സിനിമയിലേക്ക് ഇറങ്ങിത്തിരിച്ചത് കുടുംബത്തിന് വേണ്ടി, അവസാനം ചതിക്കപ്പെട്ടു; വിവാഹം കഴിക്കാന്‍ അമ്മ സമ്മതിച്ചില്ല: ഷക്കീല

കുടുംബത്തിന് വേണ്ടി സിനിമയിലേക്ക് ഇറങ്ങിത്തിരിച്ച തനിക്കൊപ്പം നില്‍ക്കാന്‍ ഇപ്പോള്‍ ആരുമില്ലെന്ന് നടി ഷക്കീല
സിനിമയിലേക്ക് ഇറങ്ങിത്തിരിച്ചത് കുടുംബത്തിന് വേണ്ടി, അവസാനം ചതിക്കപ്പെട്ടു; വിവാഹം കഴിക്കാന്‍ അമ്മ സമ്മതിച്ചില്ല: ഷക്കീല

കുടുംബത്തിന് വേണ്ടി സിനിമയിലേക്ക് ഇറങ്ങിത്തിരിച്ച തനിക്കൊപ്പം നില്‍ക്കാന്‍ ഇപ്പോള്‍ ആരുമില്ലെന്ന് നടി ഷക്കീല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീലയുടെ വെളിപ്പെടുത്തല്‍. ചെന്നൈയിലാണ് ഞാന്‍ ജനിച്ചത്. എനിക്ക് ഏഴ് സഹോദരങ്ങളുണ്ടായിരുന്നു. അച്ഛന്‍ എന്റെ ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ വിട്ടുപോയി. അദ്ദേഹം എന്നെ നന്നായി നോക്കിയിരുന്നു. ആ പാവം ഞാന്‍ അഭിനയിച്ച സിനിമകളൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല. സഹോദരന്‍ സലീമുമായി മാത്രമാണ് എനിക്ക് അടുപ്പമുണ്ടായിരുന്നത്. എന്റെ ചേച്ചി നൂര്‍ജഹാന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ട്. അവരോട് ഞാന്‍ ഒരിക്കലും സംസാരിക്കുകയില്ല. ഇന്നു മനസ്സിലാക്കുന്നു ആരെയും വിശ്വസിക്കരുതെന്ന്. എല്ലാവരും എന്നെ നന്നായി വഞ്ചിച്ചു- ഷക്കീല പറഞ്ഞു. 

മരണം വരെ അമ്മ ഒപ്പമുണ്ടായിരുന്നു. അമ്മ പറയുമായിരുന്നു, അമ്മയ്ക്ക് ഒരുപാട് മക്കളുണ്ട്. അവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്നൊക്കെ. അതുകൊണ്ട് സിനിമ ചെയ്യുകയല്ലാതെ എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു. അമ്മ എന്നെ അഡല്‍റ്റ് സിനിമകള്‍ ചെയ്യാന്‍ നിര്‍ബദ്ധിച്ചിട്ടില്ല. പക്ഷേ, തേടി വരുന്ന ചില സിനിമകള്‍ എനിക്ക് ഇഷ്ടപ്പെടാതെ വന്നപ്പോള്‍ ഞാന്‍ അത് നിരസിച്ചു. അങ്ങനെ ചെയ്യരുതെന്ന് അമ്മ പറഞ്ഞു. അതുകൊണ്ട് വന്ന വേഷങ്ങളെല്ലാം ഞാന്‍ കൈനീട്ടി സ്വീകരിച്ചു.

സിനിമകളില്‍ തന്റെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ച് ചിലര്‍ ചതിച്ചിട്ടുണ്ടെന്നും ഷക്കീല പറഞ്ഞു. പലരും തിരക്കഥ വിവരിക്കുമ്പോള്‍ ഇങ്ങനെ പറയും. ചിത്രത്തില്‍ ഒരു പ്രണയരംഗം മാത്രമേയുള്ളൂ. ബാക്കിയെല്ലാം വികാരനിര്‍ഭരമായ രംഗങ്ങളാണെന്ന്. ഞാന്‍ എല്ലാം അഭിനയിക്കും. എന്നാല്‍ എഡിറ്റിംഗ് ടേബിളില്‍ അവര്‍ പലതും നീക്കം ചെയ്യും, ഒപ്പം കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. 

ഒരു സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ആറ് മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് എനിക്ക് പകരം ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ച കാര്യം അറിഞ്ഞത്. എനിക്കറിയില്ല അവരെന്താണ് സിനിമയില്‍ കാണിച്ചിരിക്കുന്നതെന്ന്. എന്റെ സിനിമകള്‍ കാണാന്‍ വലിയ ജനക്കൂട്ടമാണ് ഒരു കാലത്ത് തിയേറ്ററുകളില്‍ എത്തിയിരുന്നത്. അതുകൊണ്ടു തന്നെ എനിക്ക് ഒരിക്കലും തിയേറ്ററില്‍ പോയി സിനിമ കാണാന്‍ സാധിക്കുമായിരുന്നില്ല. 

ഒരിക്കല്‍ ഞാന്‍ ഒരു ചിത്രത്തില്‍ കന്യസ്ത്രീയുടെ വേഷത്തില്‍ അഭിനയിച്ചു. എന്റെ പ്രതിച്ഛായ ആ സിനിമയ്ക്ക് പ്രശ്‌നമായി. ചിത്രത്തിന്റെ നിര്‍മാതാവിനോട് ഞാന്‍ അത് നേരത്തേ പറഞ്ഞതാണ്. പക്ഷേ ഞാന്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. അതിനെതിരേ പലരും രംഗത്ത് വന്നു. ഷക്കീലയ്ക്ക് എങ്ങനെ കന്യസ്ത്രീയാകാന്‍ കഴിയും എന്നതായിരുന്നു ചോദ്യം. ആ ചിത്രം ഇതുവരെ വെളിച്ചം കണ്ടില്ല.വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ അമ്മ സമ്മതിച്ചില്ലെന്നും ഷക്കീല പറഞ്ഞു. 

എനിക്ക് വിവാഹം ചെയ്യണമെന്നും അമ്മയാകണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. വരുമാനം ഇല്ലാതാകുമോ എന്ന ഭയമായിരുന്നു അതിനു കാരണം. ഞാന്‍ പ്രണയിച്ചിരുന്ന പലരെയും അമ്മയ്ക്ക് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. പക്ഷേ അമ്മ സമ്മതിച്ചില്ല. പതിനഞ്ചാമത്തെ വയസ്സു മുതല്‍ പലരേയും ഞാന്‍ പ്രണയിച്ചു. എന്നാല്‍ ഇനി ഒറ്റയ്ക്ക് ജീവിക്കാമെന്നാണ് തീരുമാനം ഷക്കീല കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com