പാര്‍വതി, ജനങ്ങളില്‍ സ്വാധീനമുള്ള യുവതാരം; ഏറ്റവും സ്വാധീനശക്തിയുള്ളവരുടെ പട്ടികയില്‍ നയന്‍താരയും പാ രഞ്ജിത്തും

പാര്‍വതിയെ കൂടാതെ തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും തമിഴ് സംവിധായകന്‍ പാ രഞ്ജിത്തും ഇടം പിടിച്ചു
പാര്‍വതി, ജനങ്ങളില്‍ സ്വാധീനമുള്ള യുവതാരം; ഏറ്റവും സ്വാധീനശക്തിയുള്ളവരുടെ പട്ടികയില്‍ നയന്‍താരയും പാ രഞ്ജിത്തും

നങ്ങളില്‍ സ്വാധീനമുള്ള യുവാക്കളുടെ പട്ടികയില്‍ മലയാള നടി പാര്‍വതി തിരുവോത്ത്. ജീക്യു മാഗസിന്‍ പുറത്തിറക്കിയ 2018 ലെ ഏറ്റവും സ്വാധീനമുള്ള 50 യുവാക്കളുടെ പട്ടികയിലാണ് പാര്‍വതി സ്ഥാനം പിടിച്ചത്. പാര്‍വതിയെ കൂടാതെ തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും തമിഴ് സംവിധായകന്‍ പാ രഞ്ജിത്തും ഇടം പിടിച്ചു. 

ശക്തമായ കഥാപാത്രങ്ങള്‍ക്കൊപ്പം ശക്തമായ നിലപാടുകള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് പാര്‍വതി. സിനിമയിലും പുറത്തും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ താരം എപ്പോഴും ശ്രമിച്ചിരുന്നു. ഇതുതന്നെയാണ് പട്ടികയില്‍ ഇടംനേടാന്‍ പാര്‍വതിയെ സഹായിച്ചത്. ശക്തമായ പ്രതിഷേധങ്ങള്‍ നേരിട്ടിട്ടും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാര്‍വതി ചെയ്തത്. മലയാള സിനിമയില്‍ വിപ്ലവകരമായ മുന്നേറ്റം നടത്തിയ വിമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ മുന്‍നിര പോരാളി കൂടിയാണ് പാര്‍വതി. 

ദക്ഷിണേന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയിലുള്ള നടിയാണ് നയന്‍താര. പുരുഷ താരങ്ങളെപ്പോലെ തന്റെ ചിത്രങ്ങളെ ഒറ്റയ്ക്ക് നിന്ന് ജയിപ്പിക്കാന്‍ നയന്‍സിനാകും. അടുത്തിടെ പുറത്തുവന്ന ഏറ്റവും പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലും നയന്‍താര ഇടംപിടിച്ചിരുന്നു. 

തന്റെ സിനിമകളിലൂടെ ജാതിപ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന സംവിധായകനാണ് പാ രഞ്ജിത്ത്. ഇതുവരെ പുറത്തിറങ്ങിയ സിനിമകളില്‍ എല്ലാം ജാതിവിവേചനത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ ഇന്ത്യയില്‍ ശക്തമായ ചലനങ്ങളുണ്ടാക്കിയ മീടൂ മൂവ്‌മെന്റിന് നേതൃത്വം നല്‍കിയ മാധ്യമ പ്രവര്‍ത്തക സന്ധ്യ മേനോനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ബോളിവുഡില്‍ നിന്ന് തപ്‌സി പാനു, അയുഷ്മാന്‍ ഖുരാന, മിതാലി പാല്‍ക്കര്‍ എന്നിവരും ഇടംപിടിച്ചു. വിനോദം, കായികം, സാമ്പത്തികം തുടങ്ങിയ മേഖലയില്‍ ശക്തമായ സാന്നിധ്യം ചെലുത്തുന്ന 40 ല്‍ താഴെയുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പട്ടിക തയാറാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com