സിനിമയില്‍ നടീനടന്‍മാര്‍ക്ക് ഇത്ര പ്രാധാന്യം എന്തിന്?: തന്റെ ചിത്രത്തിലെ ടെക്‌നീഷ്യന്‍മാര്‍ക്ക് വേതനം കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് കങ്കണ

ചലച്ചിത്രമേഖലയില്‍ നടീനടന്‍മാര്‍ക്ക് ആവശ്യത്തിലധികം പ്രാധാന്യം ലഭിക്കുന്നുവെന്ന് നടി കങ്കണ റണാവത്.
സിനിമയില്‍ നടീനടന്‍മാര്‍ക്ക് ഇത്ര പ്രാധാന്യം എന്തിന്?: തന്റെ ചിത്രത്തിലെ ടെക്‌നീഷ്യന്‍മാര്‍ക്ക് വേതനം കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് കങ്കണ

ലച്ചിത്രമേഖലയില്‍ നടീനടന്‍മാര്‍ക്ക് ആവശ്യത്തിലധികം പ്രാധാന്യം ലഭിക്കുന്നുവെന്ന് നടി കങ്കണ റണാവത്. തന്റെ പുതിയ ചിത്രമായ 'മണികര്‍ണിക- ദി ക്വീന്‍ ഓഫ് ഝാന്‍സി' എന്ന ചിത്രത്തിന്റെ റിലീസിന് തയാറെടുക്കുകയാണ് താരം. ചിത്രത്തിലെ അണിയറപ്രവര്‍ത്തര്‍ക്കും മറ്റും വേതനം നല്‍കാത്ത സംഭവത്തിനോട് പ്രതികരിക്കുകയായിരുന്നു കങ്കണ.

'മണികര്‍ണിക- ദി ക്വീന്‍ ഓഫ് ഝാന്‍സി' എന്ന ചിത്രം അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. അതേസമയം, ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ചില അണിയറ പ്രവര്‍ത്തകര്‍ക്ക് വേതനം നല്‍കിയില്ല എന്ന് പറയപ്പെടുന്നുണ്ട്. ഒക്ടോബറിന് മുന്‍പ് പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ഇതുവരെയും ആര്‍ക്കും ജോലി ചെയ്തതിന്റെ കൂലി നല്‍കിയിട്ടില്ല. അതുകൊണ്ട് എന്തെങ്കിലും നടപടിക്ക് വേണ്ടി ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ എംപ്ലോയീസിനെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

'ഇത് വളരെ സങ്കടകരമാണ്. ഇത്തരത്തിലുള്ള പ്രവണതകളെ ഞാന്‍ എപ്പോഴും എതിര്‍ക്കുന്നു. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയും ടെക്‌നീഷന്‍മാരെയും വിലകുറച്ച് കാണുന്ന ഒരു രീതി ഇന്നും നിലനില്‍ക്കുന്നുണ്ട്. നടീനടന്‍മാര്‍ക്ക് മാത്രം അനാവശ്യ പരിഗണനയും പ്രാധാന്യവും ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ എനിക്കൊരു ടെക്‌നീഷ്യനാകണം'- കങ്കണ പറഞ്ഞു.

'അവരെ താഴ്ത്തിക്കെട്ടുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഞാന്‍ സംവിധാനത്തിലേക്കും എഴുത്തിലേക്കും സജീവമാവുകയാണെങ്കില്‍ ചലച്ചിത്രമേഖലയിലെ ഹീറോസ് ഇവരായിരിക്കും'- കങ്കണ പറയുന്നു. 

ഈ വിഷയവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ പ്രോ ലോഞ്ച് ഉള്‍പ്പെടെയുള്ള പ്രീ പ്രമോഷന്‍ പരിപാടികളിലൊന്നും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് കങ്കണ. തൊഴിലാളികളുടെ വേതനം നല്‍കി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഒന്നിലും പങ്കെടുക്കുല്ലെന്നുള്ള ഉറച്ച നിലപാടിലാണ് താനെന്ന് കങ്കണ വ്യക്തമാക്കി. 

രാധാകൃഷ്ണ ജഗര്‍ലമുഡി (കൃഷ്) സംവിധാനം ചെയ്യുന്ന 'മണികര്‍ണിക- ദി ക്വീന്‍ ഓഫ് ഝാന്‍സി' എന്ന ചിത്രത്തില്‍ ഝാന്‍സി റാണിയായാണ് കങ്കണ എത്തുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ 1857ല്‍ നടന്ന ഇന്ത്യന്‍ രാജ്യവിപ്ലവത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തിരക്കഥയൊരുക്കിയ കെ.വി വിജയേന്ദ്ര പ്രസാദിന്റെ രചനയില്‍ പുറത്തിറങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സീ സ്റ്റുഡിയോസ്, കമല്‍ ജെയിന്‍, നിശാന്ത് പിട്ടി എന്നിവര്‍ ചേര്‍ന്നാണ്. ജിഷു സെന്‍ഗുപ്ത, റിച്ചാര്‍ഡ് കീപ്, അതുല്‍ കുല്‍കര്‍ണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com