്ധിച്ച എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. 

കുട്ടനാടന്‍ബ്ലോഗ്
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗില്‍ അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. തിരക്കഥകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സേതു തന്നെയാണ്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹസംവിധായകനായി യുവനടന്‍ ഉണ്ണി മുകുന്ദന്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഷംന ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ഹരി എന്ന ബ്ലോഗ് എഴുത്തുകാരനായി ആണ് മമ്മൂട്ടി എത്തുന്നത്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കായംകുളം കൊച്ചുണ്ണി
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 45 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ അഭിനയിച്ചിട്ടുണ്ട്. 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയും.

പടയോട്ടം
ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് പടയോട്ടം. ഹരീഷ് കണാരന്‍,സുധി കോപ്പ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ എ ആര്‍,അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പടയോട്ടത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു കുടുംബ ചിത്രമായിരിക്കും പടയോട്ടമെന്നാണ് അറിയുന്നത്. ഏതായാലും ഓണത്തിന് തിയേറ്ററിലെത്തുന്ന കുടുംബ പ്രേഷകര്‍ക്ക് നിരാശപ്പെടേണ്ട എന്ന് പ്രതീക്ഷിക്കാം.

തീവണ്ടി
വിവിധ കാരണങ്ങളാല്‍ റിലീസ് നീട്ടിവെച്ച് ഇപ്പോള്‍ ഓണം റിലീസായി തീയേറ്ററുകളിലേക്കെത്തുകയാണ് തീവണ്ടി എന്ന ടൊവിനോ തോമസ് ചിത്രം. നവാഗതനായ ഫെലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നു. സൈജു കുറുപ്പ്,സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com