'മദ്യപിച്ചിരുന്നില്ല, അപകടമുണ്ടായത് അശ്രദ്ധ മൂലം'; മകനെതിരേയുള്ള പ്രചാരണങ്ങള്‍ക്കെതിരേ വിക്രം

അപകട വാര്‍ത്തയായതോടെ ധ്രുവ് മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നത് എന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു
'മദ്യപിച്ചിരുന്നില്ല, അപകടമുണ്ടായത് അശ്രദ്ധ മൂലം'; മകനെതിരേയുള്ള പ്രചാരണങ്ങള്‍ക്കെതിരേ വിക്രം


ചെന്നൈ: മകന് എതിരേയുള്ള വിമര്‍ശനങ്ങളെ തള്ളി തെന്നിന്ത്യന്‍ നായകന്‍ വിക്രം. മദ്യപിച്ചതുകൊണ്ടല്ല ധ്രുവ് വാഹനാപകടമുണ്ടാക്കിയതെന്നും അശ്രദ്ധ മൂലമാണെന്നുമാണ് താരത്തിന്റെ മാനേജര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഓട്ടോറിക്ഷകള്‍ക്ക് മേല്‍ വണ്ടി ഇടിച്ചു കയറ്റിയതിന് ധ്രുവിനെതിരേ കേസെടുത്തത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും മൂന്ന് ഓട്ടോറിക്ഷകള്‍ക്ക് സാരമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. 

അപകട വാര്‍ത്തയായതോടെ ധ്രുവ് മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നത് എന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ടാണ് വിക്രമിന്റെ വിശദീകരണം. ' ഞായറാഴ്ച്ച രാവിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങി വരുമ്പോഴാണ് ധ്രുവിന്റെ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. ഇയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു. അപകടം സംഭവിച്ചത് അശ്രദ്ധ മൂലമാണ് എന്നും അതിന് മറ്റ് കാരണങ്ങള്‍ ഒന്നും ഇല്ല എന്നും ഞങ്ങള്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.' മാനേജര്‍ സൂര്യനാരായണന്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ചെന്നൈയിലെ തേനാംപേട്ടില്‍ സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്ക് സമീപം ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷകളുടെമേല്‍ ഇടിക്കുകയായിരുന്നു. ധ്രുവിനെ കൂടാതെ മൂന്ന് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവര്‍ കമേഷിനെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ പോണ്ടി ബസാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അപകടത്തില്‍പ്പെട്ടയാള്‍ക്ക് പരാതിയില്ല എന്നറിയിച്ചതിനെ തുടര്‍ന്ന് ധ്രുവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അപകടമുണ്ടാകുമ്പോള്‍ ധ്രുവ് മദ്യലഹരിയിലായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com