ഒടിയന്‍ വിസ്മയക്കാഴ്ചയെന്ന് സിന്ധു ജോയ്; 'മോശം കമന്റുകള്‍ക്കു പിന്നില്‍ എന്തെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കു മനസിലാവും'

'ഒരുപക്ഷേ, മോഹന്‍ലാലിനെ തോല്‍പ്പിക്കാന്‍, അല്ലെങ്കില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ മുളയിലെ നുള്ളാന്‍, അതുമല്ലെങ്കില്‍ ആരുടെയോ വ്യക്തിപരമായ ചില പകവീട്ടലുകള്‍ക്കായി'
ഒടിയന്‍ വിസ്മയക്കാഴ്ചയെന്ന് സിന്ധു ജോയ്; 'മോശം കമന്റുകള്‍ക്കു പിന്നില്‍ എന്തെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കു മനസിലാവും'

ണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഒടിയന്‍ തീയെറ്ററില്‍ എത്തിയത്. എന്നാല്‍ ആദ്യ ദിവസത്തെ ആദ്യ ഷോ തീരുന്നതിന് മുന്‍പ് തന്നെ ചിത്രത്തിനെക്കുറിച്ച് മോശം റിപ്പോര്‍ട്ടുകള്‍ നിറയാന്‍ തുടങ്ങി. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേയ്‌സ്ബുക്ക് പേജിലാണ് ഏറ്റവും കൂടുതല്‍ നെഗറ്റീവ് കമന്റുകള്‍ കൊണ്ട് നിറഞ്ഞത്. അക്രമണം രൂക്ഷമായതിന് പിന്നാലെ സിനിമ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയാണ് അക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് സംവിധായകനും രംഗത്തെത്തി. ഇപ്പോള്‍ കൂടുതല്‍ പേര്‍ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. 

ഒടിയന് എതിരേ നടക്കുന്ന കാമ്പെയ്ന്‍ ആരുടെയൊക്കെയോ പി ആര്‍ വര്‍ക്കിന്റെ ഭാഗമാണെന്നാണ് സിന്ധു ജോയും ഭര്‍ത്താവ് ശാന്തിമോന്‍ ജേക്കബും പറയുന്നത്. ഇംഗ്ലണ്ടിലാണ് ഇരുവരും ചിത്രം കണ്ടത്. സോഷ്യല്‍ മീഡിയയിലെ പൊങ്കാല കണ്ട് അര്‍ധമനസോടെയാണ് ചിത്രത്തിന് പോയതെന്നും എന്നാല്‍ ചിത്രം മികച്ച അനുഭവമായിരുന്നു എന്നുമാണ് ഇവര്‍ പറയുന്നത്. കേരളത്തില്‍ ഹര്‍ത്താല്‍ ആയതിനാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമായിരിക്കും ചിത്രം കണ്ടിട്ടുണ്ടാവുക. എന്നിട്ടും തുപ്പിയും തൂവിയും തോല്‍പ്പിക്കാന്‍ ചിലര്‍ ഉരുമ്പിട്ടത് ആരെയോ തകര്‍ക്കാനുള്ള ഒളിയുദ്ധമാണെന്നാണ് ഫേയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നത്. 

ഒരുപക്ഷേ, മോഹന്‍ലാലിനെ തോല്‍പ്പിക്കാന്‍, അല്ലെങ്കില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ മുളയിലെ നുള്ളാന്‍, അതുമല്ലെങ്കില്‍ ആരുടെയോ വ്യക്തിപരമായ ചില പകവീട്ടലുകള്‍ക്കായി...അതെന്തുതന്നെയായാലും വല്ലാത്തൊരു നെറികേടായിപ്പോയി' ശാന്തിമോന്‍ കുറിച്ചു. ഒടിയന്‍ നല്ല സിനിമയാണെന്നും ആരുടെയൊക്കെയോ പിആര്‍ വര്‍ക്കിന്റെ ഇരയായി ഒരുകൂട്ടം മനുഷ്യരുടെ ഏറെക്കാലം നീണ്ട അധ്വാനത്തിന്റെ ഫലം ചാപിള്ളയായി പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിന്ധു ജോയും സിനിമയ്‌ക്കെതിരേയുള്ള അക്രമണത്തിനെതിരേ രംഗത്തെത്തി. ദിവസങ്ങള്‍ക്കു മുന്‍പേ ടിക്കറ്റ് എടുത്തു കാത്തിരുന്ന ഞങ്ങളെ ആശങ്കപ്പെടുത്തുന്ന വിധം ആയിരുന്നു ഇന്നലെ രാവിലെ മുതല്‍ ഉള്ള സോഷ്യല്‍ മീഡിയ കമെന്റുകള്‍. സാമൂഹിക മാധ്യമങ്ങളെ എങ്ങനെ നെഗറ്റീവ് ആയി ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണങ്ങള്‍ ആയിരുന്നു അതൊക്കെയും എന്ന് ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ ബോധ്യപ്പെട്ടെന്നും സിന്ധു പറഞ്ഞു. സിനിമ നേരിട്ട് കാണാതെ ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കേണ്ടെന്നാണ് സിന്ധു പറയുന്നത്. 

ശാന്തിമോന്‍ ജേക്കബിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

ഏറെക്കാലം കൂടിയാണ് ഒരു സിനിമ റിലീസ് ചെയ്ത അന്നുതന്നെ കാണുന്നത്; 'ഒടിയന്‍'. 
സോഷ്യല്‍ മീഡിയയിലെ പൊങ്കാല കണ്ട് അര്‍ധമനസോടെയാണ് 15 മൈല്‍ ദൂരെ ഡെര്‍ബിയിലെ ഓഡിയോണ്‍ തിയേറ്ററിലേക്ക് വണ്ടിയോടിച്ചത്. പുറത്ത് സീറോ ഡിഗ്രിയിലാണ് തണുപ്പ്. രാത്രി എട്ടരയുടെ ഷോ കണ്ടു മടങ്ങിയെത്തുന്‌പോള്‍ പാതിരാത്രി കഴിയും. ഇത്രയും ബുദ്ധിട്ടി കാണാന്‍ മാത്രം ഒന്നുമില്ല ഒടിയനില്‍ എന്നായിരുന്നു ഫേസ്ബുക്ക് പാണന്മാര്‍ പാടിത്തിമിര്‍ത്തത്; ആ പാണന്മാരില്‍ ഐഎഎസ് സെലിബ്രിറ്റികള്‍ പോലും ഉണ്ടായിരുന്നുവെന്നതാണ് നേര്! 
നേരത്തെതന്നെ ടിക്കറ്റ് ബുക്ക് ചെയ്തതുകൊണ്ടുമാത്രമാണ് പോകാമെന്നു വച്ചത്. യാതൊരു പ്രതീക്ഷയുമില്ലാതെ കണ്ടുതുടങ്ങിയ ചിത്രം അതിന്റെ സുന്ദരമായ രചനയുടെ, കലര്‍പ്പറ്റ അവതരണത്തിന്റെ, ലാലിന്റെ അസാധാരണമായ അഭിനയമികവിന്റെ പൊലിമയില്‍ അവസാനം വരെ കണ്ടുതീര്‍ത്തു. 
സിന്ധു തെല്ലുറക്കെത്തന്നെ ചോദിച്ചു: 'ഈ സിനിമക്ക് എന്താണ് കുഴപ്പം. എത്ര മനോഹരമായ ചിത്രം!'
തിയേറ്ററിനുപുറത്ത് ആദ്യംകണ്ട പരിചയക്കാരനോടും തിരക്കി: 'ചിത്രം എങ്ങനെയുണ്ട്?'
'ഗംഭീരം' അയാളും പറഞ്ഞു.
കേരളം ഹര്‍ത്താലിന്റെ ഒഴിവുദിനത്തിലായിരുന്നിട്ടും എന്തുകൊണ്ടാവണം സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രത്തെ ഇത്രയേറെ അവമതിക്കാനും തുപ്പിയും തൂവിയും തോല്‍പ്പിക്കാനും ചിലര്‍ ഒരുന്‌പെട്ടത്? ആരെയോ തകര്‍ക്കാനുള്ള ഒരുതരം ഒളിയുദ്ധം സോഷ്യല്‍ മീഡിയയില്‍ നടന്നുവെന്ന് സംശയിക്കാനാണ് എനിക്കിഷ്ടം. ഒരുപക്ഷേ, മോഹന്‍ലാലിനെ തോല്‍പ്പിക്കാന്‍, അല്ലെങ്കില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ മുളയിലെ നുള്ളാന്‍, അതുമല്ലെങ്കില്‍ ആരുടെയോ വ്യക്തിപരമായ ചില പകവീട്ടലുകള്‍ക്കായി...അതെന്തുതന്നെയായാലും വല്ലാത്തൊരു നെറികേടായിപ്പോയി.
മനോരമയിലെ ലീഡര്‍ റൈറ്റര്‍ ഹരികൃഷ്ണനെ എനിക്കറിയാം. അടുത്ത സൗഹൃദം ഒന്നുമല്ലെങ്കിലും ഒരേകാലം കോട്ടയത്ത് പത്രപ്രവര്‍ത്തകരായിരുന്നു ഞങ്ങള്‍ ഇരുവരും. ഹരികൃഷ്ണന്‍ മനോരമയില്‍ എഴുതിയ തേങ്കുറിശ്ശിയിലെ ഒടിയന്മാരുടെ കഥ അതിന്റെ പുതുമകൊണ്ടും ആഖ്യാനത്തിന്റെ മാധുര്യം കൊണ്ടും ആകാംഷയോടെ വായിച്ച ഒരാളാണ് ഞാന്‍. കാലം ഓര്‍മയില്ല; ഞാന്‍ ഇംഗ്ലണ്ടിലേക്ക് പോരുന്നതിനും കുറേക്കാലം മുന്‍പായിരുന്നു അത്. അതേ കൈയടക്കം സിനിമയുടെ തിരക്കഥയിലുണ്ട്. സംവിധാനവും മികവുറ്റതുതന്നെ. 
സിനിമകഴിഞ്ഞു വീട്ടില്‍ വന്നയുടനെ ഞാനിത് കുത്തിക്കുറിക്കുന്നതിനുകാരണം ഇതാണ്; ഒരു നല്ല സിനിമയാണ് 'ഒടിയന്‍'. ആരുടെയൊക്കെയോ 'പിആര്‍' വര്‍ക്കിന്റെ ഇരയായി ഒരുകൂട്ടം മനുഷ്യരുടെ ഏറെക്കാലം നീണ്ട അധ്വാനത്തിന്റെ ഫലം ചാപിള്ളയായി പോകരുത്. സുഹൃത്തുക്കളെ, നിങ്ങള്‍ തീയേറ്ററുകളില്‍ പോകണം; ഈ മികവുറ്റ സിനിമയെ ഹൃദയത്തില്‍ സ്വീകരിക്കണം.

സിന്ധു ജോയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് 

ഇംഗ്ലണ്ടില്‍ വല്ലപ്പോഴും ഒക്കെയേ മലയാളം സിനിമകള്‍ കാണാന്‍ ഉള്ള അവസരം ഉണ്ടാകുകയുള്ളൂ. ഒടിയന്‍ റിലീസ് ചെയുന്ന ആദ്യത്തെ ഷോ തന്നെ കാണണം എന്ന് രണ്ടാളും ഉറപ്പിച്ചിരുന്നു. അവസാനത്തെ ഒടിയന്‌ടെ കഥ പറയുന്ന സിനിമ കാണാന്‍ വല്ലാത്തൊരു ആകാംക്ഷ ഉണ്ടായിരുന്നു താനും . ദിവസങ്ങള്‍ക്കു മുന്‍പേ ടിക്കറ്റ് എടുത്തു കാത്തിരുന്ന ഞങ്ങളെ ആശങ്കപ്പെടുത്തുന്ന വിധം ആയിരുന്നു ഇന്നലെ രാവിലെ മുതല്‍ ഉള്ള സോഷ്യല്‍ മീഡിയ കമെന്റുകള്‍. സാമൂഹിക മാധ്യമങ്ങളെ എങ്ങനെ നെഗറ്റീവ് ആയി ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണങ്ങള്‍ ആയിരുന്നു അതൊക്കെയും എന്ന് ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ ബോധ്യപ്പെട്ടു. ഹര്‍ത്താല്‍ ദിവസം ആയതു കൊണ്ട് വളരെ ചുരുങ്ങിയ ആളുകള്‍ മാത്രമേ ഇന്നലെ ഇത് കണ്ടിരിക്കാന്‍ ഇടയുള്ളൂ താനും. എന്നിട്ടും എങ്ങനെ ആണ് ഈ മോശം കമന്റുകള്‍ എന്നത് സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ചിത്രം കണ്ടിരുന്ന മണിക്കൂറുകള്‍ വളരെ ആസ്വാദ്യകരമായിട്ടാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്.ലാലേട്ടന്‍ തികച്ചും സ്വാഭാവികമായി അഭിനയിച്ചിരിക്കുന്നു. അഭിനയം എന്നല്ല ഓടിയനെ നേരിട്ട് കാണുകയാണോ എന്ന് തോന്നി പോയി.നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന ഇത്തരം മിത്തുകളെ കുറിച്ച് നമ്മള്‍ അറിയേണ്ടതല്ലെ?ആ അര്‍ത്ഥത്തില്‍ ഈ സിനിമ ഒരു വിസ്മയക്കാഴ്ച തന്നെ. ഈ ചിത്രം നേരിട്ട് പോലും കാണാതെ ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയെടുക്കുന്ന അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കേണ്ടതില്ല എന്നതാണ് എന്റെ പക്ഷം. നിങ്ങള്‍ എല്ലാവരും തീര്‍ച്ചയായും ഒടിയന്‍ കാണണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com