'സംസ്ഥാനത്ത് ഒരു ഹര്‍ത്താലും ഇല്ല; ലാലേട്ടന്‍ അതുക്കും മേലെ'; നിറഞ്ഞ് കവിഞ്ഞ് ഒടിയന്‍ തീയേറ്ററുകളില്‍

സംസ്ഥാനത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലിനിടയിലും തിയേറ്ററുകള്‍ നിറഞ്ഞുകവിഞ്ഞ് ഒടിയന്റെ ആദ്യപ്രദര്‍ശനങ്ങള്‍
'സംസ്ഥാനത്ത് ഒരു ഹര്‍ത്താലും ഇല്ല; ലാലേട്ടന്‍ അതുക്കും മേലെ'; നിറഞ്ഞ് കവിഞ്ഞ് ഒടിയന്‍ തീയേറ്ററുകളില്‍

കൊച്ചി: സംസ്ഥാനത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലിനിടയിലും തിയേറ്ററുകള്‍ നിറഞ്ഞുകവിഞ്ഞ് ഒടിയന്റെ ആദ്യപ്രദര്‍ശനങ്ങള്‍. കേരളത്തില്‍ മാത്രം 412 തീയേറ്ററുകളിലാണ് ചിത്രം റിലീസിനെത്തിയത്. രാവിലെ നാലരയോടെയാണ് ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം നടന്നത്. വലിയ ആഘോഷമാക്കി മാറ്റിയാണ് മോഹന്‍ലാലിന്റെ ആരാധകര്‍ ചിത്രത്തെ വരവേറ്റത്. ഏഴരയ്ക്കായിരുന്നു രണ്ടാമത്തെ പ്രദര്‍ശനം. അതും നിറഞ്ഞ സദസ്സുകളിലാണ് പ്രദര്‍ശിപ്പിച്ചത്

സംസ്ഥാനത്ത് ഒരു ഹര്‍ത്താലും ഇല്ല. ഹര്‍ത്താല്‍ ഞങ്ങള്‍ക്ക് പ്രശ്‌നവുമില്ല. അതുക്കും മേലെയാണ് ലാലേട്ടന്റെ സിനിമയെന്നായിരുന്നു മോഹന്‍ലാല്‍ ആരാധകരുടെ പ്രതികരണം. പൊടുന്നനെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെയും മോഹന്‍ലാല്‍ ആരാധകര്‍ രംഗത്തെത്തി. ബിജെപിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ കടുത്തപ്രതിഷേധവും തെറിവിളിയുമാണ് ഫാന്‍സുകാര്‍ നടത്തിയത്. അതിനിടെ  ചിത്രത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയെന്ന് ബിജെപി അറിയിച്ചതായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍ പറഞ്ഞു. ഈ ഹര്‍ത്താലില്‍ സന്തോഷിക്കാന്‍ ഒരു വകയുണ്ട് എന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കിലുടെയാണ് വിമല്‍കുമാര്‍ ഇക്കാര്യം അറിയിച്ചത്.

ഈ അവസാന നിമിഷം റിലീസ് മാറ്റിവച്ചാല്‍ അതുണ്ടാക്കുന്ന നഷ്ടം വളരെ ഭീമമായിരിക്കുമെന്നായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പ്രതികരണം. കേരളത്തില്‍ റിലീസ് ചെയ്യാതെ മറ്റ് രാജ്യങ്ങളില്‍ റിലീസ് ചെയ്താല്‍ വ്യാജനടക്കം പ്രചരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരത്തിലൊരു പ്രതിസന്ധി ഘട്ടത്തിലാണ് നാളെ തന്നെ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഇക്കാര്യം ബിജെപി നേതാക്കളുമായി ചര്‍ച്ചചെയ്‌തെന്നും സംവിധായകന്‍ പറയുന്നു. നിസ്സഹായവസ്ഥ പാര്‍ട്ടി നേതാക്കളെ പറഞ്ഞു ധരിപ്പിച്ചിട്ടുണ്ട്. 

ഹര്‍ത്താല്‍ കാരണം റിലീസ് മാറ്റിവയ്ക്കുെമന്ന് പ്രചാരണങ്ങളെ തള്ളിയാണ് അണിയറക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പൈറസി ഭീഷണിയും നിലനില്‍ക്കുന്നുണ്ടെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും സംവിധായകന്‍ വ്യക്തമാക്കി.  

ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ഒടിയന്‍ ലോകമാകമാനം ഒരേ ദിവസം തീയേറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ്.  35 രാജ്യങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. അതിനിടയിലാണ് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാന്‍സുകാരുടെ രോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബിജെപിയുടെ ഫെയ്‌സ്ബുക്ക് പേജ്. ട്രോളുകളും സജീവമായി കഴിഞ്ഞു. തിരുവനന്തപുരത്ത് മാത്രം 139 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് തീരുമാനിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com