പ്രഭാസിന്റെ വീട് റവന്യൂവകുപ്പ് പിടിച്ചെടുത്ത് സീല്‍ ചെയ്തു; നടപടിക്കെതിരേ താരം കോടതിയിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2018 11:27 AM  |  

Last Updated: 20th December 2018 11:27 AM  |   A+A-   |  

PRABHAS

 

തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് റവന്യൂ അധികൃതര്‍ പിടിച്ചെടുത്ത് സീല്‍വെച്ചു. സര്‍ക്കാര്‍ ഭൂമിയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത് എന്ന് കാണിച്ചാണ് നടപടി. ഹെദരാബാദിലെ റെയ്ദുര്‍ഗമിലാണ് വീട് സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ അനധികൃതനിര്‍മാണത്തിനെതിരേ റവന്യൂ വകുപ്പ് നേരത്തെ നടപടികള്‍ ആരംഭിച്ചതാണ്. ഇതിന്റെ ഭാഗമായാണ് താരത്തിന്റെ വീടിനും പൂട്ടുവീണത്. എന്നാല്‍ വകുപ്പ് നടപടികള്‍ക്കെതിരേ താരം രംഗത്തെത്തി. 

റവന്യൂ നടപടിക്കെതിരെ താരം ഹൈദരാബാദ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. സര്‍ക്കാരിന്റെ സ്ഥലം കൈയേറിയിട്ടില്ലെന്നും സ്വന്തം പേരിലുള്ള സ്ഥലത്താണ് കെട്ടിടം പണിതതെന്നുമാണ് പ്രഭാസ് പറയുന്നത്. തനിക്ക് ഒരു നോട്ടീസ് പോലും അയക്കാന്‍ അധികൃതര്‍ തയ്യാറായില്ല.  എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് താന്‍ സ്ഥലം വാങ്ങിയതെന്നും പെറ്റീഷനില്‍ പ്രഭാസ് പറഞ്ഞു. 2005-2006 കാലഘട്ടത്തില്‍ ഒരു കോടിയിലേറെ രൂപ കൊടുത്താണ് വാങ്ങിയതെന്നാണ് താരത്തിന്റെ അവകാശ വാദം. 

എന്നാല്‍ പ്രഭാസ് സ്ഥലം കൈപ്പറ്റിയതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ണമായിട്ടില്ലെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. പ്രദേശത്തെ റവന്യൂ നടപടിക്കെതിരേ ഈ പ്രദേശത്തുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഭൂമി സര്‍ക്കാരിന്റെ അധീനതയില്‍ ഉള്ളതാണെന്ന് സുപ്രിംകോടതി മൂന്ന് മാസം മുമ്പ് വിധിക്കുകയായിരുന്നു. ഇതോടെ തുടര്‍ നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ട് പോവുകയായിരുന്നു. ഈ പ്രദേശത്തോട് ചേര്‍ന്നാണ് പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് എന്നാണ് റവന്യു വകുപ്പിന്റെ വാദം.