'അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെ' ; അടൂര്‍ഭാസിക്കെതിരെ വെളിപ്പെടുത്തലുമായി ഷീല

ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ രാമു കാര്യാട്ടുമായി തനിക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഭാസി പറഞ്ഞു നടന്നു
'അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെ' ; അടൂര്‍ഭാസിക്കെതിരെ വെളിപ്പെടുത്തലുമായി ഷീല

തിരുവനന്തപുരം: കെപിഎസി ലളിതയ്ക്ക് പിന്നാലെ അടൂര്‍ ഭാസിക്കെതിരെ ആരോപണവുമായി മുതിര്‍ന്ന നടി ഷീലയും രംഗത്ത്. താന്‍ അഭിനയിച്ചുകൊണ്ടിരുന്ന അക്കാലത്ത് മീ ടൂ ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് സ്ത്രീകള്‍ അയാള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നേനെയെന്നായിരുന്നു ഷീല അഭിപ്രായപ്പെട്ടത്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ഷീലയുടെ വെളിപ്പെടുത്തല്‍. 

ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ രാമു കാര്യാട്ടുമായി തനിക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് അടൂര്‍ ഭാസി പറഞ്ഞു നടന്നു. കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ  ഭാസി പറഞ്ഞിരുന്നു. അടൂര്‍ ഭാസിയ്ക്ക് ചിത്രത്തില്‍ വേഷം നല്‍കിയില്ല എന്ന കാരണത്താലാണ് ഇത്തരം പ്രചരണം നടത്തിയത്. 

അടൂര്‍ഭാസിക്കൊപ്പം ഒരുപാട് ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. കോമഡി എന്നു പറഞ്ഞാല്‍ കോമഡിയായിരിക്കണം. ഒരാളെയും വേദനിപ്പിക്കരുത്. അടൂര്‍ ഭാസി വേദനിപ്പിച്ചിട്ടുള്ള കോമഡി ചെയ്യുന്ന ആളാണ്. മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നത് ഞാന്‍ കുറേ കണ്ടിട്ടുണ്ട് അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെ എന്ന്  ഷീല പറഞ്ഞു.

നടി കെ പി സി ലളിത നേരത്തെ അടൂര്‍ ഭാസിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. അടൂര്‍ ഭാസി ഒരു ക്രൂരനായിരുന്നു. ഭാസിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ട് താന്‍ ഒട്ടനേകം സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. അന്ന് ഉണ്ടായിരുന്ന സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ പരാതിപ്പെട്ടിട്ടും അതിന്റെ നേതൃത്വം പരാതി തള്ളിക്കളയുകയായിരുന്നുവെന്നും ലളിത ആരോപിച്ചിരുന്നു. അന്നത്തെ സൂപ്പര്‍താരങ്ങളായ നസീര്‍, ഉമ്മര്‍ എന്നിവര്‍ പോലും അടൂര്‍ ഭാസിക്കെതിരേ ശബ്ദിക്കാന്‍ ധൈര്യപ്പെട്ടില്ലെന്നും ലളിത ആരോപിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com