'വിമര്‍ശനങ്ങളാണ് എന്നെ ഇന്നും ഇവിടെ നിലനിര്‍ത്തുന്നത്, അവ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്നേ പൊയ്‌പ്പോയേനേ'; എ.ആര്‍ റഹ്മാന്‍

ഞാന്‍ എന്റെ ജോലിയില്‍ ആത്മാര്‍ത്ഥമാണെങ്കില്‍ ഞാന്‍ ശരിയാണ്. എന്നാല്‍ ആത്മാര്‍ത്ഥമല്ലെങ്കില്‍ എന്തുണ്ടായാലും നേരിടേണ്ടി വരും
'വിമര്‍ശനങ്ങളാണ് എന്നെ ഇന്നും ഇവിടെ നിലനിര്‍ത്തുന്നത്, അവ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്നേ പൊയ്‌പ്പോയേനേ'; എ.ആര്‍ റഹ്മാന്‍

മുംബൈ; സംഗീത ലോകത്ത് തന്നെ നിലനിര്‍ത്തുന്നത് വിമര്‍ശനങ്ങളാണെന്ന് സംഗീത ചക്രവര്‍ത്തി എ.ആര്‍ റഹ്മാന്‍. വിമര്‍ശനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് തന്റെ വിജയത്തിനും ഇന്റസ്ട്രിയില്‍ നിലനില്‍ക്കുന്നതിനും കാരണമെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ പാട്ടുകളെക്കുറിച്ചുള്ള ശ്രോതാക്കളുടെ അഭിപ്രായങ്ങളെ കണക്കിലെടുക്കാറുണ്ടെന്നും എന്നാല്‍ കടുത്ത വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നുമാണ് റഹ്മാന്‍ പറയുന്നത്. 

'ചിലസമയങ്ങളില്‍ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കുന്നത് നല്ലതാണ്. ചില വിമര്‍ശനങ്ങള്‍ വിഷം കലര്‍ന്നവയായിരിക്കും, മറ്റു ചിലത് മനോഹരവും കൂടാതെ വളരെ കൃത്യമായ വിമര്‍ശനങ്ങളുമുണ്ടാകാറുണ്ട്. ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുന്നതിനുള്ള ഒരുകാരണം ഇവയാണ്. വിമര്‍ശനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്നേ ഇല്ലാതാകുമായിരുന്നു. നിങ്ങള്‍ തുറന്നു വിമര്‍ശിക്കണം' എ.ആര്‍ റഹ്മാന്‍ പറഞ്ഞു. 

ചിലസമയങ്ങളില്‍ ശ്രോതാക്കള്‍ നമ്മുടെ അധ്യാപകരാകുമെന്നും എന്നാല്‍ ചില വിമര്‍ശനങ്ങള്‍ അത്ര നല്ലതായിരിക്കില്ലെന്നുമാണ് റഹ്മാന്‍ പറയുന്നത്. ഇന്ന് സോഷ്യല്‍ മീഡിയ വളരെ ശക്തമായതിനാല്‍ എല്ലാം നമ്മുടെ മുഖത്തേക്ക് തന്നെ കിട്ടും. എന്നാല്‍ ട്വിറ്ററിലും മറ്റും വരുന്ന കമന്റുകള്‍ താന്‍ വായിച്ച് സ്വയം സമ്മര്‍ദ്ദത്തിലാവാറില്ല. നമ്മള്‍ നമ്മളായി നിന്ന് ഏറ്റവും മികച്ചത് ചെയ്യുകയാണ് വേണ്ടതെന്ന് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ പറഞ്ഞു. 

തന്റെ ജോലി ആത്മാര്‍ത്ഥമായി ചെയ്യുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യമായി അദ്ദേഹം കണക്കാക്കുന്നത്. താന്‍ ഇപ്പോഴും ഇവിടെ നില്‍ക്കുന്നത് സത്യസന്ധത കൊണ്ടാണ്. ഞാന്‍ എന്റെ ജോലിയില്‍ ആത്മാര്‍ത്ഥമാണെങ്കില്‍ ഞാന്‍ ശരിയാണ്. എന്നാല്‍ ആത്മാര്‍ത്ഥമല്ലെങ്കില്‍ എന്തുണ്ടായാലും നേരിടേണ്ടി വരും. ആത്മാര്‍ത്ഥമായി നിന്ന് പരാജയപ്പെടുകയാണെങ്കില്‍ പോലും ഞാന്‍ അതിനെ പ്രചോദനമായിട്ടെടുക്കും. എന്റെ സത്യസന്ധതയാണ് പ്രധാനം. ഞാന്‍ അതിലേക്ക് പൂര്‍ണമായി നല്‍കിയോ ഇല്ലയോ എന്നത്. റഹ്മാന്‍ വ്യക്തമാക്കി. 

സംഗീത സംവിധായകന്‍ എന്ന നിലയില്‍ അവര്‍ക്ക് ആവശ്യമുള്ളതാണ് താന്‍ നല്‍കുന്നതെന്നും അല്ലാതെ അവര്‍ തന്നില്‍ നിന്ന് ആഗ്രഹിക്കുന്നതിനെ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ കാലത്തും ഓരോ ട്രെന്‍ഡുകള്‍ വരുകയും പോവുകയും ചെയ്യും. ഇവയെ മനസിലാക്കി നമ്മുടേതായ രീതിയില്‍ അവതരിപ്പിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com