സിനിമ പ്രേമികള്‍ തിരുത്തിയ ഹര്‍ത്താലിന്റെ ചരിത്രം; ഒടിയന്‍ തീയറ്ററുകളില്‍, പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആരാധകര്‍ (വിഡിയോ)

സമീപകാലത്ത് ഒരു മലയാളചിത്രത്തിനും ലഭിക്കാത്ത വന്‍ സ്വീകാര്യതയുമായാണ് ഒടിയന്‍ പ്രദര്‍ശനത്തിനെത്തിയത്
സിനിമ പ്രേമികള്‍ തിരുത്തിയ ഹര്‍ത്താലിന്റെ ചരിത്രം; ഒടിയന്‍ തീയറ്ററുകളില്‍, പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആരാധകര്‍ (വിഡിയോ)

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തീയറ്ററുകളിലെത്തി. ആദ്യദിനം തന്നെ ചിത്രം കാണാനായി ആഴ്ചകള്‍ക്ക് മുന്‍പ് ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കിയ വാര്‍ത്തയാണ് ഇന്ന് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍. അപ്രതീക്ഷിതമായി വന്ന ഹര്‍ത്താല്‍ ചിത്രത്തിന്റെ ആവേശം നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയായിരുന്നു ആരാധകര്‍ക്ക്. എന്നാല്‍ ഹര്‍ത്താലിനെ പോലും വെല്ലുവിളിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രത്തെ ആവേശമൊട്ടും കുറയ്ക്കാതെയാണ് ആരാധകര്‍ വരവേറ്റിരിക്കുന്നത്. 

ഇന്ന് പുലര്‍ച്ചെ നാലരയ്ക്കായ്ക്കായിരുന്നു ആദ്യ ഷോ. ഫസ്റ്റ് ഡേ ഫസ്‌റ്റോ ഷോ കാണാനെത്തിയ ആരാധകരുടെ ആവേശം ദൃശ്യങ്ങളില്‍ വ്യക്തമാണ്. പടക്കം പൊട്ടിച്ചും മോഹന്‍ലാലിന്റെ കൂറ്റന്‍ ഫ്‌ലക്‌സില്‍ പാലഭിഷേകം നടത്തിയുമാണ് ആരാധകര്‍ ചിത്രത്തെ വരവേറ്റത്. 'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും ഇത്തവണ ഹര്‍ത്താലിന്റെ ചരിത്രം സിനിമ പ്രേമികള്‍ തിരുത്തും' എന്ന് കുറിച്ചാണ് ആദ്യ ഷോ തുടങ്ങിയ വിവരം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 

സമീപകാലത്ത് ഒരു മലയാളചിത്രത്തിനും ലഭിക്കാത്ത വന്‍ സ്വീകാര്യതയുമായാണ് ഒടിയന്‍ പ്രദര്‍ശനത്തിനെത്തിയത്. ലോകമെമ്പാടുമായി മൂവായിരത്തിയഞ്ഞൂറ് സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇരുന്നൂറ് കോടി ക്ലബ്ബിലെത്തുമെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്ന ചിത്രം റിലീസിന് മുന്‍പുതന്നെ നൂറുകോടി ക്ലബ്ബില്‍ ഇടംനേടി.

സാറ്റലൈറ്റ് റൈറ്റ് ഉള്‍പ്പടെയുള്ളവ വഴി ചിത്രം ഇതുവരെ നൂറുകോടിയിലധികം രൂപ നേടിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് മൂവി ഡേറ്റ ബേസില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഷാറൂഖ് ഖാന്റെ സിറോ അടക്കമുള്ള ചിത്രങ്ങളെ പിന്തള്ളി ഒടിയന്‍ ഒന്നാമതെത്തിയിരുന്നു.

മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ് എന്നിവരുടെയെല്ലാം കരിയര്‍ ബെസ്റ്റ് ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അടിവരയിടുന്ന ചിത്രം മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായാണ് പ്രദര്‍ശനത്തിനെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com