ഗൂഡാലോചന നടത്തി 21 ലക്ഷം രൂപയുടെ നഷ്ടം വരുത്തി; ഹൃതിക് റോഷനെതിരെ വഞ്ചനാ കേസ് 

നടനും മറ്റുചിലരും ചേര്‍ന്ന് ഗൂഡാലോചന നടത്തി തനിക്ക് 21 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന് കാണിച്ച് സ്റ്റോകിസ്റ്റാണ് പരാതി നല്‍കിയത്.
ഗൂഡാലോചന നടത്തി 21 ലക്ഷം രൂപയുടെ നഷ്ടം വരുത്തി; ഹൃതിക് റോഷനെതിരെ വഞ്ചനാ കേസ് 

ചെന്നൈ:  ബോളിവുഡ് നടന്‍ ഹൃതിക് റോഷനെതിരെ വഞ്ചനാകേസ്. നടനും മറ്റുചിലരും ചേര്‍ന്ന് ഗൂഡാലോചന നടത്തി തനിക്ക് 21 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന് കാണിച്ച് സ്റ്റോകിസ്റ്റാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചെന്നൈയിലെ കൊടുങ്ങയ്യൂര്‍ പൊലീസാണ് നടന്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെ വഞ്ചനാകേസ് രജിസ്റ്റര്‍ ചെയ്തത്.

2014ലാണ് കേസിന് ആസ്പദമായ പരാതി മുരളീധരന്‍ എന്ന സ്റ്റോകിസ്റ്റ് നല്‍കിയത്. ഹൃതിക് റോഷന്റെ ചുരുക്കപേരായ എച്ച്ആര്‍എക്‌സ് എന്ന ബ്രാന്‍ഡ് നാമത്തില്‍ ഉല്‍പ്പനങ്ങള്‍ വില്‍പ്പന നടത്തുന്നതിന് ഗുര്‍ഗാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി തന്നെ സ്റ്റോകിസ്റ്റായി നിയോഗിച്ചതായി മുരളീധരനെ പരാതിയില്‍ പറയുന്നു. ഹൃതിക് റോഷനായിരുന്നു ഇതിന്റെ പ്രചാരകന്‍.

ഹൃതിക് റോഷനും കൂട്ടാളികളും ചേര്‍ന്ന് ഗൂഡാലോചന നടത്തി തനിക്ക് 21 ലക്ഷത്തിന്റെ നഷ്ടം വരുത്തിയെന്നതാണ് കേസിന് ആധാരമായ സംഭവം. പതിവായി ഉല്‍പ്പനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കമ്പനിയും പരാജയപ്പെട്ടു. തന്റെ അറിവില്ലാതെ തന്നെ മാര്‍ക്കറ്റിങ് ടീമിനെ പിരിച്ചുവിട്ടുവെന്നും മുരളീധരന്റെ പരാതിയില്‍ ആരോപിക്കുന്നു.

വില്‍പ്പന തടസപ്പെട്ടതോടെ ഉല്‍പ്പനങ്ങള്‍ കെട്ടികിടക്കുന്ന അവസ്ഥയുണ്ടായി. ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന ഉല്‍പ്പനങ്ങള്‍ തിരിച്ച് അയച്ചുവെങ്കിലും അതിന്റെ പണം മടക്കി നല്‍കാന്‍ എതിര്‍കക്ഷികള്‍ തയ്യാറായില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. ഇതിന് പുറമേ ഗോഡൗണ്‍ വാടക, ജീവനക്കാര്‍ക്ക് ശമ്പളം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിങ്ങനെ വിവിധ തലത്തില്‍ 21 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സ്റ്റോകിസ്റ്റിന്റെ പരാതിയില്‍ വിശദീകരിക്കുന്നു.

ഹൃതിക് റോഷന് വക്കീല്‍ നോട്ടീസ് അയച്ചു. എച്ച്ആര്‍എക്‌സ് എന്ന ബ്രാന്‍ഡിന്റെ കീഴില്‍ വരുന്ന ഉല്‍പ്പനങ്ങളില്‍ ചിലത് വ്യത്യസ്ത കമ്പനികളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ മുരളീധരന്റെ നഷ്ടത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് ഹൃതിക് റോഷന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ചുരുക്കം ചില ഉല്‍പ്പനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ മാത്രമാണ് താന്‍ എന്നും ഹൃതിക് റോഷന്‍ പ്രതികരിച്ചതായും റിപ്പോര്‍്ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com