ഈ.മ.യൗ റിലീസ് വൈകുന്നതിനുള്ള കാരണം ഇതാണ്... ലിജോ ജോസ് പല്ലിശ്ശേരി പറയുന്നു

ഈ.മ.യൗവിന് ടിക്കറ്റെടുക്കാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകരെ നിരാശരാക്കിക്കൊണ്ട് സിനിമയുടെ റിലീസ് മാറ്റിവെച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിരിക്കുകയാണ്
ഈ.മ.യൗ റിലീസ് വൈകുന്നതിനുള്ള കാരണം ഇതാണ്... ലിജോ ജോസ് പല്ലിശ്ശേരി പറയുന്നു

ഴിഞ്ഞ വര്‍ഷം മലയാള സിനിമലോകം ചര്‍ച്ച ചെയ്ത സിനിമകളില്‍ ഒന്നായിരുന്നു അങ്കമാലി ഡയറീസ്. പൂര്‍ണമായി പുതുമുഖങ്ങളുമായി എത്തിയ ചിത്രം ആരാധകരുടെ മനസ് കീഴടക്കി വലിയ വിജയമാണ് സ്വന്തമാക്കിയത്. ഈ വിജയത്തിന് ഒരു അവകാശി മാത്രമാണുള്ളത്. ലിജോ ജോസ് പല്ലിശ്ശേരി എന്ന ചാലക്കുടിക്കാരന്‍ സംവിധായകന്‍. 

ലിജോ ജോസിന്റേതായി പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. ഇനി ഈ.മ.യൗ വിന്റെ ഊഴമാണ്. ലിജോ ജോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം. എന്നാല്‍ ഈ ചിത്രം വലിയൊരു ചോദ്യ ചിഹ്നമായി നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഈ.മ.യൗവിന് ടിക്കറ്റെടുക്കാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകരെ നിരാശരാക്കിക്കൊണ്ട് സിനിമയുടെ റിലീസ് മാറ്റിവെച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിരിക്കുകയാണ്.

പോസ്റ്ററിലൂടെയും ടീസറിലൂടെയും ആരാധകരെ ആകാംക്ഷയിലേക്ക് തള്ളിവിട്ടതിന് ശേഷമായിരുന്നു ഈ തീരുമാനം. ശരിക്ക് പറഞ്ഞാല്‍ ലിജോ ജോസും പിള്ളേരും പ്രേക്ഷകരെ കൊതിപ്പിച്ചങ്ങ് കടന്നുകളഞ്ഞു. ഈ.മ.യൗ നിറഞ്ഞു നിന്നിരുന്ന പരസ്യബോര്‍ഡുകളില്‍ നിരവധി ചിത്രങ്ങളുടെ പരസ്യങ്ങള്‍ മാറി മാറി വന്നു. എന്നിട്ടും ഈ ചിത്രം നിഗൂഢമായി തുടരുകയാണ്. 

ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ സാങ്കേതികമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇത് അടുത്ത ദിവസത്തേക്ക് മാറ്റി. പിന്നീട് ഈ തീരുമാനവും മാറ്റുകയായിരുന്നു. പ്രിവ്യൂ ഷോ നടത്തി സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം പുറത്തുവന്നതിന് ശേഷമായിരുന്നു ഇത്. എന്നാല്‍ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് സംവിധായകന്‍ പറയുന്നത്.

ഈ.മ.യൗവിന്റെ റിലീസ് അടുത്തൊന്നും ഉണ്ടാവില്ലെന്ന് ലിജോ ജോസ് സമകാലിക മലയാളത്തിനോട് പറഞ്ഞു. റിലീസ് തിയതി തീരുമാനിച്ചിട്ടില്ലെന്നും ജൂണ്‍ ജൂലൈ മാസങ്ങളില്‍ റിലീസുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ചലച്ചിത്ര മേളകളില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. റിലീസ് ചെയ്താല്‍ ചിത്രത്തെ മത്സരവിഭാഗത്തില്‍ എടുക്കില്ലെന്നും അതിനാലാണ് റിലീസ് നീട്ടിവെച്ചിരിക്കുന്നതെന്നും ലിജോ ജോസ് പറഞ്ഞു. 

ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം 18 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കടലോര മേഖലയില്‍ താമസിക്കുന്ന ഒരു ലാറ്റിന്‍ ക്രിസ്റ്റിയന്‍ കുടുംബത്തില്‍ നടക്കുന്ന മരണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദേശീയ പുരസ്‌കാര ജേതാവ് പി.എഫ്. മാത്യൂസ് തിരക്കഥ ഒരുക്കിയ ഈ.മ.യൗ നിര്‍മിച്ചിരിക്കുന്നത് രാജേഷ് ജോര്‍ജ് കുളങ്ങരയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com