ബോക്‌സ്ഓഫീസ് കീഴടക്കാന്‍ വീണ്ടുമൊരു ബ്രഹ്മാണ്ഡ ചിത്രം വരുന്നൂ; കോലാര്‍ സ്വര്‍ണഖനിയിലെ പോരാട്ടകഥയുമായി കെജിഎഫ് ; ട്രെയ്‌ലര്‍ വൈറല്‍ ( വീഡിയോ )
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2018 10:58 AM |
Last Updated: 02nd December 2018 10:58 AM | A+A A- |

ബംഗലൂരു : ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കീഴടക്കാന്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമെത്തുന്നു. കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന കെജിഎഫ് (കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ്) എന്ന കന്നഡ ചിത്രമാണ് മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുന്നത്.
കന്നഡയിലെ ഏറ്റവും ഉയര്‍ന്ന നിര്‍മ്മാണചെലവുള്ള ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിയാണ് കെജിഎഫ് വരുന്നത്. 80 കോടിയോളമാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. കന്നഡ ഹിറ്റ് മേക്കര്‍ പ്രശാന്ത് നീലാണ് ചിത്രത്തിന്റെ സംവിധായകന്‍. കന്നഡ റോക്കിംഗ് യൂത്ത് സ്റ്റാര്‍ യഷ് നായകനാകുന്ന ചിത്രം, വിജയ് കിരഗണ്ഡൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മലയാളം ഉള്‍പ്പെടെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ, ഇംഗ്ലീഷ്, ചൈനീസ്, ജപ്പാനീസ് തുടങ്ങിയ വിദേശഭാഷകളിലും ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി. കോലാര്‍ സ്വര്‍ണഖനിയില്‍ നിന്ന് ഉയര്‍ന്നുകേട്ട കഥകളും എഴുത്തുകാരന്റെ ഭാവനയും സമംചേര്‍ത്തുവെച്ച സിനിമയാണിതെന്ന് നായകന്‍ യഷ് പറഞ്ഞു.
നിന്റെ പിറകില്‍ ആയിരംപേരുണ്ടെന്നുള്ള ധൈര്യം മനസ്സിലുണ്ടെങ്കില്‍ നിനക്ക് ഒരു യുദ്ധം ജയിക്കാനാകും. എന്നാല്‍ നീ മുന്നില്‍ നില്‍ക്കുന്നുവെന്ന കാര്യം ആയിരംപേര്‍ക്ക് ധൈര്യം പകര്‍ന്നാല്‍ ഈ ലോകം നീ കീഴടക്കുമെന്ന ഇടിവെട്ട് സംഭാഷണവുമായെത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.