"ഉമ്മയായി ഉർവശി ചേച്ചി തന്നെ വരണമായിരുന്നു; ഒരു പുതുസംവിധായകന് ഫ്രണ്ട്ലിയായ സെറ്റാണ് ഏറ്റവും വലിയ പിന്തുണ": ജോസ് സെബാസ്റ്റ്യൻ മനസ്സ് തുറക്കുന്നു 

'വളരെ അടുത്ത് പരിചയമുള്ള രണ്ട് സുഹൃത്തുക്കളായാണ് ഉര്‍വശി ചേച്ചിയെയും ടൊവിനോയെയും തോന്നിയത്. സെറ്റില്‍ എല്ലാവരും വളരെ തുറന്ന് പെരുമാറുകയായിരുന്നു'
"ഉമ്മയായി ഉർവശി ചേച്ചി തന്നെ വരണമായിരുന്നു; ഒരു പുതുസംവിധായകന് ഫ്രണ്ട്ലിയായ സെറ്റാണ് ഏറ്റവും വലിയ പിന്തുണ": ജോസ് സെബാസ്റ്റ്യൻ മനസ്സ് തുറക്കുന്നു 

ജോസ് സെബാസ്റ്റിയന്‍ എന്ന കൊച്ചിക്കാരന്‍ വര്‍ഷങ്ങളോളം മനസിലിട്ട് കാച്ചിക്കുറുക്കിയ കഥയാണ് ഇന്ന് മലയാളികള്‍ നെഞ്ചേറ്റിയ ഉമ്മായുടെയും മകന്റേതും. 'എന്റെ ഉമ്മാന്റെ പേര്' എന്ന തന്റെ കന്നി ചിത്രം തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ സംവിധായകന് അതിന്റെ സന്തോഷം മറച്ചുവെക്കാന്‍ കഴിയില്ല. ആദ്യമായി ഒരു സിനിമ ചെയ്യുക, അത് തീയറ്ററിലെത്തിക്കുക, പ്രേക്ഷകര്‍ക്കൊപ്പമിരുന്ന സ്വന്തം സിനിമ കണ്ട് പോസിറ്റീവായ പ്രതികരണം കേള്‍ക്കുക എന്നിങ്ങനെ ഏതൊരു നവസംവിധായകനും കൊതിക്കുന്ന നിമിഷങ്ങളിലൂടെ ജീവിക്കുകയാണ് ജോസ് ഇപ്പോള്‍. 

സിഡ്‌നിയിലെ ഇന്റര്‍നാഷണല്‍ ഫിലിം സ്‌കൂളില്‍ സിനിമ പഠിക്കുന്ന കാലം മുതല്‍ ജോസ് മനസിലിട്ട് ഫ്രെയിം ചെയ്തതാണ് എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയുടെ ആശയം. ബന്ധങ്ങളെക്കുറിച്ചുള്ള കഥകള്‍ കണ്ടെത്താന്‍ ചെറുപ്പം മുതലുള്ള ഇഷ്ടമായിരിക്കാം ആദ്യസിനിമയുടെ കഥയിലേയ്ക്ക് താന്‍ എത്താന്‍ കാരണമെന്നാണ് ജോസ് വിചാരിക്കുന്നത്. മനസ്സിലുള്ള ആശയം സിനിമാക്കഥയായി മാറിയപ്പോള്‍ തന്നെ താന്‍ ഉമ്മായുടെ റോളിലേയ്ക്ക ഉര്‍വശിയെ മനസ്സുകൊണ്ട് കാസ്റ്റ് ചെയ്തിരുന്നുവെന്നും ജോസ് പറയുന്നു.

മലബാറില്‍ നിന്നുള്ള ഹമീദ് എന്ന ചെറുപ്പക്കാരന്‍ തന്റെ ഉമ്മായെ തേടിയിറങ്ങുന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനിടെയുണ്ടാകുന്ന രസകരവും വൈകാരികവുമായ നിമിഷങ്ങളാണ് ചിത്രത്തിന്റെ ജീവന്‍.

രണ്ട് വര്‍ഷം മുമ്പാണ് കഥയുടെ രചന പൂര്‍ത്തിയാക്കിയത്. ഈ സമയത്താണ് ടോവിനോ ഹിറ്റാക്കിയ എന്ന് നിന്റെ മൊയ്തീന്‍ ജോസ് കാണുന്നതും. അപ്പുവായി തന്റെ മുന്‍പില്‍ നില്‍ക്കുന്ന ചെറുപ്പക്കാരന് തന്റെ കഥയിലെ ഹമീദിന്റെ ഛായയില്ലേയെന്ന സംശയമായി സംവിധായകന്. കഥ കേട്ട് ഉര്‍വശിയും ടൊവിനോയും സമ്മതം അറിയിച്ചതോടെ ജോസിന്റെ ആദ്യസിനിമാ സ്വപ്‌നത്തിന് ചിറകുകള്‍ മുളച്ചു. 

കഥയെഴുതി സിനിമ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷത്തോളം സമയമെടുത്തെങ്കിലും ഇക്കാലയളവിനുള്ളില്‍ അഭിനേതാക്കളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കാന്‍ തനിക്ക് കഴിഞ്ഞെന്ന് ജോസ് പറയുന്നു. അതുകൊണ്ടുതന്നെ ചിത്രീകരണവും വളരെ എളുപ്പത്തില്‍ നീങ്ങി. 'എനിക്ക് വളരെ അടുത്ത് പരിചയമുള്ള രണ്ട് സുഹൃത്തുക്കളായാണ് ഉര്‍വശി ചേച്ചിയെയും ടൊവിനോയെയും തോന്നിയത്. സെറ്റില്‍ എല്ലാവരും വളരെ തുറന്ന് പെരുമാറുകയായിരുന്നു. തമാശയും രസകരമായ മുഹൂര്‍ത്തങ്ങളും ഒക്കെയായി വളരെ സുഗമമായ ഒരു സെറ്റായിരുന്നു ചിത്രത്തിന്റേത്' ജോസ് പറയുന്നു. 

'ഹരീഷേട്ടനൊക്കെ (നടന്‍ ഹരീഷ് കണാരന്‍) വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ആളുകളാണ്. സെറ്റില്‍ ചെറിയ തമാശകള്‍ ഒക്കെയായി രസകരമാക്കുന്ന ആളുകളാണ് ഇവരൊക്കെ. അങ്ങനെ ഒരു ടെന്‍ഷന്‍ ഫ്രീ സെറ്റ് ആയിരുന്നു.' പുതിയ സംവിധായകന്‍ എന്ന നിലയ്ക്ക് സീനിയറായ താരങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നത് ഒരു ലേണിങ് എക്‌സ്പീരിയന്‍സ് ആണെന്നാണ് ജോസിന്റെ അഭിപ്രായം. 'ഭാവിയില്‍ സിനിമകള്‍ ചെയ്യുമ്പോള്‍ ഗുണകരമാകുന്ന പല കാര്യങ്ങളും ഈ സിനിമയില്‍ നിന്ന് പഠിക്കാന്‍ കഴിഞ്ഞു', ജോസ് പറയുന്നു. 

 ജോസ് സെബാസ്റ്റ്യൻ, ജോര്‍ഡി
 ജോസ് സെബാസ്റ്റ്യൻ, ജോര്‍ഡി

കോഴിക്കോട്, തലശ്ശേരി, പൊന്നാനി എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. കോളേജില്‍ ജോസിന്റെ സീനിയറായിരുന്ന സ്പാനിഷ് സിനിമാറ്റോഗ്രാഫര്‍ ജോര്‍ഡി പ്ലാനല്‍ ക്ലോസയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. ഭാവിയില്‍ ഒരു പടം ചെയ്യുമ്പോള്‍ ഒന്നിച്ച് ചെയ്യാമെന്ന് പഠനകാലത്ത് പറഞ്ഞിരുന്ന വാക്കുകളാണ് ഇരുവരും ചേര്‍ന്ന് സത്യമാക്കിയത്.

മുന്‍പ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഡബിള്‍ ബാരല്‍' അടക്കമുള്ള മലയാളചിത്രങ്ങളിലും മറാഠി, ഹിന്ദി ചിത്രങ്ങളിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് ജോസ് സെബാസ്റ്റ്യന്‍. സിനിമാപശ്ചാത്തലത്തെക്കാള്‍ കരിയറില്‍ ഗുണം ചെയ്യുന്നത് കഠിനാധ്വാനമാണെന്നാണ് മലയാളത്തിന്റെ ഈ പുതിയ സംവിധായകന് സിനിമാസ്‌നേഹികളോട് പറയാനുള്ളത്. 'സിനിമാ പശ്ചാത്തലം ഉള്ളവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ആരെങ്കിലുമുണ്ടാകും പക്ഷെ അതിനപ്പുറമുള്ളത് നമ്മുടെ കഠിനാദ്ധ്വാനവും പരിശ്രമവും ഒക്കെ തന്നെയാണ് വേണ്ടത്', ജോസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com