ഞരമ്പ് രോഗികളും ആമിയെ പ്രണയിച്ചവരും

കിടപ്പറ രംഗങ്ങളും മാധവിക്കുട്ടിയുടെ എഴുത്തുപോലെ എരിവും പുളിയും പ്രതീക്ഷിച്ച് തിയറ്ററിലേക്ക് പോയവരാണവര്‍
ഞരമ്പ് രോഗികളും ആമിയെ പ്രണയിച്ചവരും


വായനയുടെ ലഹരിപൂത്ത നാളുകളില്‍ പ്രണയിനിയുടെ മുഖമായിരുന്നു മാധവിക്കുട്ടിക്ക്; ജന്മകല്പനയുടെ ഋതുപകര്‍ച്ചയില്‍ രാഗ തീക്ഷ്ണതാല്‍ അവര്‍ മലയാളിയിലേക്ക് ഉരുകിയൊലിച്ചതാണ്. നിലാവ് ചുട്ടുപൊള്ളുന്നതായ് തോന്നിയത് അവരുടെ സായാഹ്ന കാലത്താണ്; മാധവിക്കുട്ടി ഒരു ജീവിതമല്ലായിരുന്നുഅനുഭവമായിരുന്നു. നിഗൂഢ സുന്ദരമായ, ഭ്രമാത്മകമായ ഒരു ചിത്രമായിരുന്നു. അതിനാലാവാം അവര്‍ കമല സുരയ്യയായപ്പോള്‍ പേര് തിരുത്തിയെന്നതിനപ്പുറം മറ്റൊന്നും തോന്നാതിരുന്നത്. ഉടുപ്പു മാറുന്ന ലാഘവത്തോടെ മതം മാറാമെന്ന ആദ്യ പാഠവും അവര്‍ തന്നെയായിരുന്നു. അപ്പോഴും ഉടലാഴങ്ങളില്‍ സ്‌നേഹത്തിന്റെ ലാവാ പ്രവാഹം ആ സിരകളെ ചൂടുപിടിപ്പിച്ചിരുന്നു. 
മാധവിക്കുട്ടിയെ കുറിച്ചൊരു സിനിമ ആവേശത്തോടെ കാത്തിരുന്നിട്ടുണ്ട്. ഒരുപക്ഷെ കമല്‍ ചിന്തിക്കുന്നതിനും മുമ്പു തന്നെ. കമല്‍ 'ആമി' പ്രഖ്യാപിച്ചപ്പോള്‍ കൗതുകം കൂടിവന്നു. അറ്റന്‍ബറോയുടെ 'ഗാന്ധി' പോലെ ലക്ഷണമൊത്ത ബയോപിക് ആവുമെന്ന് പ്രതീക്ഷിച്ചല്ല കമലിന്റെ ആമി കാണാന്‍ പോയത്. നെഗറ്റീവ് കമന്റുകള്‍ വായിച്ചു തന്നെയാണ്. അപൂര്‍വം ചില ഭാഗങ്ങളില്‍ മഞ്ജുവാര്യരും വള്ളുവനാടന്‍ ഭാഷയും മുഴച്ചുനില്‍ക്കുന്നുണ്ടെങ്കിലും, ആദ്യമധ്യാന്തം ആമി, മാധവിക്കുട്ടിയെ വായിച്ചറിഞ്ഞ ഒരാളില്‍ ആ ഫീല്‍ ബാക്കിവെക്കുന്നു. 'മേരി കോം' ആസ്വദിച്ചപോലെ കാണേണ്ട സിനിമയല്ലല്ലോ ആമി. അപൂര്‍ണതകള്‍ അവശേഷിക്കുന്ന ഫ്രെയ്മുകള്‍ ചലച്ചിത്രകാരന്‍ മന:പൂര്‍വം സൃഷ്ടിച്ചതാണെന്ന് വിശ്വസിക്കാന്‍ തന്നെയാണ് എനിക്കിഷ്ടം. കാരണം മാധവിക്കുട്ടി താളഭദ്രമായ ഒരു കാവ്യമായിരുന്നില്ല. ഫാന്റസി ഇടകലര്‍ത്തിയാണ് തന്റെ കഥകളുടെ ക്യാന്‍വാസ് മാധവിക്കുട്ടി ഒരുക്കിയത്. അതില്‍ ഇത്ര ശതമാനം ഭാവന, ഇത്രത്തോളം യാഥാര്‍ത്ഥ്യം എന്നൊക്കെ വ്യവച്ഛേദിക്കുക സാഹസമാണ്. അങ്ങനെ എഴുതിയതിനാലാണ് 'എന്റെ കഥ' പരശതം പ്രകാശവേഗത്തില്‍ പാരായണസമൃദ്ധി കൈവരിച്ചത്. എന്റെ കഥയിലെ പോലെ മിഥ്യയും ബോധ്യവും കലര്‍ന്ന ഒരു കഥാപാത്രമായ് മാത്രം മഞ്ജുവിന്റെ ആമിയെയും കാണുക. 


ആമിയെ കുറിച്ച് രണ്ടുതരം വിമര്‍ശനകരെയാണ് കാണാന്‍ സാധിച്ചത്. സദുദ്ദേശപരമായി 'ഇതല്ല തങ്ങള്‍ മനസ്സില്‍ കണ്ടതെന്ന് പരിഭവിച്ചവരെ മനസ്സിലാക്കാം. കാരണം ആമി എന്ന സെല്ലുലോയ്ഡ് രൂപത്തില്‍ നിന്ന് ്അവര്‍ കൂടുതല്‍ പ്രതീക്ഷിച്ചത് മാധവിക്കുട്ടി എന്ന എഴുത്തുകാരിയോടുള്ള ആരാധനയാലാണ്; പ്രണയത്താലാണ്. അത് പോസിറ്റീവ് വിമര്‍ശനമാണ്. 
രണ്ടാമത്തെ കൂട്ടരാണ് ഏത് സിനിമയ്ക്കുമെന്ന പോലെ ആമിയ്ക്കും ഭീഷണി. കിടപ്പറ രംഗങ്ങളും മാധവിക്കുട്ടിയുടെ എഴുത്തുപോലെ എരിവും പുളിയും പ്രതീക്ഷിച്ച് തിയറ്ററിലേക്ക് പോയവരാണവര്‍; നളിനി ജമീലയുടെ 'ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ' വാങ്ങി, അതില്‍ തങ്ങള്‍ പ്രതീക്ഷിച്ച മസാല ഒന്നുമില്ലെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞ്, പണം പോയ നിരാശയില്‍ ഡി സി ബുക്‌സിലേക്ക് വിളിച്ച് അസഭ്യവര്‍ഷം നടത്തിയ അതേ മനസ്സുള്ളവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയുടെ വാളില്‍ ആമിയെക്കുറിച്ച് ഛര്‍ദ്ദിച്ചുവെക്കുന്നവരിലേറെയും. അത്തരം ഞരമ്പ് രോഗികളുടെ വിമര്‍ശനങ്ങളെ അവഗണിക്കുക. 
ബാലാമണിയമ്മ, മാധവദാസ്, സുലോചന നാലപ്പാട് ഉള്‍പ്പെടെ രൂപഭദ്രമായ കഥാപാത്രങ്ങളാല്‍ സമ്പന്നമാണ് ആമി. മാധവദാസിനെ ഇപ്രകാരം അവതരിപ്പിച്ചതില്‍ എതിരഭിപ്രായം ഉണ്ടാവാം. അത് ചര്‍ച്ച ചെയ്യട്ടെ. മഞ്ജുവിന്റെ വേഷത്തെ ഫാന്‍സി ഡ്രസ് എന്നൊക്കെ വിളിക്കുന്നവര്‍, മാധവിക്കുട്ടിയുടെ വേഷഭൂഷകള്‍ എങ്ങനെയായിരുന്നുവെന്ന് ഒന്ന് ചിന്തിച്ചുനോക്കിയേ. പ്രത്യേകിച്ച് ഭര്‍തൃ വിയോഗ ശേഷമുള്ള മാധവിക്കുട്ടിയെ മഞ്ജു ഹൃദയഹാരിയാക്കുന്നു. വാര്‍ദ്ധക്യത്തിലായിരുന്നു മാധവിക്കുട്ടിക്ക് കൂടുതല്‍ ഭംഗി!


മതത്തിന്റെ വേലിക്കെട്ടാണ്, അസ്വാതന്ത്ര്യമാണ് ആമിയെന്ന പ്രണയ നദിയുടെ ഒഴുക്കിന് വിഘ്‌നമായത്. ആമിയെ സംബന്ധിച്ച് മതം കൈവള അഴിക്കുന്നപോലെ ആയാസരഹിതമായ പക്രിയയായിരുന്നു. പക്ഷെ ലോകം അവര്‍ പ്രതീക്ഷിച്ച പോലെ സുന്ദരമല്ലായിരുന്നു. ആ വീര്‍പ്പ്മുട്ടല്‍, പുന്നയൂര്‍കുളത്തിന്റെ പേരില്‍ ഹൈന്ദവ വര്‍ഗീയവാദികള്‍ ഉയര്‍ത്തിയ ഭീഷണി എല്ലാം ആമിയെ അതിവേഗം മരണത്തിലേക്ക് കൂട്ടികൊണ്ടുപോയി. ചിത്രത്തിന്റെ അവസാന രംഗങ്ങളില്‍ ആമി ശരിക്കും നൊമ്പരക്കാഴ്ചയായി. 
ഓ കൃഷ്ണാ ഞാന്‍ ഉരുകുകയാണ്....നീയല്ലാതെ മറ്റൊന്നും എന്നില്‍ ശേഷിക്കുന്നില്ലെന്ന് എഴുതിയവള്‍ക്ക് അന്ത്യശ്വാസം വരെ കാമുകനാണ് കൃഷ്ണന്‍. ടോവിനോയുടെ കാല്പനിക കടാക്ഷങ്ങള്‍ അവളെ വീണ്ടും വീണ്ടും ജീവിപ്പിക്കുന്നു. 
'നിന്റെ മതമേതാണ് കൃഷ്ണാ ' എന്ന് സുരയ്യ നിഷ്‌കളങ്കമായ് ചോദിക്കുന്നുണ്ട്. 
ശ്രീകൃഷ്ണനെ പോലും മതം മാറ്റാന്‍ ശക്തിയുള്ള കാമുകിയെ സത്യസന്ധമായ് അവതരിപ്പിക്കാന്‍ കമലിന് സാധിച്ചു. 'എന്റ കഥ'മാത്രമല്ല, മെരിലി വീസ്‌ബോഡിന്റെ ' The Love-Queen of Malabar ' ഉള്‍പ്പെടെ സംവിധായകന്‍ അവലംബിച്ചിട്ടുണ്ടാവാം. 
മതംമാറ്റത്തിലേക്ക് നയിച്ച പ്രണയം കൈവിട്ടു പോകാതെ, ആവിഷ്‌കരിക്കാനും കമലിന് കഴിഞ്ഞു. ആ അര്‍ത്ഥത്തില്‍ രാഷ്ട്രീയമായ ശരി കൂടിയാണ് ആമി.

'' I am saint. I am the beloved and the
Bterayed. I have no joys that are not yours, no
Aches which are not yours. I too call myself I...''
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com