സിനിമയില്‍ സെലക്റ്റീവായാല്‍ വീട്ടില്‍ ഇരിക്കേണ്ടി വരുമെന്ന് നടന്‍ ഇന്ദ്രന്‍സ്. അഭിനയിക്കാനാണ് താല്‍പ്പര്യമെന്നും തന്നെ അഭിനയിക്കാന്‍ വിളിക്കുന്നവരോട് എന്താണ് വേഷം എന്നു പോലും ചോദിക്കാറില്ലെന്നും വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
'സിനിമയില്‍ അഭിനയിക്കാനാണ് ആഗ്രഹം. സെലക്ടീവാകാന്‍ ഞാനില്ല . അങ്ങനെ ചെയ്താല്‍ ഞാന്‍ വീട്ടിലിരിക്കുകയേ ഉള്ളൂ.' ഇന്ദ്രന്‍സ് വ്യക്തമാക്കി. നിരവധി പേര്‍ സിനിമയില്‍ വന്നെന്നും അവരില്‍ പലരും വീട്ടില്‍ ഇരിക്കുന്നത് സെലക്റ്റീവയതുകൊണ്ടാണെന്നും താരം പറയുന്നു. 'എന്നെ അഭിനയിക്കാന്‍ വിളിക്കുന്നവരോട് എന്താണ് വേഷമെന്ന് പോലും ഞാന്‍ ചോദിക്കാറില്ല. കൂടുതല്‍ ദിവസം നില്‍ക്കേണ്ടി വരും എന്ന് പറയുന്നവരോട് എന്താണ് കഥാപാത്രമെന്ന് ചോദിക്കാറുണ്ട്.'
അന്യ ഭാഷ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനോടും ഇന്ദ്രന്‍സിന് താല്‍പ്പര്യമില്ല. അതിനായി ഏതെങ്കിലും മലയാളം ഒഴിവാക്കേണ്ടിവരുമെന്നും അത് തനിക്ക് സഹിക്കാനാവില്ലെന്നുമാണ് ഇന്ദ്രന്‍സ് പറയുന്നത്. 'തമിഴില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നും ഇന്ദ്രന്‍സ് പറയുന്നു. തമിഴില്‍ അഭിനയിക്കാന്‍ പോകണമെങ്കില്‍ മലയാളത്തിലെ ഏതെങ്കിലും ഒരു സിനിമ ഒഴിവാക്കിയേ പറ്റൂ. അതെനിക്ക് സഹിക്കാനാവുന്നതല്ല. എനിക്ക് അറിയാവുന്ന ഭാഷ മലയാളമാണ്. അത് എളുപ്പവുമാണ്. തമിഴാകുമ്പോള്‍ കൂടുതല്‍ ബലം പിടിക്കണം. ഭാഷ വഴങ്ങില്ല. അഭിനയിക്കുന്നതില്‍ ശ്രദ്ധിക്കണം. പക്ഷേ ശങ്കര്‍ സാറിനെപ്പോലെയുള്ള സംവിധായകര്‍ക്കൊപ്പമാണെങ്കില്‍ ഒന്നും നോക്കേണ്ട കാര്യമില്ല .'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ