ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ക്കെതിരെ കോണ്‍ഗ്രസ്: പ്രത്യേക പ്രദര്‍ശനം നടത്തണം; മാറ്റം വരുത്തിയില്ലെങ്കില്‍ തടയുമെന്ന് മുന്നറിയിപ്പ്

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സ്ഥാനാരോഹണത്തെ പ്രതിപാതിക്കുന്ന ബോളിവുഡ് ചിത്രം 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' ന് എതിരെ കോണ്‍ഗ്രസ് രംഗത്ത്.
ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ക്കെതിരെ കോണ്‍ഗ്രസ്: പ്രത്യേക പ്രദര്‍ശനം നടത്തണം; മാറ്റം വരുത്തിയില്ലെങ്കില്‍ തടയുമെന്ന് മുന്നറിയിപ്പ്

മുംബൈ: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സ്ഥാനാരോഹണത്തെ പ്രതിപാതിക്കുന്ന ബോളിവുഡ് ചിത്രം 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' ന് എതിരെ കോണ്‍ഗ്രസ് രംഗത്ത്. അനുപം ഖേര്‍ നായകനാകുന്ന ചിത്രം വസ്തുതകള്‍ക്ക് വിരുദ്ധമാണ് എന്നാരോപിച്ചാണ് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. മന്‍മോഹന്‍ സിങിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

ചിത്രത്തിന്റെ ട്രൈലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ അരങ്ങേറിയ ആഭ്യന്തര കലഹങ്ങളുടെ ഇരയാണ് മന്‍മോഹന്‍ സിങ് എന്നാണ് ട്രെയിലര്‍ കാണിക്കുന്നത്. ചിത്രം തെറ്റിദ്ധാരണ ജനിപ്പിക്കുന്നുവെന്നും റിലീസിന് മുമ്പ് പ്രത്യേക പ്രദര്‍ശനം നടത്തണം എന്നുമാവശ്യപ്പെട്ട് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. അല്ലെങ്കില്‍ ചിത്രം രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രിന്റെ നിലപാട്. 

തങ്ങളുടെ നേതാക്കള്‍ക്ക് മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ തങ്ങള്‍ മറ്റു വഴികള്‍ സ്വീകരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതക്കള്‍ക്ക് അയച്ച കത്തില്‍ മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സത്യജിത് താമ്പേ പട്ടീല്‍ പറയുന്നു. 

അതേസമയം, പൊളിറ്റിക്കല്‍ ബയോപിക്കുകളുടെ ചരിത്രം മാറ്റിയെഴുതാന്‍ പോകുന്നതാണ് ചിത്രമെന്ന് മന്‍മോഹന്‍ സിങായി എത്തുന്ന അനുപം ഖേര്‍ പറഞ്ഞു. 

വിജയ് ഗുട്ടെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  ജര്‍മന്‍ നടി സൂസന്‍ ബെര്‍നെറ്റ് ആണ് സോണിയാ ഗാന്ധിയുടെ വേഷത്തിലെത്തുന്നത്. അഹാനാ കുമാരാ പ്രിയങ്ക ഗാന്ധിയായും അര്‍ജുന്‍ മാത്തുര്‍ രാഹുല്‍ ഗാന്ധിയായും ചിത്രത്തിലെത്തുന്നു.മന്‍മോഹന്‍ സിങിന്റെ ഭാര്യയായി ദിവ്യ സേത് ഷായും മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവായി അക്ഷയ് ഖന്നയും വേഷമിടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com