അഭിനയമികവില്‍ മാത്രമല്ല, സമ്പത്തിന്റെ കാര്യത്തിലും നയന്‍താര ഒന്നാമതാണ്

ഫോബ്‌സ് മാഗസിന്‍ ഈ വര്‍ഷം പുറത്തുവിട്ട 100 പേരുടെ പട്ടികയിലാണ് നയന്‍താരയും ഇടം നേടിയത്.
അഭിനയമികവില്‍ മാത്രമല്ല, സമ്പത്തിന്റെ കാര്യത്തിലും നയന്‍താര ഒന്നാമതാണ്

തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി അലങ്കരിക്കുന്ന താരമാണ് നയന്‍താര. താരത്തിനിപ്പോള്‍ കൈനിറയെ ചിത്രങ്ങളുമാണ്. പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം വന്‍വിജയവും. തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി നയന്‍താരയാണെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. ഇപ്പോള്‍ ഫോബ്‌സ് മാഗസിന്റെ പട്ടികയിലും താരം ഇടംനേടിയിരിക്കുകയാണ്. 

ഫോബ്‌സ് മാഗസിന്‍ ഈ വര്‍ഷം പുറത്തുവിട്ട 100 പേരുടെ പട്ടികയിലാണ് നയന്‍താരയും ഇടം നേടിയത്. സൗത്ത് ഇന്ത്യന്‍ നടിമാരില്‍ ആദ്യമായാണ് ഒരാള്‍ ഫോബ്‌സ് പട്ടികയില്‍ ഇടം പിടിക്കുന്നത്. അഭിനയ മികവിലൂടെ തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താര സമ്പന്നരുടെ പട്ടികയിലും സൗത്ത് ഇന്ത്യന്‍ നടിമാരെ പിന്നിലാക്കി ഒന്നാം സ്ഥാനം കൈയ്യടക്കിയിരുന്നു. 

പട്ടികയില്‍ 69ാം സ്ഥാനത്താണ് നയന്‍താര. 15.17 കോടി രൂപയാണ് നയന്‍താരയുടെ വാര്‍ഷിക വരുമാനം. സല്‍മാന്‍ ഖാന്‍ ആണ് ഒന്നാമത്. ഇത് മൂന്നാം തവണയാണ് സല്‍മാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 253.25 കോടിയാണ് സല്‍മാന്റെ സമ്പാദ്യം. സിനിമ, ടിവി റിയാലിറ്റി ഷോ, പരസ്യം എന്നിവയില്‍നിന്നുമാണ് താരത്തിന്റെ വരുമാനം.

രണ്ടാം സ്ഥാനത്ത് വിരാട് കോഹ്‌ലിയാണ്. 228.09 കോടിയാണ് കോഹ്‌ലിയുടെ സമ്പാദ്യം. അക്ഷയ് കുമാറാണ് മൂന്നാം (185 കോടി) സ്ഥാനത്ത്. ദീപിക പദുക്കോണ്‍ ആണ് നാലാം (112.8 കോടി) സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ദീപിക 11ാം സ്ഥാനത്തായിരുന്നു. എം.എസ്.ധോണി (101.77 കോടി) ആണ് അഞ്ചാം സ്ഥാനത്ത്.

തമിഴകത്തുനിന്നും എആര്‍ റഹ്മാന്‍ (11), രജനീകാന്ത് (14), വിജയ് (26), വിക്രം (29), സൂര്യ (34), വിജയ് സേതുപതി (34), ധനുഷ് (53), കമല്‍ഹാസന്‍ (71) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റുള്ളവര്‍. മലയാളത്തില്‍നിന്നും മമ്മൂട്ടി മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. 18 കോടിയുമായി പട്ടികയില്‍ 49ാം സ്ഥാനത്താണ് മമ്മൂട്ടി.

തമിഴില്‍ നയന്‍സിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങിയ ഇമൈക്ക നൊടികള്‍, കോലമാവ് കോകില എന്നീ രണ്ടു സിനിമകളും സൂപ്പര്‍ ഹിറ്റായിരുന്നു. അജിത്തിന്റെ നായികയായി എത്തുന്ന 'വിശ്വാസം' സിനിമയ്ക്കാണ് ആരാധകര്‍ ഇനി കാത്തിരിക്കുന്നത്. ചിത്രത്തിലെ നയന്‍താരയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് വന്‍വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com