ഇനി വൈഡ് റിലീസുകള്‍ ഉണ്ടാവില്ല; നിയന്ത്രണം കൊണ്ടുവരാന്‍ ഒരുങ്ങി സിനിമ സംഘടനകള്‍

റിലീസ് ചെയ്യുന്ന കേന്ദ്രങ്ങളിലും ഷോകളുടെ എണ്ണത്തിലും നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം
ഇനി വൈഡ് റിലീസുകള്‍ ഉണ്ടാവില്ല; നിയന്ത്രണം കൊണ്ടുവരാന്‍ ഒരുങ്ങി സിനിമ സംഘടനകള്‍

ലയാളം സിനിമയുടെ റിലീസിന് നിയന്ത്രണം കൊണ്ടുവരാന്‍ ഒരുങ്ങി സിനിമ സംഘടനകള്‍. ഒരു കേന്ദ്രത്തിലെ ഒന്നില്‍ അധികം തീയെറ്ററുകളില്‍ റിലീസ് ചെയ്യുന്ന മലയാളം സിനിമകള്‍ക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്. കൂടുതല്‍ കേന്ദ്രങ്ങളിലെ റിലീസിലൂടെ നിര്‍മാതാക്കള്‍ക്ക് ശരിയായ പ്രതിഫലം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

തീയെറ്ററുകള്‍ക്കോ വിതരണക്കാര്‍ക്കോ കൂടുതല്‍ ലാഭം ലഭിക്കാതെ സിനിമയുടെ കളക്ഷന്‍ വീതിച്ചുപോവുകയാണ് ചെയ്യുന്നത്. മള്‍ട്ടിപ്പിള്‍ തീയെറ്ററില്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ സിനിമയുടെ ദീര്‍ഘകാല പ്രദര്‍ശനത്തെ ബാധിക്കുന്നു. പ്രത്യേകിച്ച് ആദ്യം വലിയ മുന്നേറ്റം നടത്തുന്ന സിനിമകള്‍. ആദ്യ ദിവസങ്ങളിലെ തള്ളിക്കയറ്റത്തിന് ശേഷം ആളുകേറാതാകുമ്പോള്‍ ഷോകളുടെ എണ്ണം വെട്ടിക്കുറക്കുകയോ സിനിമ തന്നെ മാറ്റുകയോ ചെയ്യും. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. 

റിലീസ് ചെയ്യുന്ന കേന്ദ്രങ്ങളിലും ഷോകളുടെ എണ്ണത്തിലും നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് നിയന്ത്രണം കൊണ്ടുവരുന്നത്. പുതുവര്‍ഷം മുതല്‍ ഇത് നടപ്പിലാക്കും. കൂടാതെ ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റ് ആരംഭിക്കാനും പദ്ധതിയുണ്ട്. 

നിലവില്‍ ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങളില്‍ മാളുകളിലേയും റിലീസ് കേന്ദ്രങ്ങളിലേയും ഒന്നില്‍ അധികം തീയെറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. റിലീസ് ചെയ്യുന്ന കേന്ദ്രങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്ന് എക്‌സിബിറ്റേഴ്‌സ് സംഘടനയുടെ സെക്രട്ടറി എം സി ബിബോ പറഞ്ഞു. കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന സിംഗിള്‍ സ്‌ക്രീന്‍ തീയെറ്ററുകളിലും മാളുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. മുനിസിപ്പാലിറ്റികളില്‍ സിംഗിള്‍ തീയെറ്ററിലും മാളുകളിലെ മള്‍ട്ടിപ്ലക്‌സിലുമായിരിക്കും പ്രദര്‍ശനമുണ്ടാവുക. പഞ്ചായത്തില്‍ ഒരു കേന്ദ്രത്തില്‍ മാത്രമായിരിക്കും പ്രദര്‍ശനം.

മുന്‍സിപ്പാലിറ്റിയുടേയും പഞ്ചായത്തിന്റേയും പരിധിയില്‍പ്പെടുന്ന തീയെറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ആദ്യ ദിവസങ്ങൡ മികച്ച പ്രകടനം കാഴ്ചവെച്ചാലെ ഷോകളുടെ എണ്ണം കൂട്ടൂ. അടുത്തിടെ റിലീസ് ചെയ്ത വന്‍ ബജറ്റ് ചിത്രങ്ങളില്‍ നിന്ന് കാര്യമായ കളക്ഷന്‍ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും ബോബി പറഞ്ഞു. ഫിലിം ചേമ്പര്‍ തീരുമാനത്തിന് അംഗീകാരം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിലീസ് സെന്ററുകളുടെ എണ്ണം 50 ആയി ചുരുക്കുന്നത് ചെറിയ സിനിമകള്‍ക്ക് സഹായകമാകുമെന്നാണ് നിര്‍മാതാക്കളുടെ സംഘടന പ്രസിഡന്റ് ജി സുരേഷ്‌കുമാര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com