ഇനി ലാഭം നോക്കി മതി റിലീസ്; കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ മേനി നടിക്കലിന് വിട, കര്‍ശന നിയന്ത്രണങ്ങളുമായി സിനിമാ സംഘടനകള്‍ 

നഷ്ടക്കണക്ക് ഉയര്‍ന്നതോടെ സിനിമാ റിലീസിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സിനിമാ സംഘടനകള്‍
ഇനി ലാഭം നോക്കി മതി റിലീസ്; കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ മേനി നടിക്കലിന് വിട, കര്‍ശന നിയന്ത്രണങ്ങളുമായി സിനിമാ സംഘടനകള്‍ 

കൊച്ചി: നഷ്ടക്കണക്ക് ഉയര്‍ന്നതോടെ സിനിമാ റിലീസിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സിനിമാ സംഘടനകള്‍. ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസിനായി സിനിമ എത്തിയെന്ന 'മേനി നടിക്കലിന്' ഈ ഡിസംബറോടെ തിരശീല വീഴും. ഒരു ചിത്രം ഒരു പ്രദേശത്ത് ഒന്നിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയേറ്റര്‍ ഉടമകള്‍ക്ക് ലഭിക്കുന്ന വിഹിതം കുറഞ്ഞതാണ് നിയന്ത്രണങ്ങളിലേക്ക് വഴിവച്ചത്.

കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നി തലത്തില്‍  തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് നിയന്ത്രണം വരും. കോര്‍പറേഷന്‍ മേഖലയില്‍ റിലീസിന് നിയന്ത്രണങ്ങളില്ല.  മുനിസിപ്പാലിറ്റി മേഖലയില്‍ ചിത്രം ഒരു തിയേറ്ററില്‍ മാത്രം. മാള്‍ ഉണ്ടെങ്കില്‍ അവിടെയും റിലീസ് ചെയ്യാം. തിയേറ്ററുടമയ്ക്ക് അതേ മേഖലയില്‍ തന്നെ മറ്റൊരു തിയേറ്റര്‍ കൂടി ആവശ്യമുണ്ടെങ്കില്‍ അവിടെയും നല്‍കാം.പഞ്ചായത്ത് മേഖലയില്‍ ഒരു ചിത്രം ഒരേയൊരു തിയേറ്ററില്‍ മാത്രമേ റീലീസ് ചെയ്യാന്‍ അനുവദിക്കൂ. ലോ ബഡ്ജറ്റ് ചിത്രങ്ങള്‍ ആദ്യ ആഴ്ച 50 തിയേറ്ററുകളില്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സംഘടനകള്‍ നടപ്പാക്കുക. 

റിലീസ് ചിത്രങ്ങള്‍ മാറ്റിനി, ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ എന്നീ ക്രമത്തില്‍ നടത്തണം.ക്രിസ്മസ് റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം 'ഒടിയന്‍' ആകും കേരളത്തില്‍ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനാനുമതി നേടുന്ന അവസാന ചിത്രം.തിയേറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫിയോക്) ആവശ്യപ്രകാരം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (കെ.എഫ്.പി.എ), ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (എഫ്.ഡി.എ) എന്നിവര്‍ ചേര്‍ന്നാണ് തീരുമാനമെടുത്തത്. നിയന്ത്രണങ്ങള്‍ നിരീക്ഷിക്കാനും തീരുമാനങ്ങളെടുക്കാനും മൂന്ന് സംഘടനയിലുമുള്‍പ്പെട്ട 9 അംഗ സമിതിയും രൂപീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com